കോഴിക്കോട് : 48 മണിക്കൂറിനുള്ളിൽ യു.ഡി.എഫിന് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയുണ്ടാവുമെന്നും ശുഭപ്രതീക്ഷയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും കെ.മുരളീധരൻ. പ്രതിപക്ഷനേതാവും ദേശീയ നേതാക്കളും സൂചിപ്പിച്ച പേലെ മിനിമം 100 സീറ്റുകൾ ലഭിക്കുമെന്ന ഉത്തമവിശ്വാസത്തിലാണ് യു.ഡി.എഫ് മുന്നോട്ട് നീങ്ങുന്നത്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇന്ന് തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചാൽ അത് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ തന്നെ യു.ഡി.എഫിന്‍റെ സ്ഥാനാർഥികൾ രംഗത്ത് വരുമെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.സുധാകരന്‍റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. എല്ലാ പ്രതിസന്ധിയിലും പാർട്ടിക്കൊപ്പം നിന്ന സുധാകരൻ ആ തീരുമാനം എന്തായാലും അത് അംഗീകരിക്കുന്നയാളാണ്. കോൺഗ്രസ് ജനാതിപത്യ പാർട്ടിയായത് കൊണ്ട് തട്ടലും മുട്ടലും ഒക്കെ എല്ലാ സന്ദർഭത്തിലുമുണ്ടാവും. ഇത്തവണ അത് വളരെ കുറവാണ്. ഡൽഹിയിൽ ഇത്തവണ മുറി കിട്ടാനുണ്ട്. സാധാരണ കേരളത്തിൽ ഇലക്ഷൻ എന്ന് പറഞ്ഞാൽ ഡൽഹിയിൽ മുറി കിട്ടാനുണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ അമ്പലപ്പുഴയിലെ ജി.സുധാകരന്‍റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും മൂന്നാമതും പിണറായി വരും എന്ന് പറഞ്ഞതിൽ ജി.സുധാകരനോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ദിവസങ്ങളായി വട്ടിയൂർക്കാവിൽ തന്നെയാണെന്നും 2012 മുതൽ ഇന്ന് വരെ വോട്ട് ആ മണ്ഡലത്തിലാണെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരമാണ് ഉണ്ടാവാറുള്ളത്. പക്ഷേ ഇത്തവണ മുരളീധരനെ തോൽപ്പിക്കുക എന്ന ബി.ജെ.പി അജണ്ഡ വെച്ച് നോക്കുമ്പോൾ യു.ഡി.എഫ്, എൽ.ഡി.എഫ് മത്സരമാകാനാണ് സാധ്യത. എങ്കിലും ആരെയും വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

48 മണിക്കൂറിനുള്ളിൽ യു.ഡി.എഫിന് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയുണ്ടാവും: കെ.മുരളീധരൻ
M
MadhyamamSource Link
about 2 months ago