49,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടർ! പുത്തൻ 'ടി.വി.എസ് ഓർബിറ്റർ വി1' വിപണിയിൽ

49,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടർ! പുത്തൻ 'ടി.വി.എസ് ഓർബിറ്റർ വി1' വിപണിയിൽ

M
MadhyamamSource Link
ഇലക്ട്രിക് വാഹന വിപണിയിൽ ഐ ക്യുബിന് ശേഷം ടി.വി.എസ് അവതരിപ്പിച്ച ഇ.വി സ്കൂട്ടറാണ് ഓർബിറ്റർ. 2025 ഓഗസ്റ്റിലാണ് ഓർബിറ്റർ നിരത്തുകളിൽ എത്തിയത്. ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (ഐ.ഡി.സി) അടിസ്ഥാനമാക്കി ഒറ്റ ചാർജിൽ 158 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന സ്കൂട്ടർ, പ്രധാനമന്ത്രി ഇ-ഡ്രൈവ് സ്കീം അടിസ്ഥാമാക്കി 99,900 രൂപക്ക് (ഡൽഹി, ബെംഗളൂരു) സ്വന്തമാക്കാനുള്ള അവസരവും ടി.വി.എസ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർബിറ്ററിന്റെ പുതിയ വകഭേദമായ 'ഓർബിറ്റർ വി1' കമ്പനി പുറത്തിറക്കുന്നത്. കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചത്. ആകർഷകമായ വില തന്നെയാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണം. 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) പദ്ധതി പ്രകാരം വെറും 49,999 രൂപ (ഡൽഹി എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ഈ സ്കൂട്ടർ സ്വന്തമാക്കാം. ബാറ്ററി ഉൾപ്പെടെ വാങ്ങുകയാണെങ്കിൽ 84,500 രൂപയാണ് വില. 1.8kWh ബാറ്ററി പായ്ക്കാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 86 കിലോമീറ്റർ ഐ.ഡി.സി റേഞ്ച് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 2 മണിക്കൂറും 20 മിനിറ്റും മാത്രം മതി എന്നത് ഓർബിറ്റർ വി1ന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്ക് ബാറ്ററിയുടെ മുഴുവൻ തുകയും ഒന്നിച്ച് നൽകാതെ, പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ വഴി ബാറ്ററി ഉപയോഗിക്കാം. പ്രതിമാസം 862 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. കൂടാതെ, 5 വർഷം അല്ലെങ്കിൽ 70,000 കിലോമീറ്റർ വരെ നീളുന്ന എക്സ്റ്റൻഡഡ് വാറന്റിയും കമ്പനി നൽകുന്നു. യാത്ര ചെയ്യുന്ന ദൂരത്തിന് യാതൊരു പരിധിയുമില്ല എന്നതാണ് സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. നഗരയാത്രകൾ കൂടുതൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടാണ് ഓർബിറ്റർ വി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, ആന്റി-തെഫ്റ്റ് അലേർട്ടുകൾ, ക്രാഷ്/ഫാൾ അലേർട്ടുകൾ, ജിയോ-ഫെൻസിങ് എന്നിവ ലഭ്യമാണ്. കൂടാതെ ഹിൽ-ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ഫംഗ്ഷനോടുകൂടിയ പാർക്കിങ് അസിസ്റ്റ്, ഇക്കോ/പവർ റൈഡിങ് മോഡുകൾ തുടങ്ങിയ സുരക്ഷാ സംവിധാങ്ങളും സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ വിപണിയിലുള്ള ടി.വി.എസ് ഓർബിറ്റർ, ഇനിമുതൽ 'ഓർബിറ്റർ വി2' എന്ന പേരിൽ അറിയപ്പെടും. 1.8kWh ബാറ്ററിയുള്ള വി1, 3.1kWh ബാറ്ററിയുള്ള വി2 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇനി ഓർബിറ്റർ ശ്രേണി ലഭ്യമാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

49,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടർ! പുത്തൻ 'ടി.വി.എസ് ഓർബിറ… | Boolokam