LIVE Iran War ‘അവർ വഴിപോക്കർ മാത്രം, തടസപ്പെടുത്തിയാൽ ശക്തമായി നേരിടും’; ഹോർമുസ് കടലിടുക്കിൽ ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’ ഓൺലൈൻ ഡെസ്ക് Published: May 04, 2026 02:54 AM IST 1 minute Read Link Copied KEY EVENTS യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo: Jim WATSON / AFP) Mail This Article × Follow Us വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച രാവിലെയോടെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു പല കപ്പലുകളിലും ഭക്ഷണസാധനങ്ങൾ തീർന്നുപോകാറായ സാഹചര്യം കണക്കിലെടുത്ത്, അമേരിക്കയുടെയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇറാന്റെയും ഭാഗത്തുനിന്നുള്ള ഒരു മനുഷ്യത്വപരമായ നടപടിയായാണ് ഇതിനെ കാണുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, കപ്പലുകൾ മോചിപ്പിക്കുന്ന നടപടികൾ തടസപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ശക്തമായി നേരിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾ മോചിപ്പിക്കാൻ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഈ കപ്പലുകൾക്കും അവയിലെ ജീവനക്കാർക്കും നിലവിലെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ല. അവർ കേവലം നിഷ്പക്ഷരായ വഴിപോക്കർ മാത്രമാണ്. ഇറാന്റെയും പശ്ചിമേഷ്യയുടെയും അമേരിക്കയുടെയും നന്മയ്ക്കായി, ഈ രാജ്യങ്ങളുടെ കപ്പലുകൾ നിയന്ത്രിത ജലപാതകളിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ ഞങ്ങൾ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവഴി അവർക്ക് തടസ്സമില്ലാതെ തങ്ങളുടെ യാത്ര തുടരാം. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഞാൻ എന്റെ പ്രതിനിധികൾക്ക് നിർദേശം നൽകി. പ്രദേശം സുരക്ഷിതമാകുന്നതുവരെ മടങ്ങിവരില്ലെന്ന് ഈ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ‘പ്രോജക്ട് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം പശ്ചിമേഷ്യൻ സമയം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ഇറാനുമായി എന്റെ പ്രതിനിധികൾ വളരെ ഗുണപരമായ ചർച്ചകൾ നടത്തുന്നുണ്ട്. അത് എല്ലാവർക്കും നല്ലൊരു ഫലമുണ്ടാക്കുമെന്നും എനിക്ക് ബോധ്യമുണ്ട്. തെറ്റൊന്നും ചെയ്യാത്ത രാജ്യങ്ങളെയും കമ്പനികളെയും മനുഷ്യരെയും മോചിപ്പിക്കുക എന്നത് മാത്രമാണ് ഈ കപ്പൽ നീക്കം കൊണ്ട് ഉദേശിക്കുന്നത്. ഇതൊരു വലിയ മാനുഷിക പരിഗണനയാണ്. അമേരിക്കയ്ക്കും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും പുറമെ പ്രത്യേകിച്ച് ഇറാന്റെ കൂടി ഭാഗത്തുനിന്നുള്ള നീക്കമാണിത്. പല കപ്പലുകളിലും ഭക്ഷണവും ജീവനക്കാർക്ക് ആരോഗ്യകരമായി തുടരാൻ ആവശ്യമായ മറ്റ് സാധനങ്ങളും തീർന്നുപോകാറായ അവസ്ഥയിലാണ്. കഴിഞ്ഞ മാസങ്ങളിൽ കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിന്ന എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ഒരു നല്ല ചുവടുവയ്പ്പായി ഇതിനെ കാണാം. ഈ മാനുഷിക നടപടിയിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ, നിർഭാഗ്യവശാൽ അത് ശക്തമായ രീതിയിൽ നേരിടേണ്ടി വരും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. English Summary: Trump Announces Urgent Action for Hormuz Strait Ships: The US President Donald Trump has announced emergency measures to safely extricate ships and their crews stranded in the Strait of Hormuz. This humanitarian effort, dubbed 'Project Freedom', aims to ensure the safe passage of neutral vessels facing critical shortages of supplies. ×

‘അവർ വഴിപോക്കർ മാത്രം, തടസപ്പെടുത്തിയാൽ ശക്തമായി നേരിടും’; ഹോർമുസ് കടലിടുക്കിൽ ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’
M
Manorama OnlineSource Link
about 3 hours ago
