മനോരമ ലേഖകൻ Published: May 05, 2026 01:24 AM IST Updated: May 05, 2026 01:30 AM IST 3 minute Read Link Copied പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലെ കൗണ്ടിങ് സ്റ്റേഷനിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷും വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാമും. ചിത്രം: സിബു ഭുവനേന്ദ്രൻ / മനോരമ Mail This Article × Follow Us അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന, ഇഞ്ചോടിഞ്ചുപോരാട്ടം നടന്ന മണ്ഡലങ്ങൾ ഇവയാണ്. കെ.എൻ.ബാലഗോപാൽ, സെക്രട്ടേറിയറ്റ് (ചിത്രം: മനോരമ) ചവറ What you should read next ചവറയിൽ വിജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്ന കീഴ്‌വഴക്കം തെറ്റിയില്ല. സിറ്റിങ് എംഎൽഎ ഡോ. സുജിത് വിജയൻപിള്ളയെ വൻ വ്യത്യാസത്തിൽ തോൽപിച്ച് ഷിബു ബേബിജോൺ വീണ്ടും ചവറയുടെ എംഎൽഎ ആയതു കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും (2016, 2021) എതിരായ ഘടകങ്ങൾ വിദഗ്ധമായി കോർത്തിണക്കിയതിലൂടെ. തീരദേശത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗം ഭൂരിപക്ഷം കുത്തനെ ഉയർത്തുകയും ചെയ്തു. 2016 മുതൽ നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ആർഎസ്പിയ്ക്കും സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഷിബുവിനും ഈ തിരഞ്ഞെടുപ്പു നിർണായകമായിരുന്നു. കൊട്ടാരക്കര ആദ്യാവസാനം ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ നേരിയ മാർജിനിൽ മന്ത്രി കെ.എൻ ബാലഗോപാൽ കടന്നു കൂടിയപ്പോൾ സിപിഎമ്മിന് ആശ്വാസം. 3 തവണ പാർട്ടി ബാനറിൽ എംഎൽഎ ആയ പി. അയിഷ പോറ്റിയെത്തന്നെ തോൽപിച്ചപ്പോൾ ബാലഗോപാലിനും പാർട്ടിക്കും അതു രാഷ്ട്രീയ വിജയവുമായി. സിപിഎം വിട്ടു കോൺഗ്രസിലെത്തിയ അയിഷ പോറ്റിയെയും കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ ആർ. രശ്മിയെയും നേരിട്ട ബാലഗോപാൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തണലിലാണു വീണ്ടും നിയമസഭയിലേക്കു പോകുന്നത്. കേന്ദ്ര കമ്മിറ്റിയംഗത്തെ ജയിപ്പിച്ചെടുക്കാൻ പാർട്ടി സംവിധാനം ഒറ്റക്കെട്ടായി നിന്നതും തുണയായി. സണ്ണി ജോസഫ് പാലാ കേരള കോൺഗ്രസി(എം) ന്റെ ഹൃദയഭൂമിയായ പാലായിൽ ഇക്കുറിയും പരാജയത്തിന്റെ കണ്ണുനീർ. 5 പതിറ്റാണ്ടിലേറെ പാലായെ നയിച്ച കെ.എം.മാണിയുടെ മരണ ശേഷം 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ എംഎൽഎ ആയ മാണി സി.കാപ്പൻ ഇക്കുറിയും യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് 50,799 വോട്ടുകളോടെ സ്ഥാനം നിലനിർത്തി. കേരള കോൺഗ്രസ് എം സ്ഥാനാർഥി ജോസ് കെ.മാണിക്ക് 47,808 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഷോൺ ജോർജ് 35,304 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തി. 2021 ലെ തിരഞ്ഞെടുപ്പിൽ 15,378 ആയിരുന്നു മാണി സി.കാപ്പന്റെ ഭൂരിപക്ഷം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ഇക്കുറി അത് 2991 ആയി കുറഞ്ഞു. What you should read next കണ്ണൂർ അഞ്ചാം മത്സരത്തിനിറങ്ങിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസിലെ ടി.ഒ.മോഹനനോട് തോറ്റു. ഒന്നും രണ്ടും പിണറായി മന്ത്രിസഭയിലും വിഎസ് മന്ത്രിസഭയിലും മന്ത്രിയായിരുന്നു കടന്നപ്പള്ള കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റാണ്. മുൻപ് ഇരിക്കൂറിലും എടക്കാടും എംഎൽഎയായിരുന്നു. 2 തവണ എംപിയുമായി. പേരാവൂർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടർച്ചയായ നാലാം ജയം നേടിയപ്പോൾ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ പരാജയപ്പെട്ടു. തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടാണു ശൈലജയെ മട്ടന്നൂരിൽ നിന്നു മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതെന്ന അണികളുടെ ആശങ്ക ശരിയെന്നു വന്നു. യുഡിഎഫിന്റെ ആധിപത്യം തകർക്കാൻ ശൈലജയ്ക്കു കഴിഞ്ഞില്ല. 2011 മുതൽ സണ്ണി ജോസഫാണു പേരാവൂരിൽ ജേതാവ്. രാജീവ് ചന്ദ്രശേഖർ. (ഫയൽ ചിത്രം: മനോരമ) പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയായ പാലക്കാട് നിയോജകമണ്ഡലത്തിൽ സിനിമാക്കാരൻ എന്ന ഇമേജിൽ നിന്നു മാറി കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കാൻ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കു കഴിഞ്ഞു. ശോഭ സുരേന്ദ്രനിലൂടെ ബിജെപി അട്ടിമറി വിജയം പ്രതീക്ഷിച്ചെങ്കിലും അഞ്ചക്ക ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചു. പ്രചാരണത്തിനിടെ ബിജെപി കൗൺസിലർ രമേഷ് പിഷാരടിയെ തടഞ്ഞതും എൻഡിഎ വോട്ടിനു പണം നൽകിയെന്ന ആരോപണവും വലിയ ചർച്ചയായി. വ്യവസായിയായ എൻ.എം.ആർ.റസാഖിനെ അവതരിപ്പിച്ചതു വഴി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തുടർന്നു. തൃത്താല കഴിഞ്ഞ തവണത്തെ പരാജയത്തിൽ പാഠം ഉൾക്കൊണ്ട് 5 വർഷമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചതാണു കോൺഗ്രസിലെ വി.ടി.ബൽറാമിന്റെ വിജയരഹസ്യം. ‘സമൂഹമാധ്യമങ്ങളിലെ എംഎൽഎ’ എന്ന പേരാണ് കഴിഞ്ഞ തവണത്തെ പരാജയത്തിനു കാരണമെന്നു തിരിച്ചറിഞ്ഞു താഴെത്തട്ടിൽ പ്രവർത്തിച്ചു. ‘അൻപോടെ തൃത്താല’ എന്നതടക്കം ഒട്ടേറെ വികസനപ്രവർത്തനങ്ങൾ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നെങ്കിലും ജനങ്ങളുമായി അടുത്തിടപഴകിയില്ലെന്ന വിമർശനം ഉയർന്നു. അവസാനഘട്ടത്തിൽ അതിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും പാളി. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ഊർജം ഉൾക്കൊണ്ടു മണ്ഡലത്തിൽ യുഡിഎഫ് ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ന്യൂനപക്ഷ വോട്ടുകൾ ബൽറാമിനെ തുണച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ വൻ ഇടിവു നേരിട്ട ബിജെപി ഇത്തവണ 15,051 വോട്ടുകൾ നേടി നില മെച്ചപ്പെടുത്തി. ബിജെപി വോട്ടുകൾ ഏകീകരിക്കപ്പെട്ടത് എൽഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി. വി. മുരളീധരൻ. (ചിത്രം: മനോരമ) നേമം ബിജെപി ഏറ്റവും പ്രതീക്ഷ വച്ച മണ്ഡലമായ നേമത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ജയം നേട്ടമായി. കഴിഞ്ഞ തവണ ഇവിടുത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ച മന്ത്രി വി.ശിവൻകുട്ടിയെത്തന്നെ തോൽപ്പിച്ചു വീണ്ടും അക്കൗണ്ട് തുറന്നതോടെ ബിജെപിക്ക് ഇതു മധുര പ്രതികാരവുമായി. ലോക്സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം നടത്തിയ മണ്ഡലത്തിൽ പക്ഷേ സമാന ഭൂരിപക്ഷം ഇത്തവണ നേടാനായില്ല. എങ്കിലും തുടക്കം മുതൽ ചെറിയ ഭൂരിപക്ഷം നിലനിർത്തി ഒരു റൗണ്ടിലും പിന്നിൽ പോകാതെയായിരുന്നു 4978 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയ തീരത്തെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ നേടിയത് 29,730 വോട്ട്. What you should read next ആറന്മുള ശക്തമായ ത്രികോണ മത്സരം നടക്കുമെന്നു കരുതിയ ആറന്മുളയിൽ തകർപ്പൻ വിജയം നേടി യുഡിഎഫ്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി 18,985 വോട്ടിനാണു മന്ത്രി വീണാ ജോർജിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന് 40,000 വോട്ടിലെത്താൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങൾക്ക് പ്രതിപക്ഷം പ്രധാന ആയുധമാക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചകളായിരുന്നു. പോസ്റ്റൽ വോട്ടിന്റെ തുടക്കത്തിലല്ലാതെ ഒരിക്കൽ പോലും ലീഡ് നേടാൻ വീണാ ജോർജിനു കഴിഞ്ഞില്ല. മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും യുഡിഎഫിനാണു ലീഡ്. കഴക്കൂട്ടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു കഴക്കൂട്ടത്ത് ബിജെപിക്കായി വി.മുരളീധരന്റെ അട്ടിമറി ജയം. ഹാട്രിക് ജയം തേടിയിറങ്ങിയ സിപിഎമ്മിലെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ റൗണ്ടുകളിൽ ചെറിയ ഭൂരിപക്ഷത്തിന് മുന്നിലെത്തിയെങ്കിലും അധികം പിന്നിലല്ലാതെ പിടിച്ചുനിന്ന മുരളീധരൻ അവസാന 3 റൗണ്ടുകളിലൂടെ മുന്നിലെത്തി വിജയം കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ തവണ 23,497 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച കടകംപള്ളിക്ക് ഇത്തവണ 428 വോട്ടിന്റെ തോൽവി. ഇത്തവണയും 3–ാം സ്ഥാനത്തായ കോൺഗ്രസിന്റെ ടി.ശരത്ചന്ദ്രപ്രസാദ് നേടിയത് 37,187 വോട്ട്. 2016 ൽ കടകംപള്ളിയോട് ഇവിടെ 7347 വോട്ടിന് പരാജയപ്പെട്ട വി.മുരളീധരൻ അതിനു പകരം വീട്ടിയാണ് തലസ്ഥാന ജില്ലയിൽ ബിജെപിയുടെ രണ്ടാം അക്കൗണ്ട് തുറന്നത്. നിയമസഭ–ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുരളീധരന്റെ കന്നി ജയം. ബേപ്പൂര് സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് സൂനാമിയിൽ ജില്ലയിൽ ഇടതുപക്ഷം കടപുഴകിയപ്പോൾ പിടിച്ചു നിന്നതു ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മാത്രം. ‘പിണറായിസത്തിനും മരുമോനിസത്തിനും എതിരെയുള്ള’ പോരാട്ടമെന്നു പ്രഖ്യാപിച്ച് നിലമ്പൂരിൽ നിന്ന് മാസങ്ങൾക്കു മുൻപേ എത്തി ബേപ്പൂരിൽ പ്രവർത്തനം തുടങ്ങിയിരുന്ന പി.വി.അൻവർ ഒരു ഘട്ടത്തിൽ റിയാസിന്റെ തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു. മന്ത്രിയായിരിക്കെ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കാൻ കഴിഞ്ഞതും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും റിയാസിന്റെ വിജയത്തിന് നിർണായക ഘടകമായി. 2021 ൽ ൽ റിയാസ് നേടിയ 27,000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം 7487 ലേക്ക് കുറയ്ക്കാൻ അൻവറിനു കഴിഞ്ഞു. English Summary: Kerala Assembly elections: Discover the Kerala constituencies where the election race was a nail-biting, neck and neck battle until the very last moment, filled with suspense and intense political drama.

ഇഞ്ചോടിഞ്ചുപോരാട്ടം; ഒടുവിൽ വിജയക്കൊടി പാറിച്ച് ഇവർ
M
Manorama OnlineSource Link
about 3 hours ago