ചെന്നൈ ∙ ടിവികെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ. നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലിലും ടിവികെ വിജയക്കൊടി നാട്ടി. സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറിയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൊളത്തൂരിൽ വൻ പരാജയം ഏറ്റുവാങ്ങി. ചെപ്പോക്–ട്രിപ്ലിക്കേൻ മണ്ഡലത്തിൽ വിജയിച്ച ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഹാർബറിൽ വിജയിച്ച മന്ത്രി പി.കെ.ശേഖർബാബുവും നഗരത്തിൽ സമ്പൂർണ തോൽവി എന്ന നാണക്കേടിൽനിന്നു ഡിഎംകെയെ രക്ഷിച്ചു. 2021ൽ മത്സരിച്ച 15 സീറ്റുകളിലും ഡിഎംകെ ആണ് വിജയിച്ചത്. What you should read next മനംമാറി നഗരം എക്കാലവും ഡിഎംകെക്കൊപ്പം നിന്ന ചെന്നൈ നഗരത്തെയാണു ടിവികെ പോക്കറ്റിലാക്കിയത്. യുവ വോട്ടർമാരും മുതിർന്ന വോട്ടർമാരിൽ ഒരു വിഭാഗവും വിജയ്ക്കു വോട്ട് ചെയ്തതാണു ഡിഎംകെയുടെ കനത്ത പരാജയത്തിനു പ്രധാന കാരണം. വോട്ടെടുപ്പ് ദിനത്തിൽ യുവ വോട്ടർമാർ കൂട്ടത്തോടെ പോളിങ് ബൂത്തിൽ എത്തിയതും മുൻപെങ്ങുമില്ലാത്ത ആവേശവും നഗരത്തിന്റെ മനംമാറുന്നതിന്റെ സൂചന നൽകിയിരുന്നു. വോട്ട് ചെയ്യാൻ വിമുഖത കാണിക്കാറുള്ള ‘അപ്പർ ക്ലാസ്’ വിഭാഗം കൂടുതലായി പിന്തുണച്ചതും ടിവികെയെയാണ്. പതിവിൽ നിന്നു വ്യത്യസ്തമായി അവർ വോട്ട് ചെയ്യാനെത്തിയതും മാറ്റത്തിനാണു വോട്ടെന്ന അഭിപ്രായങ്ങളും ടിവികെയെ വിജയത്തിലെത്തിച്ചു. What you should read next ഡിഎംകെ, അണ്ണാഡിഎംകെ ധ്രുവങ്ങളിൽ നിന്നു മാറി ശക്തമായ നിലപാടുള്ള, ബദൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പാർട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു നഗരവാസികളെന്ന് ഇതോടെ വ്യക്തമായി. സ്റ്റാലിന്റെ പതനം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ് കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ തോൽവി. റെക്കോർഡ് വിജയവുമായി വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനൊരുങ്ങിയ അദ്ദേഹത്തെ പൂർണമായും അമ്പരപ്പിച്ചാണ് ടിവികെ സ്ഥാനാർഥി വി.എസ്.ബാബു വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സ്റ്റാലിന് ലീഡ് നേടാനായില്ലെന്നതു തോൽവിയുടെ ആഘാതം കൂട്ടുന്നു. വികസന നായകനെന്ന വിശേഷണവും മതനിരപേക്ഷതയിലും സമത്വത്തിലുമൂന്നി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തുന്ന നേതാവെന്ന പേരും സ്റ്റാലിനെ എളുപ്പത്തിൽ ജയിപ്പിക്കുമെന്നായിരുന്നു പൊതു വിലയിരുത്തൽ. വിജയം ഉറപ്പെന്ന ധാരണയിൽ മറ്റു മണ്ഡലങ്ങളിലാണു സ്റ്റാലിൻ പ്രചാരണം നടത്തിയത്. പ്രകടന പത്രിക നൽകിയതിനു ശേഷം നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ മറ്റു ജില്ലങ്ങളിലേക്കു നീങ്ങിയ അദ്ദേഹം അവസാന ദിവസം മാത്രമാണു വീണ്ടും മണ്ഡലത്തിലെത്തിയത്. എന്നാൽ ടിവികെയെയും വിജയിനെയും ഗൗരവത്തിലെടുക്കാത്തതിനു വൻവില കൊടുക്കേണ്ടിവന്നു. തൊട്ടടുത്തുള്ള പെരമ്പൂർ മണ്ഡലം തന്നെ വിജയ് മത്സരിക്കാൻ തിരഞ്ഞെടുത്തത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും വ്യക്തമായി. വീണത് പ്രമുഖർ മന്ത്രി എം.സുബ്രഹ്മണ്യൻ, മുൻ അണ്ണാഡിഎംകെ മന്ത്രിമാരായ ഡി.ജയകുമാർ, ഗോകുല ഇന്ദിര, ബി.വളർമതി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷത തമിഴിസൈ സൗന്ദരരാജൻ എന്നിവർ തോറ്റു. നഗരത്തോടു ചേർന്നുള്ള മണ്ഡലങ്ങളിൽ മത്സരിച്ച മന്ത്രിമാരായ ടി.എം.അൻപരശൻ, എസ്.എം.നാസർ എന്നിവർക്കും വിജയിക്കാനായില്ല. മൂകം അണ്ണാ അറിവാലയം ചെന്നൈ ∙ പൊതുവേ തിരക്കും ബഹളവും നിറഞ്ഞ ഡിഎംകെ ആസ്ഥാനം, അപ്രതീക്ഷിത പരാജയത്തെ തുടർന്ന് ശ്മശാന മൂകതയിലേക്ക് കൂപ്പുകുത്തിയ ദിനമായിരുന്നു ഇന്നലെ. തുടർഭരണവും വൻ ഭൂരിപക്ഷവും പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിച്ച് അണ്ണാ അറിവാലയത്തിനു മുന്നിൽ ഒരുക്കിയ പന്തലുകളും നിരത്തിയിട്ട കസേരകളും ആദ്യ ഫലങ്ങൾ പുറത്തുവന്നതോടെ തന്നെ പ്രവർത്തകർ നീക്കി. വൈകിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എത്തിയപ്പോൾ മാത്രമാണ് പാർട്ടി ആസ്ഥാനം വീണ്ടും സജീവമായത്. അങ്ങിങ്ങു തങ്ങിനിന്ന പാർട്ടി പ്രവർത്തകർ സ്റ്റാലിനെത്തിയതോടെ തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും കൈകളുയർത്തിയും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വിജയം പ്രതീക്ഷിച്ച അണ്ണാഡിഎംകെ ക്യാംപിലും ആദ്യ ഫല സൂചനകളോടെ മൂകത പരന്നെങ്കിലും ഡിഎംകെയെക്കാൾ സീറ്റ് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത് നേരിയ ആശ്വാസമായി. എന്നാൽ സമയം ചെല്ലും തോറും ലീഡും ജയ സാധ്യതകളും കുറഞ്ഞതും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്ന് ഉറപ്പായതും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും നിരാശരാക്കി. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനം ഇതോടെ വിജനമായി. ആവേശക്കടലായി പനയൂർ മികച്ച വിജയത്തിന്റെ സൂചനകൾ വന്നതോടെ ടിവികെ നേതാവ് വിജയിന്റെ പനയൂരിലെ വസതിയിലേക്ക് പാർട്ടി പ്രവർത്തകരുടെ ഒഴുക്ക് ആരംഭിച്ചു. ഇതോടെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷയും ഒരുക്കി. വിവിധ മണ്ഡലങ്ങളിൽ പാർട്ടിയുടെ ലീഡ് വിവരം സംബന്ധിച്ച സൂചനകൾ വരാനാരംഭിച്ചതോടെ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഹ്ലാദ നൃത്തം ആരംഭിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസിനും പാടുപെടേണ്ടി വന്നു. വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ, വോട്ടെണ്ണൽ കേന്ദ്രമായ ലൊയോള കോളജിലേക്ക് വിജയ് എത്തുമെന്ന വിവരം പുറത്തുവന്നതോടെ റോഡരികിലും ജനം നിറഞ്ഞു. അഡയാറിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു വിജയ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നീങ്ങിയത്. അഡയാറിലേക്കും ലൊയോള കോളജിലേക്കുമുള്ള യാത്രയിലുടനീളം വാഹനത്തെ പിന്തുടർന്നും പൂക്കൾ വർഷിച്ചും പാർട്ടി പ്രവർത്തകരുടെ വൻ സംഘം അനുഗമിച്ചു. ‘ടിഎൻ 7 സിഎം 2026’ ചെന്നൈ ∙ വിജയിന്റേതായി അവസാനം പുറത്തിറങ്ങിയ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിൽ താരം ഉപയോഗിക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ അന്നു തന്നെ വൻ ചർച്ചയായിരുന്നു. ‘ടിഎൻ 7 സിഎം 2026’ എന്ന നമ്പർ പ്ലേറ്റ് 2026ൽ വിജയ് തന്നെ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നതിന്റെ സൂചനയാണെന്നായിരുന്നു വ്യാഖ്യാനം. അത്തരത്തിലൊരു നമ്പർ വിജയ് മനഃപൂർവമായി ചേർത്തതായിരുന്നു. 2024ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഉൾപ്പെടെ വിജയ് താൻ തന്നെയാണ് അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയെന്ന് പലതരത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുൻപും ശേഷവും വർഷങ്ങളായി നടത്തിയ ഗൃഹപാഠമാണ് ഇപ്പോൾ ഫലം കണ്ടത്. വൻ മരങ്ങളെ കടപുഴക്കി താൻ മുന്നേറുമെന്ന ആത്മവിശ്വാസമായിരുന്നു വിജയിന്റെ ഏറ്റവും വലിയ കരുത്ത്. 17 മന്ത്രിമാർ തോറ്റു ചെന്നൈ ∙ ഭരണമാറ്റത്തിനായി ജനം ആഞ്ഞുകുത്തിയപ്പോൾ സംസ്ഥാനത്ത് പകുതിയിലേറെ മന്ത്രിമാർക്കും തോൽവിയുടെ കയ്പുനീർ. മത്സരിച്ച 32 പേരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കം 17 പേരും തോറ്റു. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ, ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ, റജിസ്ട്രേഷൻ വകുപ്പ് മന്ത്രി പി.മൂർത്തി, പൊതു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി തുടങ്ങിയവരും ഐടി മന്ത്രി പി.ടി.ആർ.പളനിവേൽ ത്യാഗരാജൻ, വ്യവസായ മന്ത്രി ടി.ആർ.ബി.രാജ എന്നിവരും പരാജയപ്പെട്ടു. മുതിർന്ന മന്ത്രിമാരായ കെ.എൻ.നെഹ്റു, ഐ.പെരിയസാമി, ആർ.കെ.പനീർസെൽവം, കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, ഇ.വി.വേലു, തങ്കം തെന്നരസ് തുടങ്ങിയവർ വിജയിച്ചു. English Summary: DMK fortresses crumbled when the TVK storm raged. TVK hoisted the flag of victory in fourteen out of sixteen constituencies in the city. In the state's biggest upset, Chief Minister M.K. Stalin suffered a crushing defeat in Kolathur. Deputy Chief Minister Udhayanidhi Stalin, who won in the Chepauk–Triplicane constituency, and Minister P.K. Sekar Babu, who won in Harbour, saved DMK from the embarrassment of a complete defeat in the city. In 2021, DMK had won all 15 seats they contested.

കണക്കുകൂട്ടലുകൾ തെറ്റി ഡിഎംകെ; ചെന്നൈ നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലും പിടിച്ച് ടിവികെ
M
Manorama OnlineSource Link
about 4 hours ago