Election Results ചരിത്രം കുറിച്ച് ഫാത്തിമ; പേരാമ്പ്രയിൽ ടിപിയെ അട്ടിമറിച്ചു; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ Link Copied ഫാത്തിമ തെഹ്‍ലിയ. ചിത്രം: മനോരമ Mail This Article × Follow Us കോഴിക്കോട് ∙ നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽത്തന്നെ, ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയിൽ അട്ടിമറിച്ച് ചരിത്രജയവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ. അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മിന്നും ജയം. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ എന്ന നേട്ടവും ഇതോടൊപ്പം ഫാത്തിമ തഹ്‌ലിയ കുറിച്ചു. What you should read next രണ്ടു വനിതകളാണ് ഇത്തവണ മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത് – കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയും. ചരിത്രജയം നേടിയതോടെ, ലീഗിനു ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലൊന്നിലും പാർട്ടിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് തഹ്‌ലിയ എത്തുമോ എന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. What you should read next കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്നു കൗൺസിലറായ ഫാത്തിമയെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിയാക്കിയത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു. പേരാമ്പ്രയിൽ കരുത്തനായ ടി.പി.രാമകൃഷ്ണനെത്തന്നെ വീഴ്ത്തിയതോടെ, പുതുതലമുറയുടെ പ്രതിനിധിയായ ഫാത്തിമയ്ക്ക് മന്ത്രിസഭയിലും ഇടം ലഭിക്കുമെന്ന പ്രതീക്ഷയാണ് അണികളിൽ പലർക്കുമുള്ളത്. What you should read next അതേസമയം യുഡിഎഫിലെ അസോഷ്യേറ്റ് അംഗമായ ആർഎംപിയിലെ കെ.കെ.രമ വടകരയിൽ മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം ജയം കുറിച്ചതോടെ രമയ്ക്കു മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ജില്ലയിൽനിന്നു രണ്ടു വനിതാ മന്ത്രിമാർക്ക് സാധ്യത കുറവായതിനാൽ ഫാത്തിമയുടെ മന്ത്രിപദവി സാധ്യത കുറഞ്ഞേക്കാം. 55 വർഷത്തിനിടയിൽ രണ്ടു തവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഫാത്തിമ തഹ്‌ലിയ വിജയക്കൊടി പാറിച്ചത്. 1970ൽ ഡോ.കെ.ജി.അടിയോടിയും 1977ൽ കേരള കോൺഗ്രസിലെ ഡോ. കെ.സി.ജോസഫുമാണ് മുൻപ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥികൾ. 1977ന് ശേഷം യുഡിഎഫിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചുവന്ന പേരാമ്പ്രയിൽ, യുഡിഎഫിൽനിന്നു കേരള കോൺഗ്രസ് (എം) വിട്ടതോടെയാണ് 2021 ൽ മണ്ഡലം മുസ്‌ലിം ലീഗിന്റെ കയ്യിലെത്തിയത്. 2016 ൽ 4,101വോട്ടിനും 2021 ൽ 22,592 വോട്ടിനുമായിരുന്നു ഇവിടെ ടി.പി രാമകൃഷ്ണന്റെ വിജയം. What you should read next ഫാത്തിമ സ്ഥാനാർഥിയായതോടെ സംസ്ഥാനത്തു തന്നെ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളിലൊന്നായി പേരാമ്പ്ര. പ്രചാരണത്തിനിടെ ഫാത്തിമയ്ക്കെതിരെ വന്ന, ‘നമ്മുടെ ഖൗമിലെ കുട്ടി’ എന്ന എൽഡിഎഫ് അനൗൺസ്മെന്റിലെ പ്രയോഗവും ഏറെ വിവാദത്തിന് ഇടയാക്കി. തിരഞ്ഞെടുപ്പിന് ശേഷം പേരാമ്പ്രയിലെ വോട്ടിങ് മെഷിനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും വിവാദത്തിരയുയർത്തി. ഈ സംഭവത്തിൽ, ഡിസിസി അധ്യക്ഷൻ കൂടിയായ കെ.പ്രവീൺകുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഓൺലൈനായി നടത്തിയ തെളിവെടുപ്പിനു ശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കൈക്കൊണ്ടത്. 1999 ഖമറുന്നിസ അൻവറാണ് മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട് – രണ്ട് (ഇന്നത്തെ കോഴിക്കോട് സൗത്ത്) മണ്ഡലത്തിൽ മത്സരിച്ച അവർക്ക് വിജയിക്കാനായില്ല. 2021ൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് വനിതാ ലീഗ് നേതാവായ നൂർബീന റഷീദ് മത്സരിച്ചെങ്കിലും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലിനോട് അവർ പരാജയപ്പെട്ടു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഫാത്തിമ തഹ്‌ലിയയെ കൂടാതെ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജനെയും ലീഗ് സ്ഥാനാർഥിയാക്കിയിരുന്നു. ലീഗിൽ നിന്ന് മത്സരിക്കുന്ന ആദ്യ മുസ്‌ലിം ഇതര വനിത കൂടിയായിരുന്നു ജയന്തി. English Summary: Fathima Thahliya has made history by winning the Perambra constituency in her debut assembly election, defeating CPM veteran T.P. Ramakrishnan. This victory also marks her as the first woman MLA from the Muslim League in the Kerala Legislative Assembly, creating significant anticipation about her potential inclusion in the state cabinet.

ചരിത്രം കുറിച്ച് ഫാത്തിമ; പേരാമ്പ്രയിൽ ടിപിയെ അട്ടിമറിച്ചു; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ
M
Manorama OnlineSource Link
about 3 hours ago
