മനോരമ ലേഖകൻ Published: May 05, 2026 02:02 AM IST 2 minute Read Link Copied പിണറായി വിജയൻ (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ പ്രതിസന്ധിക്കാലത്തു നാടിനെ ചേർത്തു പിടിച്ച മുഖ്യമന്ത്രിയെന്ന പ്രതിഛായയിലാണു 2021ൽ പിണറായി വിജയൻ തിരഞ്ഞെടുപ്പിനെ നേരിട്ടു തുടർഭരണം നേടിയത്. രണ്ടാം ഭരണത്തിൽ പ്രതിഛായ നിലനിർത്താൻ വ്യാപകവും സംഘടിതവുമായ ശ്രമമുണ്ടായെങ്കിലും ‘പ്രതിസന്ധിക്കാലത്തെ നേതാവ്’ പാർട്ടിയെയും മുന്നണിയെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലെത്തിച്ച സ്ഥിതിയാണുണ്ടായത്. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന വിശേഷണം മാറുമോ എന്ന കാര്യമാണ് ഇനിയറിയേണ്ടത്. What you should read next ‘പിണറായി വിജയൻ പിന്നിൽ’ എന്ന സ്ക്രോൾ ഒരു ഘട്ടത്തിലും ചാനലുകളിൽ തെളിയുമെന്ന് സിപിഎമ്മോ എൽഡിഎഫോ കരുതിയിരുന്നില്ല. എന്നാൽ ധർമടത്ത് ആദ്യ 6 റൗണ്ട് വോട്ടെണ്ണിയപ്പോഴും ഞെട്ടലോടെ നേതാക്കൾക്കും അണികൾക്കും ആ കാഴ്ച കാണേണ്ടിവന്നു. പിണറായി വിജയൻ എന്ന ഒരാളെമാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ഇക്കുറി സിപിഎം നടത്തിയത്. പ്രചാരണ ബോർഡുകളിലും പരസ്യങ്ങളിലുമെല്ലാം നിറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം ചിത്രവുമായിരുന്നു. ജയിച്ചാൽ പിണറായിയുടെ മികവായി വിലയിരുത്തപ്പെടുമായിരുന്നു. ആ നിലയ്ക്കു തോൽവിയിലും ആദ്യത്തെ ഉത്തരവാദിത്തം പിണറായിക്കു മേൽ ചാർത്തപ്പെടും. ജയിച്ചാൽ ടീമിന്റെ ട്രോഫി ഏറ്റുവാങ്ങേണ്ട ‘ക്യാപ്റ്റൻ’ തന്നെയാണു തോൽവിയുടെ ആദ്യ പഴിയും കേൾക്കേണ്ടതെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഇപ്പോൾ തന്നെ ഉയർന്നുവന്നിട്ടുണ്ട്. 81 വയസ്സു പിന്നിട്ട പിണറായി വിജയനെ വീണ്ടും ആശ്രയിച്ചപ്പോൾ, മറ്റൊരു നേതാവിനെ മുന്നിൽ നിർത്താനുള്ള ചർച്ച പോലും പാർട്ടിയിലുണ്ടായില്ല. ഇതുവരെ മടിച്ചും പേടിച്ചും മാറിനിന്നവർ ധൈര്യത്തോടെ അഭിപ്രായപ്രകടനത്തിനു മുതിരാം. മുഖ്യമന്ത്രിയെന്ന നിലയ്ക്കു ലഭിച്ച ഇളവുകളോടെയാണു പിണറായി വിജയൻ സിപിഎമ്മിന്റെ ഉപരി കമ്മിറ്റികളിൽ തുടരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇളവിന്റെ ഭാവി നിശ്ചയമില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറാകുമോ എന്നതിലും അനിശ്ചിതത്വമുണ്ട്. ഫലമറിഞ്ഞു; പിന്നാലെ സിഎമ്മിന്റെ ‘വനവാസം’ പിണറായി∙ മൂന്നാമതും ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ 9ന് സ്വന്തം മണ്ഡലത്തിൽ, വീട്ടിൽനിന്ന് 700 മീറ്റർ അകലെയുള്ള പിണറായി കൺവൻഷൻ സെന്ററിൽ പത്രസമ്മേളനം വിളിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ വലിയൊരു സംഘം രാവിലെത്തന്നെ കൺവൻഷൻ സെന്ററിലെത്തിയിരുന്നു. എന്നാൽ, വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ തിരിച്ചടി മനസ്സിലാക്കിയ മുഖ്യമന്ത്രി ഇന്നലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയതേയില്ല. ഇതിനിടെ സിപിഎം പ്രാദേശിക നേതാവ് കൺവൻഷൻ സെന്ററിലെത്തിയപ്പോൾ മുഖ്യമന്ത്രി വരുമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. ‘തോന്നുന്നില്ലെന്നു’ നിർവികാരമായി അദ്ദേഹത്തിന്റെ മറുപടി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൺവൻഷൻ സെന്ററിൽ പിണറായിയുടെ എംഎൽഎ ഓഫിസ് ശൂന്യമായി. എൽഡിഎഫിൽ സിറ്റിങ് എംഎൽഎമാർക്ക് കൂട്ടത്തോൽവി തിരുവനന്തപുരം∙ സർക്കാരിനെതിരെ എന്തുതരം വികാരമുണ്ടായാലും എംഎൽഎമാർക്കു മണ്ഡലത്തിലുള്ള സ്വാധീനം വിജയം കൊണ്ടുവരുമെന്നായിരുന്നു എൽഡിഎഫിന്റെ വിശ്വാസം. തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയിൽ 98ൽനിന്നു 35 സീറ്റിലേക്ക് ഒതുങ്ങിയെങ്കിലും ജയിച്ചവരിൽ 25 പേരും സിറ്റിങ് എംഎൽഎമാരാണ്. യുഡിഎഫ് 32 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിച്ചതിൽ മുഴുവൻ പേരും ജയിച്ചു. ഏറ്റവുമധികം സിറ്റിങ് എംഎൽഎമാരെ കളത്തിലിറക്കിയത് എൽഡിഎഫായിരുന്നു– 75. ഇതിൽ രണ്ടു സ്വതന്ത്രർ ഉൾപ്പെടെ 56 പേർ സിപിഎമ്മിനു വേണ്ടി മത്സരിച്ചു. ഇവരിൽ 21 പേർ ജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ് എന്നീ മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്. സിപിഐ 7 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിച്ചതിൽ 3 മന്ത്രിമാർ ഉൾപ്പെടെ 4 പേർ വിജയം കണ്ടു. മറ്റു ഘടകകക്ഷികളിൽനിന്നായി മത്സരിച്ച 12 സിറ്റിങ് എംഎൽഎമാരും പരാജയപ്പെട്ടു. കോൺഗ്രസ് 19 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിച്ചു. 19 പേരും ജയിച്ചു. ലീഗിന്റെ മത്സരിച്ച 9 സിറ്റിങ് എംഎൽഎമാരും ജയിച്ചപ്പോൾ മറ്റു ഘടകകക്ഷികളിൽനിന്നു മത്സരിച്ച 4 പേരും ജയിച്ചു. English Summary: Kerala assembly elections 2026: In 2021, Pinarayi Vijayan contested the elections with an image of a Chief Minister who embraced the state during times of crisis, and achieved a consecutive term. Although there was a widespread and organized effort to maintain this image during his second term, the situation arose where the 'leader of crisis times' brought the party and the front into an unprecedented crisis.

ട്രോഫിയില്ലാതെ ക്യാപ്റ്റൻ; ചർച്ചയാവുന്നത് പിണറായിയുടെ ഭാവി
M
Manorama OnlineSource Link
about 2 hours ago