LIVE മനോരമ ലേഖകൻ Published: May 04, 2026 12:14 AM IST Updated: May 04, 2026 02:36 AM IST 2 minute Read Link Copied ഫയൽ ചിത്രം: മനോരമ Mail This Article × Follow Us തിരുവനന്തപുരം ∙ ഒരു മാസത്തോളം നീണ്ട ആകാംക്ഷ ഇന്നു തീരും. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. രാവിലെ 8 മുതൽ തപാൽ വോട്ടുകളും 8.30 മുതൽ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്ട്രോങ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്‌ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു What you should read next കക്ഷിനില 2021 ആകെ സീറ്റ്: 140 എൽഡിഎഫ്: 99 യുഡിഎഫ്: 41 ഇതുവരെ 20,028 തപാൽ ബാലറ്റ് സർവീസ് വോട്ടർമാരായുള്ള 53,984 പേരിൽ ഇതുവരെ 20,028 പേർ വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ ലഭിച്ചതായി സിഇഒ അറിയിച്ചു. മേയ് 1 വരെയുള്ള കണക്കാണിത്. ഇന്നു രാവിലെ 8നു മുൻപു ലഭിക്കുന്ന തപാൽ ബാലറ്റുകളും വോട്ടെണ്ണലിനു പരിഗണിക്കും. നേരത്തേ 79.63 ആയിരുന്ന പോളിങ് ശതമാനം തപാൽ ബാലറ്റുകൾ ചേർത്ത് 79.70% ആയി. ഇന്ന് മദ്യവിൽപനയില്ല വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്നു സംസ്ഥാനത്ത് ഡ്രൈ ഡേ. മദ്യവിൽപനശാലകളും ബാറുകളും പ്രവർത്തിക്കില്ല. What you should read next തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന് കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന 6 സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ; സുരക്ഷയ്ക്ക് 32,301 പൊലീസുകാർ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി ഇന്ന് 32,301 പൊലീസുകാരെയാണു വിന്യസിക്കുക. 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെയാണിത്. 15,465 ഉദ്യോഗസ്ഥരെയാണു വോട്ടെണ്ണൽ ജോലിക്കു നിയോഗിക്കുന്നത്. നിരീക്ഷകരെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള സൂക്ഷ്മ നിരീക്ഷകരിൽ പകുതിയിലേറെ പേരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്. 12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ. ഇത്രയും വോട്ടെണ്ണൽ മേശകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) എത്തിച്ച് സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഫലം ഉദ്യോഗസ്ഥർ പരിശോധിച്ച് എഴുതിയെടുത്ത് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും.ഒരു റൗണ്ടിലെ മുഴുവൻ ഫലങ്ങളുടെയും ടാബുലേഷൻ വരണാധികാരികളും നിരീക്ഷകനും പരിശോധിക്കും. കൂടാതെ, ഓരോ റൗണ്ടിലെയും 2 വീതം ഇവിഎം ക്രമത്തിൽ അല്ലാതെ തിരഞ്ഞെടുത്ത് മറ്റൊരു സമാന്തര മേശയിൽ പുനഃപരിശോധനയും നിരീക്ഷകന്റെ നേതൃത്വത്തിൽ നടത്തും. ഇതിൽ തെറ്റു കണ്ടെത്തിയാൽ ആ മേശയിൽ, മുൻപ് എണ്ണിയ മുഴുവൻ ഇവിഎമ്മും പുനഃപരിശോധന നടത്തും. ആവശ്യമെങ്കിൽ ആ റൗണ്ടിലെ മുഴുവൻ കണക്കുകളും പൂർണമായി പുനഃപരിശോധിക്കുകയും ചെയ്യും. കണക്കുകൾ പൂർണമായാൽ, ഡേറ്റ എൻട്രി നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോറിൽ രേഖപ്പെടുത്തുന്നതോടെയാണ് ഒരു റൗണ്ടിന്റെ ഫലപ്രഖ്യാപനം പൂർത്തിയാവുക. ഇങ്ങനെ പരമാവധി 20 റൗണ്ടുകളാണ് ഉണ്ടാവുക. ഒടുവിൽ ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന 5 വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണും. ഇതിന് ഒരു മണിക്കൂർ വേണ്ടി വരും. ഇവിഎമ്മിലും ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടിന്റെ വിവരങ്ങളുള്ള ഫോം 17 സിയിലെയും കണക്കുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ അവയിലെ വിവിപാറ്റുകളും എണ്ണേണ്ടി വരും What you should read next പരാതികളുണ്ടെങ്കിൽ 1950 ൽ അറിയിക്കാം വോട്ടെണ്ണൽ ദിനത്തിൽ അക്രമസംഭവങ്ങളോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ ഉണ്ടെങ്കിൽ കലക്ടർമാർ, വരണാധികാരികൾ എന്നിവരെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടോൾഫ്രീ നമ്പറായ 1950 ലും അറിയിക്കാം. ക്യുആർ കോഡ് പരിശോധിച്ച് പ്രവേശനം വോട്ടെണ്ണൽ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർക്കെല്ലാം ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ആണ് ഇത്തവണ നൽകുന്നത്. മുൻപ് കാസർകോട് മണ്ഡലത്തിൽ നടപ്പാക്കിയ മാതൃകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്നത്. English Summary: Kerala Election Results: Kerala Election Results for the 2026 Assembly elections will be announced today, concluding a month-long wait. Vote counting will commence at 8 AM across 140 centers, with initial indications expected by 9 AM.

തുടർച്ചയോ തിരിച്ചുവരവോ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും; ആദ്യ ഫലസൂചന 9ന്
M
Manorama OnlineSource Link
about 6 hours ago
