ഓണ്‍ലൈൻ ഡെസ്ക് Published: May 03, 2026 09:08 PM IST 1 minute Read Link Copied Representative Image: Shutterstock/By Anelo Mail This Article × Follow Us ജറുസലം∙ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രയേൽ 2024ൽ നടത്തിയ പേജർ ആക്രമണത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേജറുകളാണ് വിവിധയിടങ്ങളിൽ ഒരുമിച്ച് പൊട്ടിത്തെറിച്ചത്. ലോകം അതുവരെ കാണാത്ത ഒന്നായിരുന്നു ആ ആക്രമണം. എന്നാൽ ഹിസ്ബുള്ളയുടെ ഒരു ആയുധം ഇപ്പോൾ ഇസ്രയേലിനും തലവേദനയായിരിക്കുകയാണ്. ∙ ജാം ചെയ്യാൻ കഴിയാത്ത ഡ്രോൺ 'ഫൈബർ-ഓപ്റ്റിക് ക്വാഡ്‌കോപ്റ്റർ ഡ്രോൺ' എന്നാണ് ഈ ആയുധത്തിന്റെ പേര്. ഏതാനും കിലോഗ്രാം മാത്രം ഭാരമുള്ള ഇതിന് അതീവ കൃത്യതയോടെ ആക്രമണം നടത്താനാകും. വയർലെസ് സിഗ്നലുകളെ ആശ്രയിക്കുന്ന സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ഫൈബർ-ഓപ്റ്റിക് ഡ്രോൺ ഒരു കേബിൾ വഴി അതിന്റെ ഓപ്പറേറ്ററുമായി നേരിട്ടാണ് ബന്ധിപ്പിക്കുന്നത്. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതിനാൽ ഇസ്രയേലിന്റെ ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങൾക്ക് ഇതിനെ തടയാനോ കണ്ടെത്താനോ കഴിയില്ല. What you should read next ‘ഈ ഡ്രോണുകൾ കമ്മ്യൂണിക്കേഷൻ ജാമിങിൽനിന്ന് മുക്തമാണ്. ഇലക്ട്രോണിക് സിഗ്നലുകളുടെ അഭാവം കാരണം ഇവ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്താൻ കഴിയില്ല’– ഇസ്രയേലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷനൽ സെക്യൂരിറ്റി സ്റ്റഡീസിലെ സീനിയർ റിസർച്ചർ യെഹോഷ്വ കലിസ്‌കി പറയുന്നു. ∙ ക്യാമറയിൽ പതിഞ്ഞ ആക്രമണം ഡ്രോണിന്റെ പ്രവർത്തന വിഡിയോ ഹിസ്ബുള്ള പുറത്തുവിട്ടു. തങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ വരുന്നത് അറിയാതെ നിൽക്കുന്ന ഇസ്രയേൽ സൈനികരെ വിഡിയോയിൽ കാണാം. ആക്രമണത്തിൽ സർജന്റ് ഇദാൻ ഫൂക്സ് (19) കൊല്ലപ്പെട്ടതായും മറ്റ് നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. പരുക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഹിസ്ബുല്ല ഡ്രോണുകൾ അയച്ചു. ഡ്രോണിനെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകാം. ഈ കേബിൾ നേർത്തതും ഭാരം കുറഞ്ഞതുമാണ്. ഓപ്പറേറ്റർക്ക് സുരക്ഷിതമായ ദൂരത്തിരുന്ന് ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യങ്ങൾ തത്സമയം കാണാനും കൃത്യമായി ആക്രമിക്കാനും കഴിയും. ∙ യുക്രെയ്ൻ പരീക്ഷണശാല ഫൈബർ-ഓപ്റ്റിക് ഡ്രോണുകൾ ആദ്യം പരീക്ഷിക്കപ്പെട്ടത് യുക്രെയ്നിലാണ്. റഷ്യൻ സേനയാണ് ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ചൈനയിൽ നിന്നോ ഇറാനിൽ നിന്നോ ലഭിക്കുന്ന ഡ്രോണുകളിൽ ഗ്രനേഡുകളോ മറ്റ് സ്ഫോടകവസ്തുക്കളോ ഘടിപ്പിച്ചാണ് ഹിസ്ബുല്ല ഇത് തയാറാക്കുന്നത്. താരതമ്യേന കുറഞ്ഞ ചെലവിൽ നിർമിക്കാവുന്നതും എന്നാൽ അതീവ കൃത്യതയുള്ളതുമായ ഈ ആയുധം ഇസ്രയേൽ സൈന്യത്തിന് വെല്ലുവിളിയാണ്. ഇത്തരം ഡ്രോണുകളെ തടയാൻ വലകളും മറ്റ് ഭൗതിക തടസ്സങ്ങളും ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പൂർണമായും ഫലപ്രദമല്ല. ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ, ഈ പുതിയ ഭീഷണിയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഇസ്രയേൽ സൈന്യം കൂടുതൽ പഠനങ്ങൾ നടത്തുകയാണ്. English Summary: Hezbollah Ne fiber optic drone: Hezbollah's new fiber-optic drone is a low-weight, cable-operated weapon that is causing significant problems for Israel due to its anti-jamming capabilities. This innovative technology, which bypasses traditional electronic warfare defenses, offers precise attacks and makes detection extremely difficult. ×

ഭാരം കുറവ്, പ്രവർത്തിക്കുന്നത് കേബിൾ വഴി; ഇസ്രയേലിനെ ഞെട്ടിച്ച് ഹിസ്ബുല്ലയുടെ ആയുധം
M
Manorama OnlineSource Link
about 9 hours ago
