വിജയത്തേരിൽ റെക്കോർഡിട്ട് മുസ്‌ലിം ലീഗ്; ചിട്ടയായ പ്രവർത്തനത്തിൽ പച്ചകുത്തിയ മുന്നേറ്റം

വിജയത്തേരിൽ റെക്കോർഡിട്ട് മുസ്‌ലിം ലീഗ്; ചിട്ടയായ പ്രവർത്തനത്തിൽ പച്ചകുത്തിയ മുന്നേറ്റം

കോഴിക്കോട് ∙ പതിവിലും ഏറെ കരുത്തോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സാന്നിധ്യം ഉറപ്പിച്ച് മുസ്‌ലിം ലീഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി നേടിയ ചരിത്രജയത്തിൽ നെടുംതൂണായി മാറുന്ന പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്. മലബാറിലെ കോട്ടകൾ കാത്തതിനൊപ്പം പുതിയ മണ്ഡലങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനായതും ലീഗിന്റെ സംഘടനാപരമായ വിജയമായിക്കൂടിയാണ് വിലയിരുത്തപ്പെടുന്നത്. What you should read next ലീഗിന്റെ സ്ഥാനാർഥികൾക്ക് ഒപ്പം മുന്നണിയിലെ മറ്റു സ്ഥാനാർഥികളുടെ മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും അരയും തലയും മുറുക്കിയാണ് ലീഗ് പ്രവർത്തകർ ഇത്തവണ സജീവമായത്. 27 ലീഗ് സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 22 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് ലീഗ് കൈവരിച്ചത്. പാർട്ടികളുടെ സീറ്റു കണക്കിൽ, 63 സീറ്റ് നേടിയ കോൺഗ്രസിനും 26 സീറ്റ് നേടിയ സിപിഎമ്മിനും പിന്നാലെ മൂന്നാം സ്ഥാനത്തും ലീഗ് എത്തി. 20 സീറ്റ് നേടി 2011 ൽ നേടിയ റെക്കോർഡാണ് ഇത്തവണ ലീഗ് തിരുത്തിയെഴുതിയത്. പി.കെ.കുഞ്ഞാലിക്കുട്ടി (ചിത്രം: ഫഹദ് മുനീർ കെ.എം ∙ മനോരമ) ∙ നയിച്ച് തങ്ങൾ, ‘ടീം ലീഡ്’ ആയി കുഞ്ഞാലിക്കുട്ടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പക്വമായ നേതൃത്വം, ഒപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ, രണ്ടും ഒരുപോലെ മാറ്റുരച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഇരുവരുടെയും ഇഴപിരിയാത്ത നീക്കങ്ങളാണ് ലീഗിന്റെ മികച്ച ജയത്തിൽ നിർണായകമായത്. പക്വമായ നിലപാടുകളിലൂടെയും പ്രതികരണങ്ങളിലൂടെയും സാദിഖലി ശിഹാബ് തങ്ങളും വിജയം എന്ന ഒരൊറ്റ ലക്ഷ്യത്തിന് ഒരു ടീം ലീഡർ എന്ന പോലെ ചിട്ടയോടെ പ്രവർത്തകരെ അണിനിരത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കർശന നിലപാടുകളുമാണ് ഈ ജയത്തിന് മാറ്റുകൂട്ടുന്നത്. What you should read next ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായി പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും തിളങ്ങുന്ന കാഴ്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്. സ്ഥാനാർഥി നിർണയം മുതൽ മുന്നണിക്കുള്ളിലെ സീറ്റ് വിഭജന ചർച്ചകളിൽ വരെ ലീഗ് സംസ്ഥാന അധ്യക്ഷനൊപ്പം അദ്ദേഹം പുലർത്തിയ കൃത്യത വിജയത്തിൽ ഏറെ നിർണ്ണായകമായി. കേരളത്തിന്റെ വികസന കാര്യങ്ങളിലും മതേതര ഐക്യത്തിലും ഊന്നിയുളള പ്രസംഗങ്ങൾക്കാണ് പ്രചാരണത്തിൽ കുഞ്ഞാലിക്കുട്ടി പ്രാമുഖ്യം നൽകിയത്. ഇത് വോട്ടർമാരെ വലിയ അളവിൽ സ്വാധീനിച്ചതായാണ് സൂചന. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചിത്രം: മനോരമ നിലമ്പൂർ ഉപതിരഞ്ഞെടുപ്പു മുതൽ വീടുകളിലും മറ്റും കയറിയിറങ്ങി സജീവമായി പ്രവർത്തിച്ച കുഞ്ഞാലിക്കുട്ടി ഒപ്പമുള്ള മറ്റു ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും പ്രവർത്തനരീതിയിൽ പകർത്തേണ്ട കാലികമായ മാറ്റത്തിന് മികച്ച മാതൃക പകർന്നിരുന്നു. ജനമനസ്സ് പിടിച്ചെടുക്കുന്നതിൽ അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കണമെന്ന സന്ദേശമായിരുന്നു ഇതിൽ പ്രധാനം. ഇതോടൊപ്പം സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും മന്ത്രമോതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിലകൊണ്ടു. 2022 ൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം സാദിഖലി തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. കേരളത്തിലെ മതസൗഹാർദ്ദവും മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ തങ്ങൾ സ്വീകരിച്ച കർക്കശമായ നിലപാടുകൾ ജനത്തിനിടയിൽ വലിയ വിശ്വാസ്യതയുണ്ടാക്കി. സൗഹൃദസംഗമങ്ങളും മതമേലധ്യക്ഷന്മാരുമായി അദ്ദേഹം പുലർത്തിയ മികവാർന്ന ബന്ധവും ഒരു സമുദായ പാർട്ടി എന്നതിലുപരി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് ലീഗ് എന്ന പ്രതിച്ഛായ ഉറപ്പിച്ചു. സമസ്ത, വയനാട്ടിലെ ഫണ്ട് വിവാദം, വെള്ളാപ്പള്ളി ഉയർത്തിയ വിമർശനങ്ങൾ തുടങ്ങിയവയിലെല്ലാം പ്രതികരിക്കേണ്ടിടത്ത് പക്വമായി തന്നെ പ്രതികരിച്ചും നിശബ്ദമാകേണ്ടിടത്ത് നിശബ്ദമായും സമവായനിലപാടു സ്വീകരിച്ചതോടെ വിവാദങ്ങളിൽ നിന്ന് മാറി സാഹചര്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന രീതിക്കാണ് തങ്ങൾ ശ്രദ്ധ നൽകിയത്. വിവാദവിഷയങ്ങളിൽ നേതാക്കൾ ഒഴികെ ആരും പരിധിവിട്ടു പ്രതികരിക്കാതിരിക്കാനുള്ള ജാഗ്രതയും ലീഗ് നേതൃത്വം ഉറപ്പാക്കി. What you should read next തിരഞ്ഞെടുപ്പു കാലത്തു തങ്ങളുടെ ഓരോ പ്രസംഗവും പ്രവർത്തകർക്ക് ഊർജവും പൊതുസമൂഹത്തിന് സമാധാന സന്ദേശവുമാണ് നൽകിയത്. വയനാട്ടിൽ ദുരിതബാധിതർക്ക് 51 വീട് ലീഗ് പൂർത്തിയാക്കി നൽകിയെങ്കിലും അതിൽ അമിതമായ അവകാശവാദങ്ങൾക്ക് മുതിരാതെ വീടു നൽകിയവരുടെ സ്വകാര്യത കൂടി മാനിക്കാനുള്ള പ്രഖ്യാപനവും ഈ പുതിയ പ്രവർത്തനരീതി പിൻപറ്റിയുള്ളതായിരുന്നു. ജയന്തി രാജൻ, ഫാത്തിമ തഹ്‌ലിയ തുടങ്ങിയവർക്ക് സീറ്റു നൽകിയതിൽ വനിത ലീഗ് നേതാവ് നൂർബീന റഷീദ് പ്രതികരണവുമായി രംഗത്തുവന്നെങ്കിലും അത് കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ കൈകാര്യം ചെയ്യാനുള്ള ജാഗ്രതയും ലീഗ് നേതൃത്വത്തിൽ നിന്നുണ്ടായി. മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആഹ്ലാദം. ∙ ലീഡിൽ സർവകാല റെക്കോർഡ്, വിജയ മാർജിനിലും മുന്നേറ്റം കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സർവകാല റെക്കോർഡ് ഭൂരിപക്ഷമാണ് മലപ്പുറം മണ്ഡലത്തിൽ ഇത്തവണ പി.കെ.കുഞ്ഞാലിക്കുട്ടി കുറിച്ചത്. 85,327 വോട്ടിന്റെ ഈ ഭൂരിപക്ഷത്തോടെ അദ്ദേഹം മറികടന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ കെ.കെ.ശൈലജ നേടിയ 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ്. 1,31,166 വോട്ടാണ് ഇത്തവണ കുഞ്ഞാലിക്കുട്ടി നേടിയത്. മണ്ഡലത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 67.35 ശതമാനവും കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലാക്കി. ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ എതിരാളികളുടെ വെല്ലുവിളികളെ നിഷ്പ്രഭമാക്കിയാണ് പാർട്ടി മുന്നേറിയത്. മലപ്പുറം ജില്ലയിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ ലീഗ് സ്ഥാനാർത്ഥികൾ ജയിച്ചുകയറി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചില സീറ്റുകൾ തിരിച്ചുപിടിക്കാനായതും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കോഴിക്കോട് പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനെ ആദ്യ മത്സരത്തിനിറങ്ങിയ ഫാത്തിമ തഹ്‌ലിയയെ കൊണ്ട് അട്ടിമറിച്ചതിലെ കരുനീക്കവും വ്യത്യസ്തമായി. What you should read next ∙ സ്ഥാനാർഥി നിർണയത്തിലെ പുതുമ സ്ഥാനാർഥി നിർണയത്തിൽ കൊണ്ടുവന്ന പുതുമയായിരുന്നു ഇത്തവണത്തെ വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകം. പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവജന പ്രതിനിധികൾക്കും വനിതകൾക്കും നൽകിയ പ്രാതിനിധ്യം വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യത നേടി. എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും സോഷ്യൽ മീഡിയയിലെ സ്വാധീനവും പാർട്ടിയുടെ ജനപ്രീതി വർധിപ്പിച്ചു. കാസർകോടും മഞ്ചേശ്വരവും റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ലീഗ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം സീറ്റുകൾ തിരിച്ചുപിടിക്കുകയും ചെയ്തു. വേങ്ങരയിൽ ജയപ്രതീക്ഷയോടെ നിലകൊണ്ട എൽഡിഎഫ് സ്വതന്ത്രൻ സബാഹ് കുണ്ടുപുഴക്കലിനെ 30,325 വോട്ടിനാണ് കെ.എം.ഷാജി തറപറ്റിച്ചത്. കളമശ്ശേരിയിൽ മന്ത്രി പി.രാജീവിനെ 16,312 വോട്ടിനു പരാജയപ്പെടുത്തിയാണ് വി.ഇ.അബ്ദുൽ ഗഫൂർ മണ്ഡലം തിരിച്ചുപിടിച്ചത്. സി.കെ.കാസിമിലുടെ 6,741 വോട്ടിന്റെ ഭൂരിപക്ഷം നേടിയ തിരുവമ്പാടിയിലും ഫാത്തിമ തഹ്‌ലിയ 5,087 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പേരാമ്പ്രയിലും ഒഴികെ ജയിച്ച 22 ൽ മറ്റ് 20 മണ്ഡലങ്ങളിലും പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാർഥികൾ നേടിയത്. ചേലക്കര, ഗുരുവായൂർ, അഴീക്കോട്, കൂത്തുപറമ്പ്, പുനലൂർ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർഥികൾ ഇത്തവണ പരാജയപ്പെട്ടത്. അഴീക്കോട് വെറും 349 വോട്ടിനാണ് സിറ്റിങ് എംഎൽഎ കെ.വി.സുമേഷിനോട് കരീം ചേലേരി പരാജയപ്പെട്ടത്. ഗുരുവായൂരിൽ സിപിഎമ്മിലെ എൻ.കെ.അക്ബറിനോട് 1998 വോട്ടിന് ലീഗിലെ സി.എച്ച്.റഷീദ് പരാജയപ്പെട്ടപ്പോൾ കൂത്തുപറമ്പിൽ ആർജെഡിയുടെ പി.കെ.പ്രവീണിനോട് ലീഗിന്റെ രണ്ടാമത്തെ വനിതാ സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന ജയന്തി രാജൻ പരാജയപ്പെട്ടത് 1,286  വോട്ടിനാണ്. നേരിയ ഭൂരിപക്ഷത്തിൽ നഷ്ടമായ ഈ മണ്ഡലങ്ങൾ കൂടി നേടിയെങ്കിൽ സീറ്റു നേട്ടത്തിൽ ലീഗ് 25 തികയ്ക്കുമായിരുന്നു. ∙ നേടുമോ ഉപമുഖ്യമന്ത്രി സ്ഥാനം? തിര‍ഞ്ഞെടുപ്പു മുന്നൊരുക്കങ്ങളിലും തുടർന്ന് മുഖ്യമന്ത്രി സ്ഥാനമുയർത്തി ഉണ്ടായ ചർച്ചകൾക്കിടയിലും യുഡിഎഫിൽ കോൺഗ്രസ് നേരിട്ട പ്രതിസന്ധികളിൽ  കരുത്തുറ്റ പിൻബലമായി നിൽക്കാൻ ലീഗിന് സാധിച്ചതും പ്രത്യേകതയായി. ഈ മികച്ച പ്രകടനം മുന്നണിക്കുള്ളിൽ ലീഗിന്റെ രാഷ്ട്രീയ വിലപേശൽ ശേഷി വർധിപ്പിക്കും എന്നാണ് സൂചന. പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് ലഭിച്ചേക്കും എന്ന വിലയിരുത്തലും സജീവമാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് പുറമേ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെങ്കിലും മുന്നണിക്കുള്ളിലെ ചർച്ചകളിൽ അത് ഉയർത്തുമെന്ന സൂചനയാണുള്ളത്. മുന്നണിക്കുള്ളിൽ മികച്ച നേതൃപാടവം കാഴ്ചവയ്ക്കുന്ന പി.കെ.കു‍ഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചാൽ 39 വർഷത്തെ ഇടവേളയ്ക്കു ശേഷം ലീഗിന് ലഭിക്കുന്ന അംഗീകാരം കൂടിയാകും അത്. സി.എച്ച്.മുഹമ്മദ് കോയ, കെ.അവക്കാദർകുട്ടി നഹ എന്നിവരാണ് മുൻപ് ലീഗിൽ നിന്ന് ഉപമുഖ്യമന്ത്രിയായിട്ടുളളത്. കെ.കരുണാകരന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മന്ത്രിസഭകളിൽ ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ രണ്ടാമത് ഉപമുഖ്യമന്ത്രിയായിരിക്കെയാണ് അന്തരിച്ചത്. സി.എച്ചിന്റെ വിടവാങ്ങലിനു ശേഷം കരുണാകരൻ മന്ത്രിസഭയുടെ തുടർവേളയിലാണ് കെ.അവക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായത്. ഉപമുഖ്യമന്ത്രി കൂടാതെ നാല് മന്ത്രിസ്ഥാനം കൂടി ലഭിച്ചാൽ എ.കെ.എം.അഷ്റഫ്(മഞ്ചേശ്വരം), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), കെ.എം.ഷാജി (വേങ്ങര), പി.കെ.ബഷീർ (ഏറനാട്), എൻ.ഷംസുദ്ദീൻ (മണ്ണാർകാട്), മഞ്ഞളാംകുഴി അലി (മങ്കട) തുടങ്ങിയവർക്ക് മുൻഗണന ലഭിക്കുമെന്ന ചർച്ചകളും സജീവമാണ്. ഡപ്യൂട്ടി സ്പീക്കർ പദവി ലഭിക്കാനുള്ള സാധ്യതയും ലീഗ് പരിഗണിക്കുമെന്നും അറിയുന്നു. English Summary: IUML Rewrites Records: The Muslim League delivered a performance that became the backbone of the UDF's historic victory in the Kerala Assembly election. Apart from retaining their strongholds in Malabar, the League's ability to expand its influence into new constituencies is also being assessed as an organizational success for the party.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!