BoolokamBoolokam

അന്ന് കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ മകന്‍ മുരളീധരന്‍ എംപി; കെ എം മാണി നിയമസഭ അംഗമായിരിക്കെ കോട്ടയത്തെ എംപിയായ ജോസ്; കേരളത്തിലെ അപൂര്‍വ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു; കോങ്ങാട്ടെ ഒരു വീട്ടില്‍ ഇനി എംപിയും എംഎല്‍എയും! സിപിഎം കോട്ട പിടിച്ചെടുത്ത കെഎ തുളസി; വികെ ശ്രീകണ്ഠന്റെ ഭാര്യ നിയമസഭയിലേക്ക്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കേരളത്തിലെ അപൂര്‍വമായ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമാനതകളില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ഇത്തവണ മണ്ഡലത്തിലേത്. ഒരു വീട്ടില്‍ നിന്ന് ഒരേ സമയം എംപിയും എംഎല്‍എയും ഉണ്ടാകുന്ന കേരള രാഷ്ട്രീയത്തിലെ അപൂര്‍വ ചരിത്രമാണ് കോങ്ങാട് മണ്ഡലത്തിലെ തുളസിയുടെ വിജയം. കരുണാകരനും മുരളിധരനും കെഎം മാണിക്കും ജോസ് മാണിക്കും ശേഷമാണ് തുളസിയും ശ്രീകണ്ഠനും ആ ചരിത്രത്തിലേക്ക് എത്തുന്നത്. മണ്ഡലം രൂപീകൃതമായ 2011 മുതല്‍ ഇടതുപക്ഷത്തെ മാത്രം വരിച്ച ചരിത്രമുള്ള കോങ്ങാട്, ഇതാദ്യമായി യു.ഡി.എഫ് പാളയത്തിലേക്ക് എത്തിയിരിക്കുന്നു. സിറ്റിങ് എം.എല്‍.എയും സി.പി.എം നേതാവുമായ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എ. തുളസി കോങ്ങാട് വിജയക്കൊടി പാറിച്ചത്. ഒരു കാലത്ത് പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിലാണ് ഇക്കുറി കോണ്‍ഗ്രസ് വിള്ളലുണ്ടാക്കിയത്.

കെ.എ. തുളസി 62,734 വോട്ടുകള്‍ നേടിയപ്പോള്‍ അഡ്വ. കെ. ശാന്തകുമാരിക്ക് 59,028 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. രേണു സുരേഷ് 24,925 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. 2021-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിട്ട വലിയ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കാഴ്ചയാണ് ഇക്കുറി കാണുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് 27,219 വോട്ടുകളുടെ പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് 22,000-ത്തിലധികം വോട്ടുകള്‍ അധികമായി സമാഹരിച്ച് തുളസി അട്ടിമറി വിജയം നേടിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും നെന്മാറ എന്‍.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയുമായ തുളസി, ജനകീയ ഇടപെടലുകളിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയുമാണ് മണ്ഡലത്തെ യു.ഡി.എഫിനൊപ്പം ചേര്‍ത്തത്.

തുളസിയുടെ വിജയത്തോടെ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വ്വമായൊരു നേട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിച്ചു. ഒരു വീട്ടില്‍ നിന്ന് തന്നെ ഒരേസമയം എം.പി.യും എം.എല്‍.എ.യും എന്ന അപൂര്‍വ്വതയാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് കെ.എ. തുളസി. മുന്‍പ് കെ. കരുണാകരനും മകന്‍ കെ. മുരളീധരനും, കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും ഒരേ കാലയളവില്‍ പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായിരുന്ന ചരിത്രമുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും നിയമസഭയില്‍ ഒരേസമയം അംഗങ്ങളായതും ടി.വി. തോമസും ഗൗരിയമ്മയും മന്ത്രിമാരായിരുന്നതും കേരളം കണ്ട കുടുംബാംഗങ്ങളുടെ സംഗമങ്ങളാണ്. ആ ഗണത്തിലേക്കാണ് ഇപ്പോള്‍ ശ്രീകണ്ഠനും തുളസിയും എത്തിച്ചേരുന്നത്.

പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന കോങ്ങാട് മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, പറളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം. 2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയിച്ചയിടമാണ് കോങ്ങാട്. 2021-ല്‍ മുഖ്യ എതിരാളിയായ യുഡിഎഫിലെ യു.സി. രാമനെ (മുസ്ലീം ലീഗ്) 27,219 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ കെ. ശാന്തകുമാരി പരാജയപ്പെടുത്തിയത്. കെ. ശാന്തകുമാരി 67,881 വോട്ടുകളും യു.സി. രാമന്‍ 40,662 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എം. സുരേഷ് ബാബുവിന് സ്വന്തമാക്കാനായത് 27,661 വോട്ടുകളാണ്. അതിന് മുമ്പ് 2016-ലും 2011-ലും സിപിഎമ്മിലെ കെ.വി. വിജയദാസ് ആയിരുന്നു കോങ്ങാടിന്റെ എംഎല്‍എ. 2016-ല്‍ 13,271 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2011-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 3,565 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു വിജയദാസിന്റെ വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷം കൃത്യമായി ഭൂരിപക്ഷം വര്‍ധിപ്പിച്ചതായാണ് മുന്‍കാല ചരിത്രം.

അഞ്ച് പഞ്ചായത്തുകള്‍ എല്‍.ഡി.എഫും മൂന്ന് പഞ്ചായത്തുകള്‍ യു.ഡി.എഫും ഭരിക്കുന്ന സാഹചര്യത്തില്‍ ഈ അട്ടിമറി വിജയം ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് നല്‍കുന്നത്. 2011 മുതല്‍ കെ.വി. വിജയദാസും പിന്നീട് ശാന്തകുമാരിയും ഭരിച്ച മണ്ഡലം കൈവിട്ടത് ജില്ലയിലെ സി.പി.എമ്മിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും. വി.കെ. ശ്രീകണ്ഠന്‍ എന്ന കരുത്തനായ നേതാവിന്റെ സംഘടനാ ശേഷിയും തുളസിയുടെ വ്യക്തിപ്രഭാവവും ചേര്‍ന്നപ്പോള്‍ കോങ്ങാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!