അന്ന് നന്ദിഗ്രാമില്‍ ഞെട്ടിക്കുന്ന തോല്‍വി; ഇത്തവണ ഭവാനിപ്പൂരിലും; മമതയുടെ സുരക്ഷിത താവളങ്ങള്‍ 'പിടിച്ചെടുത്ത്' പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരി; മുഖ്യമന്ത്രിയുടെ കനത്ത തോല്‍വിയില്‍ ഞെട്ടി തൃണമൂല്‍; ബംഗാളിന് ഇനി താമരക്കാലം; വംഗനാട്ടില്‍ അധികാരം മോദി-ഷാ കൂട്ടുകെട്ട്! ബംഗാള്‍ വികസനത്തിലേക്കെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിച്ച തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ബിജെപി ബംഗാളില്‍ ഭരണമുറപ്പിച്ചത് മാത്രമല്ല, മമത ബാനര്‍ജിയുടെ രാഷ്ട്രീയ കോട്ടയായ ഭവാനിപ്പൂരില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മുഖ്യമന്ത്രി പരാജയപ്പെട്ടതും കനത്ത പ്രഹരമായി. 294 അംഗ നിയമസഭയില്‍ ബിജെപി 200-ലധികം സീറ്റുകള്‍ നേടി മുന്നേറുമ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് വെറും രണ്ടക്ക സംഖ്യയിലേക്ക് ചുരുങ്ങി. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരു യുഗത്തിന്റെ അന്ത്യമായാണ് ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

ഭവാനിപ്പൂരിലെ അട്ടിമറിയും മമതയുടെ പതനവും

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഞെട്ടല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാജയമാണ്. തന്റെ രാഷ്ട്രീയ കോട്ടയായിരുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ 17-ാം റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിയ സുവേന്ദു അധികാരി മമതയുടെ കുത്തക മണ്ഡലത്തില്‍ താമര വിരിയിച്ചു. 2021-ല്‍ നന്ദിഗ്രാമിലേറ്റ തോല്‍വിക്ക് ശേഷം ഭവാനിപ്പൂരിലൂടെ തിരിച്ചുവന്ന മമതയ്ക്ക് ഇക്കുറി സ്വന്തം മണ്ണിലും കാലിടറി.

അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ല്‍ ആ ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊല്‍ക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുന്‍ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തില്‍ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു. മമത ബാനര്‍ജി താമസിക്കുന്ന കാളിഘട്ട് ഉള്‍പ്പെടുന്ന ഭവാനിപൂര്‍ അവര്‍ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയ മണ്ണാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചതോടെ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഭവാനിപൂരില്‍ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ സുവേന്ദുവിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഏഴാം റൗണ്ട് എത്തിയപ്പോഴേക്കും മമത ശക്തമായി തിരിച്ചുവരികയും 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം 6:30 ഓടെ ഈ ലീഡ് 2,900 ആയി കുറഞ്ഞു. രാത്രി ഒന്‍പത് മണിക്ക് 18 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സുവേന്ദു 11,000 വോട്ടുകള്‍ക്ക് മുന്നിലെത്തി.

അവസാന ഫലം പുറത്തുവന്നപ്പോള്‍ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിലെ വോട്ടര്‍മാര്‍ മുഖ്യമന്ത്രിയെ കൈവിട്ടത് തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് സംഭവത്തെ തുടര്‍ന്നുണ്ടായ ജനരോഷം മമതയുടെ സ്ത്രീ സുരക്ഷാ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിനുപുറമെ എസ്.ഐ.ആര്‍ പ്രക്രിയയും ഭവാനിപൂരിലെ വോട്ടെടുപ്പില്‍ നിര്‍ണ്ണായകമായി. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപി പാളയത്തിലെത്തിയ ശേഷം തുടര്‍ച്ചയായി മമതയെ നേരിട്ടുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്തുന്നത് ബംഗാള്‍ രാഷ്ട്രീയത്തിലെ പുതിയ അധികാര മാറ്റത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ബിജെപി ഇതാദ്യമായി ബംഗാളില്‍ ഭരണത്തിലേറാന്‍ പോവുകയാണ്.

പരാജയത്തിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് മമത രംഗത്തെത്തിയത്. നൂറിലധികം സീറ്റുകള്‍ ബിജെപി കൊള്ളയടിച്ചെന്നും ഇത് ധാര്‍മ്മികമായ വിജയമല്ലെന്നും അവര്‍ ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന് 90 ലക്ഷം പേരെ നീക്കം ചെയ്ത 'പ്രത്യേക തീവ്ര പരിഷ്‌കരണം' (SIR) ബിജെപിക്ക് വേണ്ടിയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

അഞ്ചു വര്‍ഷം മുന്‍പ് 215 സീറ്റുകള്‍ നേടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത്ര വലിയ പരാജയത്തിലേക്ക് വീഴാന്‍ നിരവധി കാരണങ്ങളുണ്ട്. ശാരദ, റോസ് വാലി തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമെ സ്‌കൂള്‍ അധ്യാപക നിയമനത്തിലും തദ്ദേശ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റിലും നടന്ന വന്‍ അഴിമതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു. മമതയുടെ വിശ്വസ്തനായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്മയും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷത്തെ ഭരണത്തിനിടയില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവന്ന തൊഴിലില്ലായ്മയും വികസന മുരടിപ്പും സര്‍ക്കാരിനെതിരെയുള്ള വികാരമായി മാറി. 2011-ന് ശേഷം അയ്യായിരത്തിലധികം കമ്പനികള്‍ ബംഗാള്‍ വിട്ടുപോയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.

കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത് ബംഗാളിലെ സ്ത്രീകളെയും യുവാക്കളെയും തെരുവിലിറക്കി. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ അമ്മ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കുള്ള വലിയ സന്ദേശമായി മാറി. 'പുറത്തുനിന്നുള്ളവര്‍' എന്ന തൃണമൂലിന്റെ പ്രചാരണത്തെ ബിജെപി അതിജീവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നയിച്ച പ്രചാരണങ്ങളില്‍ ക്രമസമാധാന തകര്‍ച്ചയും ന്യൂനപക്ഷ പ്രീണനവും പ്രധാന ആയുധമായി.

ഇത്തവണ ബംഗാള്‍ കണ്ടത് സ്വതന്ത്ര ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ്. ഒന്നാം ഘട്ടത്തില്‍ 92.8 ശതമാനവും രണ്ടാം ഘട്ടത്തില്‍ 91.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയത് ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ തെളിവായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കലിംപോങ്, ഡാര്‍ജിലിംഗ്, മേദിനിപൂര്‍, അസന്‍സോള്‍ സൗത്ത് തുടങ്ങിയ നിര്‍ണ്ണായക സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. മുര്‍ഷിദാബാദിലെ ഭഗവാന്‍ഗോള പോലുള്ള ചുരുക്കം ചില സീറ്റുകള്‍ മാത്രമാണ് തൃണമൂലിന് നിലനിര്‍ത്താനായത്.

ബംഗാള്‍ ഭയത്തില്‍ നിന്ന് മുക്തമായെന്നും സംസ്ഥാനം ഇനി വികസനത്തിന്റെ പാതയിലാണെന്നും വിജയാഹ്ലാദ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇടതുപക്ഷവും കോണ്‍ഗ്രസും ഇത്തവണയും ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ്. സി.പി.എം ഒരു സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിജയറാലികള്‍ക്ക് പ്രത്യേക നിരീക്ഷകന്‍ സുബ്ര ഗുപ്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ ഈ ഭരണമാറ്റം വരും നാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!