BoolokamBoolokam

ആർസിബിക്ക് കനത്ത തിരിച്ചടി; പരിക്ക് വില്ലനായി, ഫിൽ സാൾട്ട് ലണ്ടനിലേക്ക്; പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: ഐപിഎല്ലിൽ കിരീടം നിലനിർത്താനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) തിരിച്ചടി. മിന്നും ഫോമിലുള്ള ഓപ്പണർ ഫിൽ സാൾട്ട് പരിക്കിനെത്തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. വിരലിനേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ലണ്ടനിൽ ചികിത്സ തേടാനുള്ള താരത്തിന്റെ തീരുമാനം.

ഏപ്രിൽ 18-ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടയിലാണ് സാൾട്ടിന്റെ വിരലിന് പരിക്കേറ്റത്. ഇടതുകൈയിലെ വിരലിന് സാരമായ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ താരത്തിന് കളിക്കാനായിരുന്നില്ല. ലണ്ടനിലെ പരിശോധനകൾക്ക് ശേഷം മാത്രമേ സീസണിൽ സാൾട്ടിന് തുടർന്ന് കളിക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ. ഈ സീസണിൽ ആർസിബിയുടെ വിജയങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സാൾട്ട്.

ആറ് ഇന്നിങ്‌സുകളിൽ നിന്നായി 168.33 സ്ട്രൈക്ക് റേറ്റിൽ 202 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. സാൾട്ടിന്റെ അഭാവത്തിൽ ജേക്കബ് ബെഥേലിനെ വിരാട് കോലിക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ല. ജോർദാൻ കോക്സിനെയും ബാക്കപ്പ് ഓപ്പണറായി ടീം പരിഗണിക്കുന്നുണ്ട്. പരിശോധനകൾക്ക് ശേഷം ഈ മാസം അവസാനത്തോടെ സാൾട്ട് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!