BoolokamBoolokam

ഒരു ശതമാനം പോലും ക്രിസ്ത്യൻ വോട്ടില്ലാത്ത തവനൂർ മണ്ഡലം; പെന്തകോസ്ത് വിശ്വാസിയായ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് നേടിയ അത്ഭുത വിജയം; ലീഗ് നൽകിയ വാക്ക് പാലിച്ചപ്പോൾ കെ.ടി ജലീലിന്റെ കോട്ട തകർന്നു; വി.എസ്. ജോയ്‌യുടെ 'ജന്റിൽമാൻ' മാജിക്കിൽ തെളിഞ്ഞത് യഥാർത്ഥ 'കേരള സ്റ്റോറി'

മലപ്പുറം: കെ.ടി. ജലീലിന്റെ ഉറച്ച കോട്ടയായ തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയ് കൈവരിച്ച നേട്ടം കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ഒരു വിജയഗാഥയാണ്. കേവലം ഒരു ശതമാനം പോലും ക്രിസ്ത്യൻ വോട്ടുകളില്ലാത്ത മണ്ഡലത്തിൽ, ഒരു ക്രിസ്തുമത വിശ്വാസിയെ മുസ്ലിം-ഹിന്ദു വിഭാഗങ്ങൾ ചേർന്ന് നിയമസഭയിലേക്ക് അയച്ചത് പ്രൊപ്പഗാണ്ടകൾക്ക് അപ്പുറം കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്. തവനൂരിലെ ഈ വിജയത്തിന് രാഷ്ട്രീയത്തേക്കാൾ വലിയൊരു മാനമുണ്ട്.

ഒരു ശതമാനം പോലും ക്രിസ്ത്യൻ വോട്ടുകളില്ലാത്ത ഒരു മണ്ഡലത്തിൽ, പെന്തകോസ്ത് വിശ്വാസിയായ ഒരു സ്ഥാനാർത്ഥിയെ ഭൂരിപക്ഷ സമുദായങ്ങൾ ചേർന്ന് വിജയിപ്പിച്ചു എന്നതാണ് ഇതിന്റെ കാതൽ. 50 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള മണ്ഡലത്തിൽ വി.എസ്. ജോയിയുടെ പ്രചാരണം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം ലീഗ് പ്രവർത്തകരാണ്. 1995-ൽ എ.കെ. ആന്റണിയെ തിരൂരങ്ങാടിയിൽ വിജയിപ്പിച്ച ചരിത്രമുള്ള ലീഗ്, അതേ ആവേശം വി.എസ്. ജോയിയുടെ കാര്യത്തിലും ആവർത്തിച്ചു. തിരുവമ്പാടിയിൽ പരിഗണിച്ചിരുന്ന ജോയിയെ തവനൂരിലേക്ക് മാറ്റിയത് ലീഗ് 'കാലുവാരില്ല' എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. ആ വിശ്വാസം മുസ്ലിം ലീഗ് അക്ഷരംപ്രതി കാത്തുസൂക്ഷിച്ചു.

2006-ൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് 'ജയന്റ് കില്ലർ' എന്ന പരിവേഷം നേടിയ കെ.ടി. ജലീലിന്റെ ആദ്യ തിരഞ്ഞെടുപ്പ് പരാജയമാണിത്. 2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ജലീലായിരുന്നു തവനൂരിലെ അമരക്കാരൻ. 2016-ൽ 17,000-ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടായിരുന്ന ജലീലിനെ, ഇത്തവണ പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാക്കിയാണ് വി.എസ്. ജോയ് വിജയിച്ചത്. അന്തരിച്ച വി.വി. പ്രകാശിനെ തോൽപ്പിച്ചാണ് കഴിഞ്ഞ തവണ ജലീൽ ജയിച്ചതെങ്കിൽ, ആ ഓർമ്മകൾക്ക് പകരമായി മറ്റൊരു നിലമ്പൂരുകാരൻ തന്നെ ജലീലിനെ തളച്ചു എന്നത് യാദൃശ്ചികം.

മലപ്പുറം ജില്ലയിൽ കോൺഗ്രസും ലീഗും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ജോയ് വഹിച്ച പങ്ക് വളരെ വലുതാണ്. മുൻപ് നിലമ്പൂരിലെ നേതാവ് ആര്യാടൻ മുഹമ്മദും ലീഗ് നേതൃത്വവും തമ്മിലുണ്ടായിരുന്ന പിണക്കങ്ങൾ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ആ വേർതിരിവുകൾ മറന്ന് ഒരു കോൺഗ്രസുകാരനെ വിജയിപ്പിക്കാൻ ലീഗ് ഖൽബ് തുറന്നുനൽകി. പ്രവർത്തകരുമായും മുതിർന്ന നേതാക്കളുമായും ജോയിക്കുള്ള ഊഷ്മളമായ ബന്ധം യുഡിഎഫ് സംവിധാനത്തെ മികച്ച രീതിയിൽ ചലിപ്പിച്ചു.

വി.എസ്. ജോയിയുടെ രാഷ്ട്രീയ ജീവിതം വലിയ തിരിച്ചടികളിൽ നിന്നും പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് കരുത്തുറ്റതാക്കിയ ഒന്നാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് നിയോഗിച്ച ഒരു 'ചാവേർ' മാത്രമായിരുന്നു ഈ ചെറുപ്പക്കാരൻ. ആ പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടും അദ്ദേഹം തളർന്നില്ല. പിന്നീട് മലപ്പുറം ഡിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തിയ ജോയ്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിസിസി പ്രസിഡന്റുമാരിൽ ഒരാളായി മാറുന്ന കാഴ്ചയാണ് കണ്ടത്.

താഴെത്തട്ടിലുള്ള പാർട്ടി പുനഃസംഘടനയും ഗ്രൂപ്പ് വഴക്കുകളില്ലാത്ത പ്രവർത്തന ശൈലിയും അദ്ദേഹത്തിന്റെ കരുത്തായി മാറി. കൂടാതെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോൾ, തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നിഷേധിക്കപ്പെട്ടിട്ടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ പാർട്ടിക്കൊപ്പം നിന്ന ജോയിയുടെ നിലപാട് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. "സീറ്റ് നിഷേധിച്ചാലും കോൺഗ്രസിനെ വേദനിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളം വലിയ ഗൗരവത്തോടെയാണ് ചർച്ച ചെയ്തത്.

പോത്തുകല്ലിലെ സാധാരണ കുടുംബത്തിൽ ജനിച്ച് കെ.എസ്.യുവിലൂടെയാണ് ജോയ് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി പദവിയിൽ നിന്ന് ആരംഭിച്ച് സംസ്ഥാന പ്രസിഡന്റ് പദവി വരെ അദ്ദേഹം അലങ്കരിച്ചു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ട ജോയ്, ഒരിക്കലും വ്യക്തിപരമായ വിമർശനങ്ങളിലൂടെയോ വിവാദങ്ങളിലൂടെയോ വാർത്തകളിൽ ഇടംപിടിച്ചിട്ടില്ല. പ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് 'ജന്റിൽമാൻ ജോയ്' എന്നാണ്.

ജാതി-സാമുദായിക സമവാക്യങ്ങൾ വെച്ച് നോക്കിയാൽ ഒരു വിജയസാധ്യതയും കൽപ്പിക്കപ്പെടാത്ത മണ്ഡലമായിരുന്നു തവനൂർ. എന്നാൽ, വ്യക്തിത്വവും കഠിനാധ്വാനവും മതനിരപേക്ഷ നിലപാടും ഒത്തുചേർന്നാൽ ഏത് വലിയ കോട്ടയും തകർക്കാമെന്ന് വി.എസ്. ജോയ് തെളിയിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളം ഏറെക്കാലം ചർച്ച ചെയ്യാൻ പോകുന്ന ഒരു വിജയമായി ഇത് മാറുമെന്ന് ഉറപ്പാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!