
അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ തീവ്രത വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ അശ്രദ്ധമായി പ്രവേശിക്കുന്നതും ഡ്രൈവിംഗിനിടെയുള്ള ശ്രദ്ധക്കുറവുമാണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
പൊലീസ് പുറത്തുവിട്ട വീഡിയോയിൽ, പാർക്കിംഗ് ഏരിയയിൽ നിന്ന് ഒരു വെളുത്ത കാർ അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത് കാണാം. ഈ സമയം പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനം കാറിലിടിക്കുകയും നിയന്ത്രണം വിട്ട് തൊട്ടടുത്ത ലേയ്നിലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മറ്റൊരു ദൃശ്യത്തിൽ, ലേയ്ൻ മാറുന്നതിനിടെ ഡ്രൈവർക്കുണ്ടായ ശ്രദ്ധക്കുറവ് മൂലം വാഹനം മറിയുന്നതും റോഡിലെ ബാരിയറിൽ ഇടിച്ചുനിൽക്കുന്നതും ദൃശ്യമാണ്. ജീവഹാനി വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇത്തരം അശ്രദ്ധകൾ സൃഷ്ടിക്കുന്നത്.
യുഎഇ ട്രാഫിക് നിയമപ്രകാരം ഇത്തരം ലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രദ്ധിക്കാതെ പ്രധാന റോഡിലേക്ക് പ്രവേശിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഡ്രൈവിംഗിനിടയിലുള്ള മറ്റ് അശ്രദ്ധകൾക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ മറ്റ് കാര്യങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കണമെന്നും പൂർണ്ണശ്രദ്ധ റോഡിലുണ്ടായിരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. അപ്രതീക്ഷിതമായി റോഡിലുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഡ്രൈവർമാർ സദാ സന്നദ്ധരായിരിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അബുദാബി പൊലീസ് ഓർമ്മിപ്പിച്ചു. ഓരോ സെക്കന്റിലെയും ശ്രദ്ധക്കുറവ് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ അധികൃതർ നൽകുന്നത്.
