
മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 6 വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. ലഖ്നൗ ഉയര്‍ത്തിയ 229 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം 18.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ തിരിച്ചുവരവും റിയാന്‍ റിക്കല്‍ട്ടന്റെ വെടിക്കെട്ടുമാണ് മുംബൈയ്ക്ക് ജയം അനായാസമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചത്.
ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും റിയാന്‍ റിക്കല്‍ട്ടനും ചേര്‍ന്ന് ലഖ്നൗ ബൗളര്‍മാരെ നിലംപരിശാക്കി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ രോഹിത് 44 പന്തില്‍ ഏഴ് സിക്‌സറുകളും ആറ് ഫോറുകളും ഉള്‍പ്പെടെ 84 റണ്‍സാണ് അടിച്ചുകൂട്ടിയത്. രോഹിത്തിനൊപ്പം സഹ ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടനും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞതോടെ ലഖ്നൗ ബൗളര്‍മാര്‍ നിസ്സഹായരായി. വെറും 32 പന്തില്‍ എട്ട് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 83 റണ്‍സാണ് റിക്കല്‍ട്ടന്‍ വാരിക്കൂട്ടിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 10.5 ഓവറില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു നല്‍കിയ ആ അടിത്തറയാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് (12), തിലക് വര്‍മ്മ (11) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും നമാന്‍ ധിര്‍ (22*), വില്‍ ജാക്സ് (10*) എന്നിവര്‍ ചേര്‍ന്ന് മുംബൈയെ വിജയതീരത്ത് എത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 228 റണ്‍സ് നേടിയത്. ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ കഴിയാതിരുന്ന നിക്കോളാസ് പൂരാന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ലഖ്നൗവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 21 പന്തില്‍ എട്ട് സിക്‌സറുകളടക്കം 63 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (44) പൂരാന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ എയ്ഡന്‍ മാര്‍ക്രം (31*), ഹിമ്മത് സിങ് (40*) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ടീമിനെ 220 കടത്തിയത്. മുംബൈയ്ക്കായി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗസ്‌നാഫര്‍, വില്‍ ജാക്‌സ്, രഘു ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.