
കൊല്ലം: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ ചരിത്ര വിജയം കുറിച്ചു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി ആര്‍. രാജേന്ദ്രനെ അട്ടിമറിച്ചാണ് ഗോപകുമാര്‍ കേരള നിയമസഭയിലേക്ക് താമര ചിഹ്നത്തില്‍ വിജയിച്ചെത്തുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 4002 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഈ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയത്. ഒ. രാജഗോപാലിനു ശേഷം നിയമസഭയില്‍ ബിജെപിയുടെ കരുത്തുറ്റ സാന്നിധ്യമായി ബി.ബി. ഗോപകുമാര്‍ മാറുമ്പോള്‍ അത് കൊല്ലം ജില്ലയിലെ ബിജെപി രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നു.
രാജഗോപാലിന് ശേഷം എംഎല്‍എയാകുന്ന കേരളത്തിലെ ബിജെപി നേതാവാണ് ഗോപകുമാര്‍. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ചാത്തന്നൂരില്‍ ബിജെപി വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ഗോപകുമാര്‍, ഇത്തവണ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുകയായിരുന്നു. സി.പി.ഐ സ്ഥാനാര്‍ത്ഥി ആര്‍. രാജേന്ദ്രന് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ഗോപകുമാര്‍ കടുത്ത വെല്ലുവിളിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ വര്‍ദ്ധനവ് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
ഭരണവിരുദ്ധ വികാരവും പ്രാദേശികമായ വികസന മുരടിപ്പും ബിജെപിക്ക് അനുകൂലമായ തരംഗമായി മാറി. മുന്‍പ് രണ്ടുതവണ പരാജയപ്പെട്ടിട്ടും മണ്ഡലത്തില്‍ സജീവമായി നിന്ന ഗോപകുമാറിനോടുള്ള ജനങ്ങളുടെ താല്പര്യമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ചാത്തന്നൂരിലെ കശുവണ്ടി തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടുകള്‍ വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊല്ലം ജില്ലയില്‍ ആദ്യമായി താമര വിരിഞ്ഞതോടെ ബിജെപി ക്യാമ്പുകളില്‍ വലിയ ആവേശമാണ് പ്രകടമാകുന്നത്. ബി.ബി. ഗോപകുമാര്‍ മണ്ഡലത്തില്‍ നടത്തിയ നിശബ്ദ വിപ്ലവമാണ് ഇപ്പോള്‍ ഫലമായി പുറത്തുവരുന്നത്.
ഈ വിജയം ബിജെപിക്ക് കേരളത്തില്‍ പുതിയൊരു ഊര്‍ജ്ജം നല്‍കും. നേമത്തിന് ശേഷം നിയമസഭയില്‍ മറ്റൊരു ബിജെപി പ്രതിനിധി കൂടി എത്തുമ്പോള്‍ അത് സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പരാജയപ്പെട്ട എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കനത്ത ഞെട്ടലിലാണ്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നതോടെ വിജയത്തിന്റെ ആഴം വ്യക്തമാകും. ചാത്തന്നൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബി.ബി. ഗോപകുമാര്‍ മണ്ഡലത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തി. നേമത്തും ബിജെപി മുന്നിലായതിനാല്‍ നിയമസഭയില്‍ താമരയുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത.
ആരാണ് ബി.ബി. ഗോപകുമാര്‍?
ബിജെപിയുടെ കേരളത്തിലെ ഏറ്റവും കരുത്തുറ്റ സംഘാടകരില്‍ ഒരാളാണ് ബി.ബി. ഗോപകുമാര്‍. നിലവില്‍ ബിജെപി കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പാര്‍ട്ടിക്ക് ജില്ലയില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഗോപകുമാര്‍ എബിവിപിയുടെയും യുവമോര്‍ച്ചയുടെയും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്‍പും മത്സരിച്ച അദ്ദേഹം ഓരോ തവണയും വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ച് പാര്‍ട്ടിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നു.
കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ഗോപകുമാര്‍ കൊല്ലത്തെ സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം മികച്ചൊരു പ്രസംഗകന്‍ കൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഏറ്റവുമധികം വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഗോപകുമാര്‍ ഇത്തവണ ആ മുന്നേറ്റം വിജയമാക്കി മാറ്റുകയായിരുന്നു. ലളിതമായ ജീവിതശൈലിയും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും അദ്ദേഹത്തെ ചാത്തന്നൂരിലെ വോട്ടര്‍മാരുടെ പ്രിയങ്കരനാക്കി മാറ്റി.
