
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലപ്പുറത്തിന്റെ മണ്ണില്‍ പുതിയ ചരിത്രം കുറിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എന്ന റെക്കോര്‍ഡോടെയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് വീണ്ടും എത്തുന്നത്. 2021-ല്‍ മട്ടന്നൂരില്‍ കെ.കെ. ശൈലജ സ്ഥാപിച്ച 60,963 വോട്ടിന്റെ ഭൂരിപക്ഷമെന്ന റെക്കോര്‍ഡാണ് ഇത്തവണ മലപ്പുറം മണ്ഡലത്തിലൂടെ 'കുഞ്ഞാപ്പ' പഴങ്കഥയാക്കിയത്.
25 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 85,327 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് പി.കെ. കുഞ്ഞാലിക്കുട്ടി നേടിയത്. ആകെ 1,31,632 വോട്ടുകള്‍ കുഞ്ഞാലിക്കുട്ടി കരസ്ഥമാക്കിയപ്പോള്‍, രണ്ടാമതെത്തിയ എല്‍.ഡി.എഫ് (എന്‍.സി.പി) സ്ഥാനാര്‍ത്ഥി കെ.ടി. മുജീബ് റഹ്‌മാന് 46,305 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ത്ഥി അശ്വതി ഗുപ്തകുമാറിന് 9,127 വോട്ടുകള്‍ ലഭിച്ചു. ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് ഉബൈദുള്ളയ്ക്ക് പകരം കുഞ്ഞാലിക്കുട്ടി എത്തിയപ്പോള്‍ മണ്ഡലം ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്ന് ഈ ഭൂരിപക്ഷം വ്യക്തമാക്കുന്നു.
1982-ലും 87-ലും മലപ്പുറത്ത് നിന്ന് ജയിച്ച മുന്‍പരിചയമുള്ള കുഞ്ഞാലിക്കുട്ടിക്ക് ഇത് മധുരമായ തിരിച്ചുവരവാണ്. കുറ്റിപ്പുറത്തും വേങ്ങരയിലും ജയിച്ചുകയറിയ ചരിത്രമുള്ള അദ്ദേഹത്തെ 2006-ല്‍ കെ.ടി. ജലീല്‍ മാത്രമാണ് അട്ടിമറിച്ചിട്ടുള്ളത്. യു.ഡി.എഫ് മന്ത്രിസഭകളില്‍ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള കുഞ്ഞാലിക്കുട്ടി, ഇത്തവണ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്.
യു.ഡി.എഫിന്റെ ടീം വര്‍ക്കിന് കേരളം നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. മലപ്പുറം ജില്ല പ്രതിപക്ഷമില്ലാത്ത ജില്ലയാകുമെന്ന് തങ്ങള്‍ പ്രവചിച്ചത് യാഥാര്‍ത്ഥ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച്, തവനൂര്‍ മണ്ഡലത്തിലെ വിജയം മുസ്ലീം ലീഗിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും സമുദായ വോട്ടുകള്‍ക്ക് അപ്പുറം ജനങ്ങള്‍ യു.ഡി.എഫിനെ നെഞ്ചേറ്റിയതിന്റെ തെളിവാണിതെന്നും തങ്ങള്‍ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വലിയ വിജയത്തിന് നന്ദി പറഞ്ഞ കുഞ്ഞാലിക്കുട്ടി, ഭാവി കാര്യങ്ങള്‍ യു.ഡി.എഫുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ലീഗ് ചരിത്രം സൃഷ്ടിക്കുന്ന പാര്‍ട്ടിയാണെന്നും സാദിഖ് അലി തങ്ങളുടെ നേതൃത്വത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാര കൈമാറ്റവും മന്ത്രിസഭാ രൂപീകരണവും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
