
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി, ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്ന ഉറച്ച വിശ്വാസവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. ഫലം പുറത്തുവരുന്നതിന് മുൻപേ ആഘോഷങ്ങൾക്കായി കെ.പി.സി.സി ആസ്ഥാനത്ത് പന്തലൊരുക്കുന്ന കോൺഗ്രസ് നടപടിയെ അദ്ദേഹം പരിഹസിച്ചു. ഇത്തരത്തിലുള്ള മുൻകൂർ കാട്ടിക്കൂട്ടലുകൾക്ക് അവരാണ് മറുപടി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഉയർന്ന ജനപിന്തുണയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടേത് കരുത്തുറ്റ നേതൃത്വമാണെങ്കിലും, ഫലം വരുന്നതിന് മുൻപ് നേതാവിനെ നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.വി. അൻവർ ബേപ്പൂരിൽ പരാജയപ്പെടുമെന്ന് പ്രവചിച്ച രാമകൃഷ്ണൻ, തോറ്റാലും അൻവർ തല മൊട്ടയടിക്കരുത് എന്ന് പരിഹസിക്കുകയും ചെയ്തു. തന്റെ മണ്ഡലമായ പേരാമ്പ്രയിൽ വലിയ ആത്മവിശ്വാസമുണ്ടെന്നും മണ്ഡലത്തിലെ എല്ലാവരെയും ഉൾക്കൊണ്ടാണ് താൻ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ കഴിയുന്നതോടെ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.
