
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ആകാംക്ഷയുടെ മുനയിലാണ്. 234 മണ്ഡലങ്ങളിലേക്കായി ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ പുറത്തുവരും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. തമിഴ്‌നാടിന്റെ അടുത്ത ഭരണം ആര് കയ്യാളും എന്ന ചോദ്യത്തിന് നാളെ ഉച്ചയോടെ ഏകദേശ ഉത്തരം ലഭിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (85.10%) ഇത്തവണ രേഖപ്പെടുത്തിയത് എന്നത് രാഷ്ട്രീയ പാർട്ടികളെ ഒരുപോലെ പ്രത്യാശയിലും ആശങ്കയിലുമാക്കുന്നുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം (ഡി.എം.കെ+), എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം (എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി), നടൻ വിജയ് ആദ്യമായി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ അരങ്ങേറിയത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഡി.എം.കെ സർക്കാരിന്റെ ക്ഷേമപദ്ധതികൾ വോട്ടാകുമെന്ന് സ്റ്റാലിൻ വിശ്വസിക്കുമ്പോൾ, ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പളനിസ്വാമി. എന്നാൽ യുവവോട്ടർമാരുടെയും നഗരപ്രദേശങ്ങളുടെയും പിന്തുണ തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് വിജയിന്റെ ടി.വി.കെ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു.
സംസ്ഥാനത്തുടനീളമുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്നടുക്ക് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ട്രോങ്ങ് റൂമുകൾ കേന്ദ്രസേനയുടെയും സംസ്ഥാന പോലീസിന്റെയും കർശന നിരീക്ഷണത്തിലാണ്. വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കാൻ സി.സി.ടി.വി ക്യാമറകളും പ്രത്യേക നിരീക്ഷകരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. എക്സിറ്റ് പോൾ ഫലങ്ങൾ പലതരത്തിലുള്ള പ്രവചനങ്ങളാണ് നടത്തുന്നത്. മിക്ക പോളുകളും ഡി.എം.കെയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ചിലത് വിജയിന്റെ പാർട്ടിയുടെ മുന്നേറ്റം അട്ടിമറിക്ക് കാരണമാകുമെന്ന് പ്രവചിക്കുന്നു. തമിഴ് ജനത ആർക്കൊപ്പം നിൽക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവൻ. നാളെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ പുതിയ 'തലൈവൻ' ആരാണെന്ന് വ്യക്തമാകും.
അതേസമയം, പുതിയ ചുവടുവെപ്പിനൊരുങ്ങുന്ന നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) 'റിസോര്‍ട്ട് രാഷ്ട്രീയത്തിന്' സജ്ജമാകുന്നു എന്ന പുതിയ റിപ്പോർട്ടുകളും പുറത്തുവരുന്നു. സംസ്ഥാനത്ത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത 'തൂക്കുസഭ'യ്ക്ക് സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍, തങ്ങളുടെ വിജയികളായ സ്ഥാനാര്‍ത്ഥികളെ സംരക്ഷിക്കാനാണ് പാര്‍ട്ടിയുടെ ഈ അപ്രതീക്ഷിത നീക്കം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മറ്റ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമോ പദവികളോ നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ മഹാബലിപുരത്തിന് അടുത്തുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ട് ടിവികെ മുന്‍കൂട്ടി ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുറഞ്ഞത് 100 സ്ഥാനാര്‍ത്ഥികളെയെങ്കിലും ഒരേസമയം താമസിപ്പിക്കാന്‍ സൗകര്യമുള്ള റിസോര്‍ട്ട് സജ്ജമാക്കാന്‍ വിജയ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായാലുടന്‍ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും ഒട്ടും വൈകാതെ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'സീറ്റ് ജയിച്ചുകഴിഞ്ഞാല്‍ എങ്ങോട്ടും പോകരുത്' എന്ന് വിജയ് സ്ഥാനാര്‍ത്ഥികളോട് തമാശരൂപേണ പറഞ്ഞതായും എന്നാല്‍ ഇതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ ജാഗ്രതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി പാര്‍ട്ടി ഐക്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില എക്‌സിറ്റ് പോളുകള്‍ ടിവികെയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. 234 അംഗ നിയമസഭയില്‍ 120 സീറ്റുകള്‍ വരെ നേടി വിജയ് അധികാരത്തിലെത്തുമെന്ന് ചില പ്രവചനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍, ദ്രാവിഡ പാര്‍ട്ടികള്‍ ഇതിനെ പുച്ഛിച്ചു തള്ളുകയാണ്. ഡിഎംകെ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും വിജയ്ക്ക് രാഷ്ട്രീയം വെറുമൊരു വിനോദം മാത്രമാണെന്നും ഡിഎംകെ വക്താക്കള്‍ പരിഹസിക്കുന്നു. എങ്കിലും പോളിംഗ് ദിനത്തിലുണ്ടായ വന്‍ ജനപങ്കാളിത്തം ടിവികെയുടെ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിക്കുമെന്നാണ് സൂചന. രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് ഉണ്ടാക്കിയ തരംഗത്തെ വിജയ് മറികടക്കുമോ അതോ കമല്‍ഹാസനെപ്പോലെ പിന്നിലായിപ്പോകുമോ എന്ന ചോദ്യത്തിന് നാളെ ഉത്തരമാകും.
