
തലശ്ശേരി: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ തലശ്ശേരിയിൽ ഇത്തവണയും വിള്ളലില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. സജീവമായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും 69,743 വോട്ടുകൾ നേടിയാണ് കാരായി രാജൻ നിയമസഭയിലേക്ക് വണ്ടികയറുന്നത്.
സിപിഎം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ മണ്ഡലം വലിയ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഫസൽ വധക്കേസിലെ ആരോപണങ്ങളും അക്രമ രാഷ്ട്രീയവും എസ്‌ഡിപിഐ ബന്ധവും എതിരാളികൾ വലിയ ആയുധമാക്കിയെങ്കിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ ഇത് പ്രതിഫലിച്ചില്ല. സ്പീക്കർ എ.എൻ. ഷംസീറിന് പകരക്കാരനായാണ് ഇക്കുറി രാജൻ എത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷംസീർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. 2021-ൽ ഷംസീർ നേടിയ 36,801 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞെങ്കിലും, ശക്തമായ ത്രികോണ മത്സരത്തിലും വലിയ ഭൂരിപക്ഷത്തോടെ തന്നെ കാരായി രാജൻ വിജയം ഉറപ്പിച്ചു. തലശ്ശേരിയിൽ ഇതോടെ ചുവപ്പ് കൊടി വീണ്ടും പാറി.
