
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്മാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും നിഷ്പ്രഭരാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കുതിക്കുന്നു. 1967-ന് ശേഷം ആദ്യമായി ഡിഎംകെയോ എഐഎഡിഎംകെയോ അല്ലാത്ത ഒരു പാർട്ടി തമിഴ്‌നാടിന്റെ അധികാരം പിടിക്കുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം, അരങ്ങേറ്റ മത്സരത്തിൽ തന്നെ 90ലധികം മണ്ഡലങ്ങളിൽ ടിവികെ ലീഡ് ചെയ്യുകയാണ്. എഐഎഡിഎംകെ സഖ്യം 74 സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ സഖ്യം 56 സീറ്റുകളിലും ലീഡ് ചെയ്യുന്നു. തമിഴ് മണ്ണിൽ അരനൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് വിജയ് ഈ പടയോട്ടം നടത്തുന്നത്.
ആദ്യഘട്ടത്തിലെ ഫലസൂചനകൾ പുറത്തുവന്നതോടെ തമിഴക വെട്രി കഴകം ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി വക്താവ് ഫെലിക്സ് ജെറാൾഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഡിഎംകെ ഇരുട്ടുമുറിയിൽ തപ്പുകയായിരുന്നു, അവർക്കിപ്പോൾ യാഥാർത്ഥ്യം മനസ്സിലായിട്ടുണ്ടാകും, ടിവികെ ഒറ്റയ്ക്ക് ഭരണം പിടിക്കും" എന്ന് അദ്ദേഹം പ്രതികരിച്ചു.
സിനിമയിലെ താരപദവിക്കപ്പുറം മാറ്റം ആഗ്രഹിക്കുന്ന പുതിയ വോട്ടർമാരുടെ വലിയ പിന്തുണ വിജയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പരമ്പരാഗത പാർട്ടികൾക്കെതിരെയുള്ള അതിശക്തമായ തരംഗം സംസ്ഥാനത്ത് ദൃശ്യമാണ്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഫോർട്ട് സെന്റ് ജോർജിൽ വിജയ് അധികാരമേൽക്കുമോ എന്നതാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്നത്.
