
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിക്കുമ്പോൾ, രാഷ്ട്രീയ ചർച്ചകൾക്കൊപ്പം തന്നെ തമിഴകത്തെ സിനിമാ-ഗോസിപ്പ് കോളങ്ങളെയും ചൂടുപിടിപ്പിച്ചുകൊണ്ട് നടി തൃഷയുടെ സന്ദർശനം. വോട്ടെണ്ണലിൽ പാർട്ടി 100-ലധികം സീറ്റുകളിൽ ലീഡ് നേടുകയും വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സുപ്രധാന വേളയിലാണ്
തൃഷ ചെന്നൈ നീലാങ്കരയിലെ വിജയ്‍യുടെ വസതിയിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിൽ നേരിട്ട് അഭിനന്ദനം അറിയിക്കാനാണ് താരം എത്തിയതെങ്കിലും, ഇരുവരെയും ചുറ്റിപ്പറ്റി നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനം വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
കൗതുകകരമായ മറ്റൊരു കാര്യം, വോട്ടെണ്ണൽ നടക്കുന്ന ഇന്ന് തൃഷയുടെ പിറന്നാൾ കൂടിയാണ് എന്നതാണ്. ഇന്ന് പുലർച്ചെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ താരം അവിടെനിന്ന് നേരെ വിജയ്‍യുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കും തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ട വിവാദങ്ങൾക്കും ഇടയിൽ ഈ സന്ദർശനത്തിന് രാഷ്ട്രീയമായും സാമൂഹികമായും വലിയ പ്രാധാന്യമുണ്ട്.
വിവാഹേതര ബന്ധമെന്ന ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികൾ വിജയ്‍ക്കെതിരെ ആയുധമാക്കുന്നതിനിടയിലും, തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു തൃഷയുടെ പ്രതികരണം. വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ്‍യുടെ സൂപ്പർഹിറ്റ് ചിത്രം 'ഗില്ലി'യിലെ പാട്ടിനൊപ്പമാണ് തൃഷ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്.
രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ടിവികെ തമിഴ്നാട്ടിൽ മുന്നേറുന്നത്. വിജയ് മത്സരിച്ച പെരമ്പൂർ മണ്ഡലത്തിൽ മാത്രം 13,500-ൽ അധികം വോട്ടുകളുടെ ലീഡ് നിലവിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും അദ്ദേഹം ബഹുദൂരം മുന്നിലാണ്.
ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻമരങ്ങളെ വീഴ്ത്തിക്കൊണ്ടുള്ള വിജയ്‍യുടെ ഈ കുതിപ്പിനിടെ, അദ്ദേഹത്തെ അഭിനന്ദിക്കാൻ സിനിമാലോകത്തെ ഏറ്റവും അടുത്ത സുഹൃത്തായ തൃഷ തന്നെ എത്തിയത് ആരാധകർക്കും ആവേശമായിരിക്കുകയാണ്. വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും, തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന വിജയലഹരിയിലാണ് നീലാങ്കരയിലെ വിജയ്‍യുടെ വീട്.
