
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ചരിത്രമാണ് ബിജെപി പേരില്‍ കുറിച്ചിരിക്കുന്നത്. 2016-ല്‍ ഒ. രാജഗോപാലിലൂടെ ആദ്യമായി നേമത്ത് തുറന്ന അക്കൗണ്ട് 2021-ല്‍ പൂട്ടിച്ചു എന്ന് ഊറ്റംകൊണ്ട സിപിഎമ്മിന് അഞ്ച് വര്‍ഷത്തിനിപ്പുറം മറുപടി നല്‍കിയിരിക്കുന്നു. ഈ തിരിച്ചുവിരവ് ഒന്നല്ല, മൂന്ന് അക്കൗണ്ടുകള്‍ തുറന്നാണ് എന്നതാണ് പ്രത്യേകത. ഇത്തവണ് താമര വിരിഞ്ഞത് നേമത്ത് മാത്രമല്ല. തിരുവനന്തപുരത്തെ നേമം, കഴക്കൂട്ടം മണ്ഡലങ്ങള്‍ക്ക് പുറമെ കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും വിജയിക്കാന്‍ സാധിച്ചത് ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയുടെ നിര്‍ണ്ണായക അടയാളമായി മാറുന്നു. യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി ഈ നേട്ടം കൈവരിച്ചത് എന്നതാണ് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.
ബിജെപിയുടെ കേരളത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായ നേമം മണ്ഡലം ഇത്തവണ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി തിരിച്ചുപിടിച്ചു. 2021-ല്‍ വി. ശിവന്‍കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്ത ഈ മണ്ഡലം 2,876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ സ്വന്തമാക്കിയത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന നിമിഷം വരെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിച്ചത്. മണ്ഡലത്തില്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി നേരത്തെ തന്നെ പ്രചാരണ രംഗത്ത് സജീവമായ രാജീവ് ചന്ദ്രശേഖറിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു.
കേരളത്തില്‍ അധികമാരും പ്രതീക്ഷിക്കാതിരുന്ന ഒരു വിജയമാണ് കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ സംഭവിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന ബി.ബി. ഗോപകുമാര്‍, തന്റെ മൂന്നാം പോരാട്ടത്തില്‍ വിജയം കൊയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ ആര്‍. രാജേന്ദ്രനെ 4,012 വോട്ടിനാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്. ജനകീയനായ ജി.എസ്. ജയലാലിന് സിറ്റിംഗ് സീറ്റ് നിഷേധിച്ചതും ഗോപകുമാറിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും ബിജെപിക്ക് ഗുണമായി. പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരില്‍ നേടിയ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്.
കഴക്കൂട്ടം മണ്ഡലത്തില്‍ അതിശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിലാണ് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിജയിച്ചു കയറിയത്. സാക്ഷാല്‍ കടകംപള്ളി സുരേന്ദ്രനെ 428 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതും ബിജെപിയുടെ ശക്തമായ കേഡര്‍ സംവിധാനവും ഈ അട്ടിമറിക്ക് പിന്നിലുണ്ട്. അവസാന നിമിഷം വരെ വിജയസാധ്യത മാറിമറിഞ്ഞ മണ്ഡലത്തില്‍ മുരളീധരന്റെ വിജയം ബിജെപിക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
കേരളത്തിലെ ആര്‍എസ്എസ് ഘടനയെ രണ്ട് പ്രാന്തങ്ങളായി വിഭജിച്ചതും ബിജെപിയുടെ കേഡര്‍ സംവിധാനം ശക്തിപ്പെടുത്തിയതും ഈ വിജയത്തിന് അടിത്തറയിട്ടു. മുന്‍പ് ഒ. രാജഗോപാലിന്റെയും സുരേഷ് ഗോപിയുടെയും വിജയങ്ങള്‍ വ്യക്തിപരമായ മികവായി വിശേഷിപ്പിക്കപ്പെട്ടപ്പോള്‍, ചാത്തന്നൂരിലെയും കഴക്കൂട്ടത്തെയും വിജയങ്ങള്‍ ബിജെപിയുടെ സംഘടനാ ബലത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ വിഭാഗങ്ങളിലേക്ക് പാര്‍ട്ടി നടത്തിയ 'റീച്ച്' പരിപാടികള്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതോടെ ശക്തമായിരുന്നു. അതിന്റെ ഗുണഫലങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 19.21 ശതമാനം വോട്ടുവിഹിതത്തില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലെത്തുമ്പോള്‍ വോട്ടുവിഹിതം 13 ശതമാനത്തിന് താഴെയാകാന്‍ സാധ്യതയുള്ളത് പാര്‍ട്ടിക്കുള്ളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
വിജയങ്ങള്‍ക്കിടയിലും പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തേക്ക് മാറേണ്ടി വന്നു. പാലക്കാട് ശോഭ സുരേന്ദ്രനെതിരെ ഉയര്‍ന്ന വോട്ടിന് കോഴ വിവാദങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തിരിച്ചടിയായി. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയാണ് വിജയിച്ചത്. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല, ബിജെപിയുടെ സ്വന്തം വോട്ടുകള്‍ ചോരുന്നതിനും കാരണമായി. ശബരിമല പ്രക്ഷോഭ കാലത്തെ സുവര്‍ണ്ണാവസരം വോട്ടാക്കാന്‍ കഴിയാതിരുന്നത് പോലെ, ഇത്തവണയും ഭരണവിരുദ്ധ വികാരം പലയിടങ്ങളിലും യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത് ബിജെപിയുടെ സീറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സമായി.
കേരളത്തില്‍ ആഞ്ഞുപിടിച്ചാല്‍ ജയിക്കാവുന്ന ഒരു ഡസനിലധികം മണ്ഡലങ്ങള്‍ ഇപ്പോള്‍ ബിജെപിയുടെ പക്കലുണ്ട്. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് ഭരണത്തിന് കീഴില്‍ പ്രതിപക്ഷ നിരയില്‍ ഇടതുപക്ഷത്തോട് മത്സരിച്ച് തങ്ങളുടെ ഇടം കണ്ടെത്തുക എന്നതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ബംഗാള്‍ മോഡല്‍ ഹിന്ദുത്വ പരീക്ഷണം കേരളത്തിലും വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ വിജയത്തോടെ ബിജെപി ശക്തമാക്കുമെന്നുറപ്പാണ്.