
ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തമിഴക വെട്രി കഴകം (ടിവികെ) 90-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം വൻ ചലനമുണ്ടാക്കിയതോടെ, തിരഞ്ഞെടുപ്പിന് മുൻപ് പാതിവഴിയിൽ നിലച്ചുപോയ എഐഎഡിഎംകെ - ടിവികെ സഖ്യസാധ്യതകൾ രാഷ്ട്രീയ ഇടനാഴികളിൽ വീണ്ടും സജീവമായിരിക്കുകയാണ്.
2025 അവസാനത്തോടെ ഇരുപാർട്ടികളും തമ്മിൽ സഖ്യചർച്ചകൾ നടന്നിരുന്നുവെങ്കിലും വിജയ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകൾ കാരണം അത് പരാജയപ്പെടുകയായിരുന്നു. സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക, പകുതിയോളം സീറ്റുകൾ ടിവികെയ്ക്ക് നൽകുക എന്നീ ആവശ്യങ്ങൾ എഐഎഡിഎംകെ അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് എഐഎഡിഎംകെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിലേക്ക് മടങ്ങുകയും ടിവികെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എടപ്പാടി പളനിസ്വാമിയും വിജയ്‌യും പരസ്പരം രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ടിവികെ ഒരു സഖ്യത്തിനുമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ, ഗതികേടുകൊണ്ട് പഴയ ശത്രുത മറന്ന് ഇരുപാർട്ടികളും ഒന്നിക്കേണ്ടി വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
രണ്ട് വർഷം മാത്രം പ്രായമുള്ള ടിവികെ ഇത്രയും വലിയ മുന്നേറ്റം നടത്തിയത് സ്റ്റാലിന്റെയും പളനിസ്വാമിയുടെയും നേതൃത്വത്തിലുള്ള പരമ്പരാഗത രാഷ്ട്രീയത്തിന് വലിയ ഭീഷണിയാണ്. എഐഎഡിഎംകെക്ക് വിജയ്‌യെ ഒരു തുല്യശക്തിയായി അംഗീകരിക്കേണ്ടി വരുമോ എന്നതും, ബിജെപി വിരുദ്ധ നിലപാട് പ്രഖ്യാപിച്ച വിജയ് പഴയ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകുമോ എന്നതുമാണ് വരും മണിക്കൂറുകളിൽ തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കാൻ പോകുന്ന പ്രധാന അധ്യായങ്ങൾ.
