
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയെ ഞെട്ടിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. സ്വന്തം തട്ടകമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിലവിൽ പിന്നിലാണ്. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് ഇവിടെ സ്റ്റാലിനെ മറികടന്ന് ലീഡ് ചെയ്യുന്നത്.
2011 മുതൽ സ്റ്റാലിൻ കൈവശം വെച്ചിരുന്ന മണ്ഡലമാണ് കൊളത്തൂർ. കഴിഞ്ഞ തവണ 70,000-ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ വിയർക്കുന്നത്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയായ ബാബുവിന്റെ മുന്നേറ്റം ഡിഎംകെ ക്യാമ്പുകളെ നിശബ്ദമാക്കിയിരിക്കുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ ഇവിടെ മൂന്നാം സ്ഥാനത്താണ്.
മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും തന്റെ മണ്ഡലമായ ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പിന്നിലാണ്. കഴിഞ്ഞ തവണ സ്റ്റാലിനോട് കൊളത്തൂരിൽ തോറ്റ ആദി രാജാറാമാണ് (എഐഎഡിഎംകെ) ഇത്തവണ ഉദയനിധിക്കെതിരെ ലീഡ് പിടിച്ചിരിക്കുന്നത്. കരുണാനിധിയുടെ കുടുംബത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിൽ പോലും 'ദളപതി' വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയും എഐഎഡിഎംകെയും നടത്തുന്ന മുന്നേറ്റം തമിഴ് രാഷ്ട്രീയം ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു എന്നതിന്റെ സൂചനയാണ്.
