BoolokamBoolokam

മൂകാംബികയിലേക്ക് പോകാന്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്; വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച; കൂടെയുള്ളത് സ്വര്‍ണ്ണപ്പാളി കേസ് പ്രതിയെന്ന് ആരോപണം; ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം

കൊച്ചി/മംഗലാപുരം: തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മംഗലാപുരം യാത്ര രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയില്‍ കര്‍ണാടകയിലെ എന്‍ഡിഎ നേതാക്കളുമായി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൊച്ചിയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ പശ്ചാത്തലമാണ് സതീശനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

മെയ് ഒന്നിനാണ് വി.ഡി. സതീശന്‍ മംഗലാപുരത്തെ പ്രമുഖ എന്‍ഡിഎ നേതാവും ജെഡിഎസ് എംഎല്‍സിയുമായ ബി.എം. ഫറൂക്കിന്റെ വസതിയില്‍ എത്തിയത്. കര്‍ണാടകയില്‍ ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ജെഡിഎസ് നേതാവുമായി സതീശന്‍ നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന. കൂടിക്കാഴ്ചയില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള മുന്‍ എംഎല്‍എ മൊയ്തീന്‍ ബാബയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. ഇവരെല്ലാം മുമ്പ് കോണ്‍ഗ്രസുകാരിയിരുന്നു.

ചാര്‍ട്ടേഡ് വിമാനത്തില്‍ സതീശനോടൊപ്പം യാത്ര ചെയ്ത സംഘത്തില്‍ സ്വര്‍ണ്ണപ്പാളി കേസില്‍ പോലീസ് ചോദ്യം ചെയ്ത റെജി എന്ന വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ഇവര്‍ ഇപ്പോള്‍ വിവാദ വ്യവസായികളാണെന്നും ഇത്തരമൊരു സംഘത്തോടൊപ്പം പ്രതിപക്ഷ നേതാവ് യാത്ര നടത്തിയത് ശരിയായില്ലെന്നും രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. യാത്രാ വിവരങ്ങള്‍ ഉള്‍പ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശന്‍ പിടിമുറുക്കുന്നതിനിടെയുണ്ടായ ഈ 'സന്ദര്‍ശനം' പാര്‍ട്ടിക്കുള്ളിലെ സതീശന്‍ വിരുദ്ധര്‍ ആയുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചതായാണ് വിവരം. സാധാരണ വിമാന സര്‍വീസുകള്‍ ലഭ്യമായിരിക്കെ എന്തിനാണ് ഒരു സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇത്ര രഹസ്യമായി യാത്ര നടത്തിയതെന്ന ചോദ്യം ശക്തമാണ്. യാത്രയുടെ സാമ്പത്തിക സ്രോതസ്സും സംശയനിഴലിലാണ്. സതീശന്റെ യാത്രയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിമാനത്താവളത്തിലെ രേഖകളും പുറത്തുവന്നതോടെ വിവാദം പലതലത്തിലെത്തി.

സതീശനോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബി.എം. ഫറൂഖും മൊയ്തീന്‍ ബാബയും മുന്‍പ് കോണ്‍ഗ്രസ് പാളയത്തിലുണ്ടായിരുന്നവരാണ്. പിന്നീട് ഇവര്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിലും ബിജെപി അനുകൂല നിലപാടുകളിലേക്കും മാറി. വിവാദം കൊഴുക്കുമ്പോഴും സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ വി.ഡി. സതീശന്‍ ഇതുവരെ തയ്യാറായിട്ടില്ല. ക്ഷേത്ര ദര്‍ശനത്തിന്റെ ഭാഗമായുള്ള സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

രാവിലെ 8.40നാണ് വി ഡി സതീശന്‍ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന്റെ നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി പിന്തുണയില്‍ എംഎല്‍സിയായ ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെഡിഎസില്‍ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശന്‍ കണ്ടത്. വി ഡി സതീശന് ഇവര്‍ വിരുന്ന് നല്‍കിയതായും സൂചനയുണ്ട്. വി ഡി സതീശനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന സഹയാത്രികന്‍ കെ റെജികുമാര്‍ ആണ്. സ്വര്‍ണപ്പാളി കേസില്‍ എസ്ഐടി ചോദ്യം ചെയ്ത വ്യക്തിയാണോ ഈ റെജികുമാര്‍ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്ലൈറ്റില്‍ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂകാംബിക ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് മംഗലാപുരത്തേയ്ക്ക് വി ഡി സതീശന്‍ പോയത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. saffron strokes പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള vt- pmo രജിസ്ട്രേഷനിലുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!