BoolokamBoolokam

യുഡിഎഫ് തരംഗത്തിലും കുലുങ്ങാതെ കയ്പമംഗലം; വത്സരാജിലൂടെ ഇടതുകോട്ട കാത്ത് സിപിഐ; നാസറിന് തിരിച്ചടിയായത് 'ഇറക്കുമതി' വിവാദം

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃശൂരിലെ കയ്പമംഗലം മണ്ഡലം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നു. സിപിഐ സ്ഥാനാർത്ഥി കെ.കെ. വത്സരാജ് 9,944 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസറിനെയാണ് വത്സരാജ് പരാജയപ്പെടുത്തിയത്.

എഐവൈഎഫ് ജില്ലാ നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ വത്സരാജ്, ദീർഘകാലം സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായ അദ്ദേഹം ചെത്തുതൊഴിലാളി യൂണിയൻ ഉൾപ്പെടെ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുവായൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വത്സരാജിനെ കയ്പമംഗലം കൈവിട്ടില്ല.

യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസറിനെതിരെ പ്രാദേശികമായി ഉയർന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. ബെന്നി ബഹനാൻറെ നോമിനിയായി നാസറിനെ 'ഇറക്കുമതി' ചെയ്തതിനെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മണ്ഡലത്തിലുള്ള പ്രാപ്തരായ നേതാക്കളെ അവഗണിച്ചത് വോട്ടർമാർക്കിടയിൽ അതൃപ്തിയുണ്ടാക്കി.

2008-ലെ പുനർനിർണ്ണയത്തിന് ശേഷം നിലവിൽ വന്ന കയ്പമംഗലം എന്നും സിപിഐക്കൊപ്പമാണ് നിന്നിട്ടുള്ളത്. 2011-ൽ വി.എസ്. സുനിൽ കുമാറും 2016-ലും 2021-ലും ഇ.ടി. ടൈസൺ മാസ്റ്ററും മണ്ഡലം കാത്തു. 2021-ൽ 22,698 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം പതിനായിരത്തിന് താഴേക്ക് കുറഞ്ഞെങ്കിലും, ശക്തമായ യുഡിഎഫ് കാറ്റിനെ അതിജീവിച്ച് ചുവപ്പ് കൊടി പാറിക്കാൻ വത്സരാജിന് കഴിഞ്ഞു. എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!