
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിലെ റോയിംഗിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് തകർത്തു. മെക്ക മേഖലയിലെ ഒരു റിസോർട്ടിൽ ഞായറാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് നാല് യുവതികളെ പോലീസ് സംഘം രക്ഷപ്പെടുത്തിയത്. അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് റോയിംഗ് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് താനിയ ഉലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസമിലെ ടിൻസുക്കിയ മേഖലയിൽ നിന്ന് എത്തിച്ച നാല് യുവതികളെയാണ് പോലീസ് കണ്ടെത്തിയത്. റെയ്ഡ് സമയത്ത് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന റിസോർട്ട് ഉടമയെയും മാനേജരെയും നിരവധി ഇടപാടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പ്രാദേശികമായ ഇടപാടുകാർക്ക് കൈമാറുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംശയാസ്പദമായ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് എന്നീ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം റോയിംഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ പോലീസിനെ പ്രശംസിച്ചുകൊണ്ട് അരുണാചൽ പ്രദേശ് ആഭ്യന്തര മന്ത്രി മാമാ നടുംഗ് രംഗത്തെത്തി.
ലൈസൻസ് പോലുമില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ സർക്കാർ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി ഉറപ്പാക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
