BoolokamBoolokam

വാടിക്കൊഴിഞ്ഞ് രണ്ടില! ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടി; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി; യു.ഡി.എഫിലേക്ക് മടങ്ങാതിരുന്നത് വിനയായി; മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തൂത്തെറിഞ്ഞ് ജനം; കരുത്തു കാട്ടി ജോസഫ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും കനത്ത രാഷ്ട്രീയ തിരിച്ചടി നേരിടുന്നത് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) വിഭാഗമാണ്. പതിറ്റാണ്ടുകളോളം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന 'മാണി' ഗ്രൂപ്പിന്റെ അപ്രമാദിത്വം നഷ്ടമാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മത്സരിച്ച 12 സീറ്റുകളിലും ലീഡ് നേടാനാകാതെ പാര്‍ട്ടി സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് കോട്ടയം മേഖലയില്‍ വലിയ മുന്നേറ്റം നല്‍കാന്‍ ജോസ് വിഭാഗത്തിന് കഴിഞ്ഞിരുന്നു. ഇത്തവണ ക്രൈസ്തവ മേഖലകളിലടക്കം ഉണ്ടായ വോട്ട് ചോര്‍ച്ച പാര്‍ട്ടിയെ സംപൂജ്യരാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായില്‍ വീണ്ടും തോറ്റു. സിറ്റിങ് എം.എല്‍.എയും യൂ.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പന്‍ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോല്‍പിച്ചത്.

കെ.എം. മാണി എന്ന രാഷ്ട്രീയ അതികായകന്റെ തട്ടകമായ പാലായില്‍ ജോസ് കെ. മാണി നേരിട്ട പരാജയം പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നതിന്റെ വ്യക്തമായ സൂചനയാണ്. 1965 മുതല്‍ 2019 വരെ കെ.എം. മാണി കാത്തുസൂക്ഷിച്ച പാലാ മണ്ഡലം, തുടര്‍ച്ചയായ മൂന്നാം തവണയും കൈവിട്ടുപോകുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു. യു.ഡി.എഫ് സ്വതന്ത്രനായ മാണി സി. കാപ്പന്‍ പാലായില്‍ ആധിപത്യം തുടരുമ്പോള്‍, സ്വന്തം നാട്ടില്‍ പോലും അംഗീകാരം നേടാന്‍ ജോസ് കെ. മാണിക്ക് സാധിക്കുന്നില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്ന പ്രധാന പരാജയമാണ്. പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകളും ഈ തിരഞ്ഞെടുപ്പില്‍ അടിപതറി വീണു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയിലും തിരിച്ചടി നേരിട്ടു. ഇടുക്കിയില്‍ റോയ് കെ. പൗലോസും കാഞ്ഞിരപ്പള്ളിയില്‍ റോണി കെ. ബേബിയും ഉണ്ടാക്കിയ മുന്നേറ്റം കേരള കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പിന്നിലായതോടെ നിയമസഭയില്‍ മാണി വിഭാഗത്തിന് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്ന മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് 2021-ല്‍ ഗുണം ചെയ്‌തെങ്കിലും 2026-ല്‍ അത് രാഷ്ട്രീയ ആത്മഹത്യയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ തരംഗത്തിന്റെയും യു.ഡി.എഫ് അനുകൂല കാറ്റിന്റെയും പ്രധാന ഇരയായി കേരള കോണ്‍ഗ്രസ് (എം) മാറി. മാണി വിഭാഗം നാണംകെട്ട പരാജയം ഏറ്റുവാങ്ങുമ്പോള്‍, യു.ഡി.എഫില്‍ ഉറച്ചുനിന്ന പി.ജെ. ജോസഫ് വിഭാഗം വന്‍ നേട്ടമുണ്ടാക്കി. എട്ട് സീറ്റുകളില്‍ മത്സരിച്ച അവര്‍ ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല എന്നിവിടങ്ങളില്‍ വിജയമുറപ്പിച്ചു. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആര് എന്ന തര്‍ക്കത്തിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയായാണ് ജോസഫ് വിഭാഗം ഈ വിജയത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

ക്രൈസ്തവ മേഖല കൈവിട്ടു

1965 മുതല്‍ തുടര്‍ച്ചയായി 13 തെരഞ്ഞെടുപ്പുകളില്‍ കെ.എം മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്. കെ.എം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനായി രംഗത്തിറങ്ങിയ ജോസ് ടോം പുളിക്കുന്നേല്‍ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്. 2021ല്‍ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാന്‍ രംഗത്തിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും അതു തന്നെയായി വിധി.

പാര്‍ട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ (ഇടുക്കി), മുതിര്‍ന്ന നേതാവ് എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും തോല്‍വി ഉറപ്പിച്ചു. പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്.

തിരിച്ചുവിളിച്ചിട്ടും വന്നില്ല, അനിവാര്യമായ തോല്‍വി

1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് തിരിഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമാണ്. സിപിഎമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അന്ന് സിപിഎമ്മിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പതനത്തിന് തുടക്കമാണെന്നത് അന്ന് തന്നെ ഏറെകുറെ ഉറപ്പായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്.

ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ രണ്ടിലയ്ക്ക് കാര്യമായ വാട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റുന്ന കാഴ്ച്ചയാണ്. ഒരുഘട്ടത്തില്‍ യുഡിഎഫിലേയ്ക്ക് തിരിച്ചുവരാനുള്ള സുവര്‍ണ്ണാവസരം കേരള കോണ്‍ഗ്രസ് എം മുന്നണിക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും എല്‍ഡിഎഫില്‍ തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി യുഡിഎഫിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുത്തെങ്കിലും മന്ത്രിയായിരുന്ന റോഷി അഗസ്റ്റിയന്റെയും സംഘത്തിന്റെയും എതിര്‍പ്പായിരുന്നു തിരിച്ചടിയായത്. അത് പക്ഷെ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളില്‍ കത്തിവയ്ക്കുന്ന തീരുമാനമായിരുന്നു.

അതേ സമയം പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം ഉറച്ച് നിന്ന് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് മുന്നിലെത്തിയത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ജയമുറപ്പിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാടിക്കൊഴിഞ്ഞ് രണ്ടില! ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്… | Boolokam