
പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ മനസാക്ഷിയെ നടുക്കുന്ന രണ്ട് ക്രൂരകൃത്യങ്ങളാണ് ഒരേദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചതാണ് ഇതിൽ ആദ്യത്തേത്. മെയ് ഒന്നിന് നടന്ന സംഭവത്തിൽ, വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ചാണ് പതിനേഴുകാരനായ പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ കൗമാരക്കാരന്റെ വീട്ടിലെ സ്യൂട്ട്കേസിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും കുറ്റകൃത്യം പുറത്തറിയാതിരിക്കാൻ കുത്തിക്കൊലപ്പെടുത്തിയതാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പുനെ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടിയിലായ പ്രതിയെ ബിഎൻഎസ്, പോക്സോ നിയമങ്ങൾ പ്രകാരം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
ഇതേദിവസം തന്നെ പുനെയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിൽ നാല് വയസ്സുകാരിയെ 65-കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവും പുറത്തുവന്നു. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കന്നുകാലി തൊഴുത്തിന് സമീപത്തെ ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ കുഞ്ഞിനെ ക്രൂരതയ്ക്ക് ഇരയാക്കിയത്.
ഈ കേസിലും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും അതിവേഗ അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ഒരേദിവസം പുറത്തുവന്ന ഈ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണാന്ത്യം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
