
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലപ്പുറം ജില്ലയില്‍ അവശേഷിച്ച 'ഇടതു കനല്‍തരികള്‍' അണച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് യു.ഡി.എഫ് തരംഗം. ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിച്ച് 'സമ്പൂര്‍ണ്ണ വിജയം' എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ യു.ഡി.എഫ്, ഇടതുപക്ഷത്തിന്റെ ജില്ലയിലെ സ്വാധീനത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കി. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ച പൊന്നാനിയും, രൂപീകരണ കാലം മുതല്‍ കെ.ടി. ജലീലിനൊപ്പം നിന്ന തവനൂരും 'ചുവപ്പ് പാത' ഉപേക്ഷിച്ചതോടെ മലപ്പുറത്തിന്റെ രാഷ്ട്രീയ ഭൂപടം യു.ഡി.എഫിന്റെത് മാത്രമായി മാറുകയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ 'അട്ടിമറി വീരന്‍' എന്നറിയപ്പെട്ടിരുന്ന കെ.ടി. ജലീലിന് ഇത്തവണ സ്വന്തം തട്ടകമായ തവനൂരില്‍ കാലിടറി. വി.എസ്. ജോയ് എന്ന യുവനേതാവിനെ രംഗത്തിറക്കി യു.ഡി.എഫ് നടത്തിയ പരീക്ഷണം വന്‍ വിജയമായി മാറി. സാമുദായിക സമവാക്യങ്ങള്‍ക്കപ്പുറം ജനകീയനായ ഒരു യുവനേതാവിനെ ജയിപ്പിക്കാന്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോള്‍ 14,647 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി.എസ്. ജോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജലീലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായി ഈ പരാജയം മാറുകയാണ്.
മാറ്റത്തിന്റെ കാറ്റിലും വീഴാത്ത ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട പൊന്നാനിയും ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും ഭരണവിരുദ്ധ വികാരവും സി.പി.എമ്മിന് വിനയായി. മുന്‍ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിനെതിരെ പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മുതലെടുക്കാന്‍ യു.ഡി.എഫിന്റെ കെ.പി. നൗഷാദ് അലിക്ക് സാധിച്ചു. 13,267 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നൗഷാദ് അലി പൊന്നാനിയുടെ പുതിയ പ്രതിനിധിയായി.
2016-ല്‍ വി. അബ്ദുറഹിമാനിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത താനൂര്‍, മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി നേതാവ് പി.കെ. നവാസിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. 27,131 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് നവാസിന്റെ വിജയം. അതേസമയം, താനൂര്‍ വിട്ട് സ്വന്തം മണ്ഡലമായ തിരൂരില്‍ മത്സരിക്കാനെത്തിയ മന്ത്രി വി. അബ്ദുറഹിമാനും കനത്ത പരാജയം നേരിട്ടു. കുറുക്കോളി മൊയ്തീന്‍ 24,137 വോട്ടിന് അബ്ദുറഹിമാനെ പരാജയപ്പെടുത്തിയതോടെ മന്ത്രിസഭയിലെ പ്രമുഖ അംഗത്തിനും നിയമസഭയ്ക്ക് പുറത്തുപോകേണ്ടി വന്നു.മലപ്പുറം ജില്ലയിലെ യു.ഡി.എഫ് വിജയത്തിന് തിളക്കം കൂട്ടിയത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര വിജയമാണ്. വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിച്ച കുഞ്ഞാലിക്കുട്ടി 85,327 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം മത്സരിച്ച കെ.എം. ഷാജി 30,325 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ ആധിപത്യമാണ് പുലര്‍ത്തിയത്. തിരൂരങ്ങാടിയില്‍ പി.എം.എ. സമീര്‍ (63,387), മഞ്ചേരിയില്‍ എം. റഹ്‌മത്തുള്ള (57,887), കൊണ്ടോട്ടിയില്‍ ടി.പി. അഷ്‌റഫലി (56,017) എന്നിവര്‍ കൂറ്റന്‍ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ വെറും 38 വോട്ടിന് വിജയിച്ച പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം ഇത്തവണ 32,431 വോട്ടിന്റെ ഭൂരിപക്ഷം നേടി കരുത്ത് തെളിയിച്ചു. വണ്ടൂരില്‍ എ.പി. അനില്‍കുമാറും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും മികച്ച ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു.
ചെങ്കനല്‍ അണഞ്ഞു.... യുഡിഎഫ് കൊടുങ്കാറ്റില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് അന്നേ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞിരുന്നു. ആ വിജയം ഉറപ്പാക്കാനായി ജില്ലയിലെ യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. ജില്ലയില്‍ സാധാരണയായി തിരഞ്ഞെടുപ്പ് വേളയില്‍ തലപൊക്കുന്ന കോണ്‍ഗ്രസ്-ലീഗ് തര്‍ക്കങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. യുഡിഎഫ് എന്ന ലേബലില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധവികാരം യുഡിഎഫിന് വോട്ടാക്കി മാറ്റാനും കഴിഞ്ഞു.
പൊന്നാനിയും തവനൂരും താനൂരും നിലമ്പൂരുമായിരുന്നു 2021-ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് വിജയിച്ചത്. ഇതില്‍ നിലമ്പൂര്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. പിന്നെ യുഡിഎഫിന്റെ മുന്നിലുണ്ടായിരുന്നത് ബാക്കി മൂന്ന് സീറ്റുകളിലെ അട്ടിമറികളായിരുന്നു. പൊന്നാനിയിലും തവനൂരും താനൂരും ശക്തരായ സ്ഥാനാര്‍ഥികളെ അണിനിരത്തിയതോടെ ആദ്യകടമ്പ തന്നെ യുഡിഎഫ് കടന്നു.
രൂപവത്കരിച്ചതുമുതല്‍ കെ.ടി. ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂര്‍. 2006-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിച്ച് തിരഞ്ഞെടുപ്പില്‍ ചരിത്രംകുറിച്ച കെ.ടി. ജലീല്‍ 2011 മുതല്‍ 2021 വരെ പിന്നീട് രൂപവത്കരിച്ച തവനൂരിലും ജയിച്ചിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞ അദ്ദേഹം പാര്‍ട്ടി സ്ഥാനാര്‍ഥിപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. എങ്ങനെപോയാലും മലപ്പുറത്ത് തോല്‍ക്കില്ലെന്ന് ഇടതുപ്രവര്‍ത്തകര്‍ ഉറപ്പിച്ച മണ്ഡലമായിരുന്നു തവനൂര്‍. പക്ഷേ, വി.എസ്. ജോയ് എന്ന യുവനേതാവിനെ രംഗത്തിറക്കി യുഡിഎഫ് ആദ്യം ഇടതുക്യാമ്പിനെ ഞെട്ടിച്ചു.
തവനൂരിലെ സാമുദായിക സമവാക്യങ്ങള്‍ക്കപ്പുറമുള്ള സ്ഥാനാര്‍ഥിയായിരുന്നു വി.എസ്. ജോയ്. വളരെ ചുരുക്കം ക്രിസ്ത്യന്‍ വോട്ടുകളുള്ള തവനൂര്‍ പോലെയുള്ള മണ്ഡലത്തില്‍ വി.എസ്. ജോയിയെ കളത്തിലിറക്കി യുഡിഎഫ് നല്‍കിയതും ശക്തമായ സന്ദേശമായിരുന്നു. വി.എസ്. ജോയ് എന്ന യുവനേതാവിനെ ജയിപ്പിക്കാനായി മണ്ഡലത്തിലെ മുസ്ലിംലീഗ് സംവിധാനം മുഴുവനും അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതോടെ എല്‍ഡിഎഫ് ക്യാമ്പും ചെറുതായി അപകടം മണത്തു. പക്ഷേ, ഏതുതരംഗത്തിലും തവനൂര്‍ കൈവിടില്ലെന്ന് തന്നെയായിരുന്നു എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ വി.എസ്. ജോയ് എന്ന യുവരക്തത്തിന് 14,647 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് തവനൂര്‍ സമ്മാനിച്ചത്. അങ്ങനെ ചരിത്രത്തിലാദ്യമായി തവനൂരില്‍ യുഡിഎഫ് അക്കൗണ്ടും തുറന്നു.
പൊന്നാനിയെന്ന ഇടതുകോട്ട പൊളിച്ചതാണ് ജില്ലയിലെ യുഡിഎഫ് ക്യാമ്പിന്റെ മറ്റൊരു അഭിമാനം. മാറ്റത്തിന്റെ ഏതുകാറ്റ് വീശിയാലും പൊന്നാനിയില്‍ വീഴില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ഒരുപോലെ വിശ്വസിച്ചിരുന്നു. എന്നാല്‍, എം.കെ. സക്കീര്‍ എന്ന മുന്‍ പി.എസ്.സി. ചെയര്‍മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിടത്തുത്തന്നെ എല്‍ഡിഎഫിന് പണിപാളി. പ്രാദേശിക പാര്‍ട്ടിപ്രവര്‍ത്തകരില്‍നിന്ന് സ്ഥാനാര്‍ഥിക്കെതിരേ എതിര്‍പ്പുണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളിലേതുപോലെ അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. നൗഷാദലി. സാമൂഹിക-സാംസ്‌കാരി രംഗങ്ങളില്‍ സജീവമായും ജനങ്ങളുമായി നേരിട്ട് ഇടപെട്ടും അദ്ദേഹം മണ്ഡലത്തില്‍ സാന്നിധ്യമുറപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വോട്ടായി മാറി. ഒടുവില്‍ ഫലംപ്രഖ്യാപിച്ചപ്പോള്‍ ഇടതിന്റെ പൊന്നാനിയും യുഡിഎഫിന്റെ കൈകളിലെത്തി. 13,267 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നൗഷാദലിയുടെ വിജയം.
2016-ല്‍ വി. അബ്ദുറഹിമാനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത താനൂരും ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസാണ് താനൂരിന്റെ പുതിയ എംഎല്‍എ. ആദ്യം സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി. അബ്ദുറഹിമാനെയാണ് സിപിഎം താനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പക്ഷേ, താനൂരില്‍ മത്സരിക്കാന്‍ അദ്ദേഹം വിമുഖത കാണിച്ചതോടെ സിപിഎമ്മിന് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവന്നു. അങ്ങനെ ടി. മുഹമ്മദ് സമീര്‍ എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടക്കത്തിലുണ്ടായ കല്ലുകടി ഇടതുപ്രവര്‍ത്തകരെ പോലും നിരാശരാക്കി. ഒടുവില്‍ ഫലംപ്രഖ്യാപിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി നേതാവ് പി.കെ. നവാസ് 27,131 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താനൂര്‍ പിടിച്ചെടുത്തു.
മന്ത്രി വി. അബ്ദുറഹിമാനാണ് യുഡിഎഫ് തരംഗത്തില്‍ അടിതെറ്റിയ ജില്ലയിലെ പ്രമുഖരില്‍ മറ്റൊരാള്‍. മണ്ഡലം മാറി ഇത്തവണ സ്വന്തം മണ്ഡലമായ തിരൂരില്‍ മത്സരിച്ച അദ്ദേഹത്തിന് പക്ഷേ, 'ഹോംഗ്രൗണ്ടി'ല്‍ തോല്‍ക്കാനായിരുന്നു വിധി. സിറ്റിങ് എംഎല്‍എയായ കുറുക്കോളി മൊയ്തീന്‍ തിരൂര്‍ ലീഗിന്റെ കോട്ടയാണെന്ന് ഇത്തവണയും തെളിയിച്ചു. 24,137 വോട്ടിനാണ് കുറുക്കോളി മൊയ്തീന്‍ മന്ത്രി വി. അബ്ദുറഹിമാനെ തറപറ്റിച്ചത്.
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളും ജില്ലയില്‍ വലിയ ചര്‍ച്ചയായി. വെള്ളാപ്പള്ളി നടേശന്‍ നിരന്തരം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളും സിപിഎം അതിനെതിരെ മൗനംപാലിച്ചതും വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ കൊണ്ടുനടന്നതും യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയമായി. വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളും അതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും ജില്ലയിലെ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക് ഏകീകരിക്കാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. 16-ല്‍ 16 സീറ്റും നഷ്ടപ്പെട്ടതോടെ മലപ്പുറം ജില്ലയില്‍ സി.പി.എമ്മും ഇടതുപക്ഷവും മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പ്രതിസന്ധിയിലാണ്.
