BoolokamBoolokam

സാക്ഷാല്‍ ശിവാജി ഗണേശനും കമല്‍ ഹാസനും പരാജയപ്പെട്ട രാഷ്ട്രീയ പോരില്‍ എം.ജി.ആറിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി വിജയ്; 'മുഖ്യമന്ത്രി'യെ വീഴ്ത്താന്‍ കളത്തിലിറക്കിയത് മുന്‍ വിശ്വസ്തനെ; 70000 വോട്ടിന് ജയിച്ച കൊളത്തൂരില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; തമിഴ്‌നാട്ടില്‍ വെട്രിക്കൊടി പാറിച്ച് ടിവികെ തന്ത്രങ്ങള്‍; കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍

ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ വിജയമായി നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മാറിക്കഴിഞ്ഞു. പശ്ചിമ ബംഗാളിലും അസമിലും ബിജെപി കരുത്തുകാട്ടുമ്പോള്‍ തെന്നിന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് ശക്തമായി വീശുകയാണ്.

തമിഴ്നാട് രാഷ്ട്രീയത്തിലെ വന്‍മരങ്ങളായ ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും അപ്രസക്തമാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ത്തന്നെ വിജയ് തമിഴകത്തിന്റെ 'ജനനായകന്‍' ആയി മാറിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ സ്ഥിരം മണ്ഡലമായ കൊളത്തൂരില്‍ പരാജയപ്പെട്ടത് ഡി.എം.കെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ മുന്‍ വിശ്വസ്തനും ടി.വി.കെ സ്ഥാനാര്‍ത്ഥിയുമായ വി.എസ്. ബാബുവാണ് 7,000-ത്തിലധികം വോട്ടുകള്‍ക്ക് സ്റ്റാലിനെ അട്ടിമറിച്ചത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്. നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാര്‍ത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ല്‍ 70,000-ത്തിലധികം വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന്‍ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്‌നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്റ്റാലിന്‍ നേരിടുന്ന നാലാമത്തെ തോല്‍വിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുന്‍ എംഎല്‍എയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ല്‍ കൊളത്തൂരില്‍ സ്റ്റാലിന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കന്‍ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാല്‍ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയില്‍ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടര്‍ന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയില്‍ ചേര്‍ന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്യുടെ പാര്‍ട്ടിയില്‍ എത്തിയത്. സ്റ്റാലിനെതിരായ തകര്‍പ്പന്‍ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോള്‍ നിയമസഭയിലേക്ക് എത്തുന്നത്.

ആദ്യ ഘട്ടത്തില്‍ തന്നെ ടി വി കെ വന്‍ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ കാണാനാവുന്നത്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാടിന്റെ പരമ്പരാഗത ദ്രാവിഡ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടന്‍ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളില്‍ വിജയുടെ പാര്‍ട്ടിക്ക് ലഭിക്കുന്ന വന്‍ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.

സ്പീക്കര്‍ എം. അപ്പാവുവും രാധാപുരത്ത് പരാജയപ്പെട്ടു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ടി.വി.കെയെ മറികടക്കാന്‍ ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് സാധിച്ചില്ല. 100-ലധികം സീറ്റുകളില്‍ മുന്നേറുന്ന ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുകഴിഞ്ഞു. 1977-ല്‍ എം.ജി.ആര്‍ സൃഷ്ടിച്ച ചരിത്രവിജയത്തിന് ശേഷം ഒരു സിനിമാതാരം തന്റെ പാര്‍ട്ടിയെ അധികാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തിക്കുന്നത് ഇതാദ്യമായാണ്. കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് വിജയ്യുടെ കുതിപ്പ് തുടരുമോ അതോ എ.ഐ.എ.ഡി.എം.കെയുമായി ചേര്‍ന്ന് സഖ്യഭരണത്തിന് തുടക്കമിടുമോ എന്നതാണ് ഇനി തമിഴ്നാട് ഉറ്റുനോക്കുന്നത്.

ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ എ.ഐ.എ.ഡി.എം.കെയും വിജയിയും കൈകോര്‍ക്കുമോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ചെന്നൈയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്. 2025 അവസാനത്തോടെ ഇരുപാര്‍ട്ടികളും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിജയ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ സഖ്യനീക്കങ്ങള്‍ക്ക് തിരിച്ചടിയായി. 1977ല്‍ എം.ജി. രാമചന്ദ്രന്‍ (എം.ജി.ആര്‍) കുറിച്ച റെക്കോഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് തമിഴ് മണ്ണില്‍ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.

അതിനുശേഷം തമിഴ്നാട്ടില്‍ ശിവാജി ഗണേശന്‍ മുതല്‍ വിജയകാന്തും കമല്‍ ഹാസനും വരെ സ്വന്തം പാര്‍ട്ടികളുമായി രംഗത്തെത്തിയെങ്കിലും, എം.ജി.ആറിനെപ്പോലെ ഒരു 'ക്ലീന്‍ സ്വീപ്പ്' നടത്താനോ മുഖ്യമന്ത്രി കസേരയിലെത്താനോ ആര്‍ക്കും സാധിച്ചില്ല. ഈ കാത്തിരിപ്പിനാണ് വിജയ് ഇപ്പോള്‍ അന്ത്യം കുറിക്കാന്‍ ഒരുങ്ങുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ വന്‍മരങ്ങളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളെ അമ്പരപ്പിച്ചുകൊണ്ടാണ് വിജയ്യുടെ തമിഴക വെട്രി കഴകം മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ടയിടത്ത് വിജയ് ഒറ്റക്ക് ഭരണത്തിലെത്തുമോ അതോ മറ്റ് കക്ഷികളുടെ പിന്തുണ തേടുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ 'ദീദി മാജികിനെ' നിഷ്പ്രഭമാക്കിയാണ് ബിജെപി വന്‍ മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷം മറികടന്ന് 190-ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നത് ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയൊരു യുഗത്തിന് തുടക്കമിടുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളില്‍ പോലും കടന്നുകയറാന്‍ ബിജെപിക്കായി. സമാനമായ രീതിയില്‍ അസമിലും ബിജെപി അധികാരം നിലനിര്‍ത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജാലുക്കബരിയില്‍ ജയിച്ച് ഹാട്രിക് നേട്ടം സ്വന്തമാക്കിയപ്പോള്‍, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്നിലായതും ശ്രദ്ധേയമാണ്. 97 സീറ്റുകളുമായി അസമിലും കാവിപ്പട ആധിപത്യം ഉറപ്പിച്ചു.

പുതുച്ചേരിയിലും ബിജെപിക്കാണ് വിജയം. നിലവിലെ മുഖ്യമന്ത്രി എന്‍. രംഗസ്വാമി തട്ടാന്‍ചാവടി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തി മികച്ച വിജയം കരസ്ഥമാക്കി. കേരളത്തില്‍ എല്‍.ഡി.എഫിന്റെ തകര്‍ച്ചയും യു.ഡി.എഫിന്റെ വന്‍ തിരിച്ചുവരവും ഇതോടൊപ്പം കൂട്ടി വായിക്കുമ്പോള്‍, 2026-ലെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!