BoolokamBoolokam

സെമിനാറെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഫ്ലാറ്റിലിട്ട് പൂട്ടി; തോക്കിൻമുനയിൽ 4 മണിക്കൂർ; കരച്ചിൽ കേൾക്കാതിരിക്കാൻ പാട്ടും വെച്ചു; ഐഎഎസ് അക്കാദമി ഡയറക്ടറിൽ നിന്നും തട്ടിയത് കോടികൾ; മിന്നൽ പരിശോധനയിൽ പ്രതികൾ പിടിയിൽ

ഭോപ്പാൽ: ഡൽഹിയിലെ പ്രമുഖ ഐഎഎസ് കോച്ചിംഗ് അക്കാദമിയായ 'ശുഭ്ര രഞ്ജൻ ഐഎഎസ്' ഡയറക്ടറെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘം പിടിയിലായി. അക്കാദമിയുടെ ഭോപ്പാൽ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലാൻ ചെയ്ത് ഈ ക്രൂരത നടത്തിയത്. അക്കാദമി വിപുലീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേനയാണ് പ്രിയങ്ക് ശർമ്മ ശുഭ്രയെ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയത്.

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെ ഇയാൾ ഒരു വാടക ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറ്റകൃത്യത്തിനായി മാത്രം തലേദിവസം വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ ആയുധധാരികളായ അഞ്ചുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂറോളമാണ് ശുഭ്രയെയും സംഘത്തെയും അക്രമികൾ തോക്കിൻമുനയിൽ തടങ്കലിൽ വെച്ചത്. ഇവരുടെ കരച്ചിലോ ബഹളമോ പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിനുള്ളിൽ ഭക്തിഗാനങ്ങൾ ഉച്ചത്തിൽ വെച്ചിരുന്നു.

തുടർന്ന് ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 1.89 കോടി രൂപ 'ജനശില സൊസൈറ്റി', 'ആർഎസ് എന്റർപ്രൈസസ്' എന്നീ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി കൈമാറ്റം ചെയ്യിപ്പിച്ചു. മറ്റൊരാളെ പെട്ടിയിലടച്ചു കൊലപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് ശുഭ്രയെ പ്രതികൾ മോചിപ്പിച്ചത്. പരാതിപ്പെട്ടാൽ കൂടെയുള്ളവരെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഡൽഹി സ്വദേശി സന്തോഷ് കുമാറിന്റെ പരാതിയിൽ ഭോപ്പാൽ ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ പ്രിയങ്ക് ശർമ്മയും മറ്റ് അഞ്ച് സഹായികളും വലയിലായി.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അസുഖം അഭിനയിച്ച് എയിംസ് ആശുപത്രിയിലെ ഐസിയുവിൽ ഒളിവിൽ പോകാൻ പ്രിയങ്ക് ശ്രമിച്ചെങ്കിലും ഡോക്ടർമാരുടെ സഹായത്തോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളിൽ നിന്ന് തോക്കും വാഹനങ്ങളും പിടിച്ചെടുത്തു. പോലീസ് സമയബന്ധിതമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ കവർന്ന തുക മുഴുവൻ വീണ്ടെടുക്കാൻ സാധിച്ചു. ഈ തുക ഉടൻ പരാതിക്കാരിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!