
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ടിവികെയുടെ കുതിപ്പ്. ഡിഎംകെയുടെ ഉരുക്കുകോട്ടയായ ചെന്നൈ ജില്ലയിലടക്കം വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റമാണ് നടത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തുടക്കത്തിൽ പിന്നിലായത് ഡിഎംകെ ക്യാമ്പിനെ അമ്പരപ്പിച്ചിട്ടുണ്ട്.
കൊളത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടുകൾക്ക് പിന്നിലാണ്. ചെന്നൈയിൽ ടിവികെ തരംഗമാണ് ദൃശ്യമാകുന്നത്. ഡിഎംകെയുടെ പ്രമുഖ നേതാക്കൾ പലരും പിന്നിലായതോടെ ഭരണകക്ഷി വലിയ തിരിച്ചടിയാണ് നേരിടുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നിർണ്ണായക മുന്നേറ്റമാണ് നടത്തുന്നത്.
മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയ് നിലവിൽ ലീഡ് ചെയ്യുന്നുണ്ട്. വടക്കൻ ചെന്നൈയിലെ ഡിഎംകെ കോട്ടയായ പെരമ്പൂരിൽ ശക്തമായ സ്വാധീനം ഉറപ്പിച്ച വിജയ്, തിരുച്ചി ഈസ്റ്റിൽ ഏകദേശം 1600 വോട്ടുകൾക്കും മുന്നിലാണ്. സംസ്ഥാനത്തെ മൊത്തം ലീഡ് നില പരിശോധിക്കുമ്പോൾ 67 സീറ്റുകളുമായി ടിവികെ ഒന്നാമതും, 52 സീറ്റുകളുമായി എഐഎഡിഎംകെ രണ്ടാമതും നിൽക്കുന്നു. ഡിഎംകെയാകട്ടെ 50 സീറ്റുകളിൽ മാത്രം ലീഡ് ചെയ്തുകൊണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അപ്രതീക്ഷിതമായ കാഴ്ചയാണ് നിലവിൽ ദൃശ്യമാകുന്നത്.
