
അംബേദ്കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിലാണ് പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒരു യുവതിയെയും അവരുടെ നാല് മക്കളെയും കൊലപ്പെടുത്തിയ കേസ്സിലെ സൂത്രധാരനായിരുന്നു ആമിർ. യുവതിയെ വിവാഹം കഴിക്കാനും അവരുടെ സ്വത്ത് കൈവശപ്പെടുത്താനുമായിരുന്നു പ്രതിയുടെ ലക്ഷ്യം.
എന്നാൽ ഇത് നടക്കില്ലെന്ന് കണ്ടപ്പോൾ ആമിർ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുകയായിരുന്നുവെന്ന് അംബേദ്കർ നഗർ എസ്പി പ്രാചി സിംഗ് പറഞ്ഞു. മെയ് രണ്ടിന് നാല് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയപ്പോൾ അമ്മയായിരുന്നു ആദ്യം സംശയനിഴലിലുണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം യുവതിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തതോടെയാണ് അന്വേഷണം വഴിമാറിയത്.
തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനകളും അന്വേഷണവുമാണ് ആമിറിലേക്ക് എത്തിച്ചേർന്നത്. ജില്ല വിട്ട് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം ആമിറിനെ വളഞ്ഞത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിന് നേരെ വെടിയുതിർത്ത പ്രതിയെ പോലീസ് പ്രത്യാക്രമണത്തിൽ വധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ക്രമസമാധാന നില പാലിക്കുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
