
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി സംസാരിക്കുകയും പോലീസിന്റെ ലഹരിവിരുദ്ധ പ്രചാരണമായ 'യോദ്ധാവി'ന്റെ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുമുള്ള നടന്‍ ടിനി ടോമിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങി. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം (21) ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് കഞ്ചാവുമായി പിടിയിലായത്. അറസ്റ്റ് ചെയ്തു ഇവരെ പോലീസ് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വിവരങ്ങള്‍ പുറത്തേക്ക് വന്നില്ല.
രാത്രി പട്രോളിംഗിനിടെ തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാക്കളെ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിശോധനയില്‍ സംഘത്തിലുണ്ടായിരുന്ന കാര്‍ത്തിക് എന്ന യുവാവിന്റെ പക്കല്‍ നിന്ന് 4 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ആദം ഷെം, അമിത് ജോര്‍ജ്, കാര്‍ത്തിക് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്വന്തം ഉപയോഗത്തിനായാണ് ലഹരി കൈവശം വെച്ചതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പോലീസ് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഈ കേസിന്റെ എഫ് ഐ ആര്‍ അടക്കം മറുനാടന്‍ മലയാളിയ്ക്ക് കിട്ടി.
'ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണം സിനിമയില്‍ അവസരം ലഭിച്ചിട്ടും മകനെ അഭിനയിക്കാന്‍ വിടില്ലെന്ന്' ടിനി ടോം മുന്‍പ് പൊതുവേദിയില്‍ തുറന്നു പറഞ്ഞിരുന്നു. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങുന്നത് കണ്ടുവെന്നും അത്തരം കെണികളില്‍ തന്റെ മകന്‍ വീഴരുതെന്ന് ആഗ്രഹമുണ്ടെന്നും വികാരാധീനനായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എം.ജി സര്‍വകലാശാല കലോത്സവത്തില്‍ വെസ്റ്റേണ്‍ സോളോയില്‍ വിജയിച്ച മകനെക്കുറിച്ച് 'അച്ഛന്റെ മോന്‍' എന്ന് ടിനി ടോം അഭിമാനത്തോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഭയന്ന അതേ ലഹരിയുടെ വഴിയില്‍ മകന്‍ എത്തിയത് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ വെളിപ്പെടുത്തലുകളെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ മുന്‍പ് പരിഹസിച്ചിരുന്നു. 'മകന് ബോധമുണ്ടെങ്കില്‍ അവന്‍ ലഹരി ഉപയോഗിക്കില്ലെന്നും അതാരും വായ്ക്കകത്ത് കുത്തിക്കയറ്റി തരില്ലെന്നുമായിരുന്നു' ധ്യാന്റെ വാക്കുകള്‍. ഈ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. കൊച്ചിയില്‍ ലഹരി ലോബി യുവാക്കള്‍ക്കിടയില്‍ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണ് പോലീസിന്റെ ഈ ലഹരിവിരുദ്ധ അംബാസഡറുടെ മകന്‍ തന്നെ കേസില്‍ ഉള്‍പ്പെട്ട സംഭവം സൂചിപ്പിക്കുന്നത്.

1993 ലെ എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ അച്ഛന്‍ നേടിയ വിജയം ആവര്‍ത്തിച്ച് നടന്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം ചര്‍ച്ചകളില്‍ എത്തിയിരുന്നു. അന്ന് അച്ഛന്‍ മിമിക്രിയ്ക്കാണ് സമ്മാനം നേടിയതെങ്കില്‍ മകന്‍ വെസ്റ്റേണ്‍ സോളോയിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. രാജഗിരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിനെ പ്രതിനിധീകരിച്ചായിരുന്നു ആ മത്സരം. ഗിറ്റാറിസ്റ്റായ ആദം മുന്‍പ് സ്‌കൂള്‍ കലോത്സവങ്ങളിലെ നാടകമത്സരങ്ങളില്‍ മികച്ച അഭിനയ പ്രകടനങ്ങളും കാഴ്ച വച്ചിട്ടുണ്ട്. എന്നിട്ടും ഷെമിനെ സിനിമയില്‍ നിന്നും അകറ്റുകയായിരുന്നു ടിനി ടോം.
