BoolokamBoolokam

'കരിയറിൽ ഫോമില്ലായ്മ സ്വാഭാവികം, അഹങ്കാരം മാറ്റിവെച്ച് സ്മാർട്ടായി ബാറ്റ് ചെയ്യൂ'; ഹാർദിക്കിനെതിരെ വിമര്‍ശനവുമായി അമ്പാട്ടി റായുഡു

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ പരാജയങ്ങൾക്കൊപ്പം നായകൻ ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ എൽ-ക്ലാസിക്കോ പോരാട്ടത്തിൽ ഹാർദിക് നടത്തിയ മെല്ലെപ്പോക്ക് ടീമിനെ വിജയത്തിൽ നിന്നും അകറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. 23 പന്തുകൾ നേരിട്ട നായകന് വെറും 18 റൺസ് മാത്രമാണ് കണ്ടെത്താനായത്.

ഹാർദിക്കിന്റെ ബാറ്റിംഗ് സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് മുൻ താരം അമ്പാട്ടി റായുഡു വിമർശിച്ചത്. താൻ ഫോമിലല്ലെന്ന സത്യം ഹാർദിക് ആദ്യം തിരിച്ചറിയണമെന്ന് റായുഡു പറഞ്ഞു. "ബാറ്റർമാരുടെ കരിയറിൽ ഫോമില്ലായ്മ സ്വാഭാവികമാണ്. എന്നാൽ അത് അംഗീകരിക്കാനുള്ള മനസ്സ് വേണം. അനാവശ്യമായ അഹങ്കാരം കാട്ടാതെ സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് ഹാർദിക് നോക്കേണ്ടത്. ഓഫ് സൈഡ് പന്തുകളെ സ്മാർട്ടായി നേരിടുന്നതിന് പകരം ലെഗ് സൈഡിലേക്ക് മാത്രം പന്ത് പായിക്കാൻ ശ്രമിക്കുന്നത് വലിയ പരാജയമാണ്," റായുഡു ചൂണ്ടിക്കാട്ടി.

മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലെ കണക്കുകൾ; അവസാന പത്ത് ഓവറിൽ വെറും 69 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഈ സീസണിൽ നായകൻ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. കളിച്ച ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും 146 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 136.44 എന്ന പരിതാപകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന ഹാർദിക്കിന് കീഴിൽ, ഒമ്പത് മത്സരങ്ങളിൽ ഏഴിലും മുംബൈ പരാജയപ്പെടുകയും ചെയ്തു.

പ്ലേ ഓഫ് പ്രതീക്ഷകൾ ഏകദേശം അസ്തമിച്ച ടീമിന് ഇനി അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കേണ്ട ഹാർദിക് തന്നെ പതറുന്നത് വരും മത്സരങ്ങളിലും മുംബൈ ഇന്ത്യൻസിന് വലിയ വെല്ലുവിളിയാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!