
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ചരിത്രനേട്ടം കുറിച്ച ബിജെപി നേതൃത്വത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നും, അഴിമതിയില്ലാത്ത വികസനത്തിനായി ബിജെപി സാരഥികള്‍ പോരാടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കേരളത്തില്‍ ഇതാദ്യമായാണ് ബിജെപി ഒരേസമയം മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കുന്നത്.
നേമം, ചാത്തന്നൂര്‍, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഇക്കുറി താമര വിരിഞ്ഞത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. ബിജെപിയുടെ കരുത്തുകാട്ടിയ മറ്റൊരു പോരാട്ടം നടന്ന ചാത്തന്നൂരില്‍, ബി.ബി. ഗോപകുമാര്‍ 4,002 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ ആര്‍. രാജേന്ദ്രനെ പരാജയപ്പെടുത്തി. ഏറെ ആകാംക്ഷഭരിതമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത്, വി. മുരളീധരന്‍ 428 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വിജയകിരീടം ചൂടിയത്.
വിജയിച്ച മൂന്ന് നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട് സുരേഷ് ഗോപി കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു:
'കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുന്‍നിര്‍ത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. കഴക്കൂട്ടത്തിന്റെ മണ്ണില്‍ ഐതിഹാസിക വിജയം നേടിയ വി. മുരളീധരന്‍, ചാത്തന്നൂരില്‍ ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി.ബി. ഗോപകുമാര്‍, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖര്‍ - കേരള നിയമസഭയില്‍ നിങ്ങള്‍ ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.'
നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും പുതിയൊരു കേരളത്തിനായി ഒരുമിച്ച് മുന്നേറാനും സമയമായെന്ന് അദ്ദേഹം അണികളെ ഓര്‍മ്മിപ്പിച്ചു. വിജയശ്രീലാളിതരായ സഹോദരങ്ങള്‍ക്ക് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് സുരേഷ് ഗോപി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭയില്‍ ഈ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം ബിജെപിക്ക് വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
