
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, ഫേസ്ബുക്ക് പോസ്റ്റുമായി മുൻമന്ത്രി എം.എം. മണി. കേരളം കണ്ട വലിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പരാജയകാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും ജനങ്ങൾക്കിടയിൽ തന്നെ പ്രവർത്തനം തുടരുമെന്നും വ്യക്തമാക്കിയ മണി, പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന പ്രത്യാശയും പങ്കുവെച്ചു.
എം.എം. മണിയുടെ രാഷ്ട്രീയ തട്ടകമായ ഉടുമ്പൻചോലയിൽ ഇക്കുറി ഇടതിന് പിഴച്ചു. തോട്ടം തൊഴിലാളികളും സാധാരണക്കാരും ഒപ്പമുണ്ടാകുമെന്ന എൽഡിഎഫിന്റെ ഉറച്ച വിശ്വാസം തകർത്തുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണു ഉജ്ജ്വല വിജയം നേടി. 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മണ്ഡലം പിടിച്ചെടുത്തത്.
ഇടതുപക്ഷത്തിന് ഏറ്റവും വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നിൽ സംഭവിച്ച ഈ തോൽവി രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തോട്ടം മേഖലയിലെ വോട്ടർമാർ ഇക്കുറി കൈവിട്ടതാണ് ഇടതിന് തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
