
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ ദളപതി വിജയ് ചുവടുറപ്പിക്കുമ്പോൾ, അഭിനന്ദനങ്ങളുമായി സിനിമാ ലോകം. തമിഴകത്തെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ തകർത്തെറിഞ്ഞുകൊണ്ടുള്ള വിജയ്‌യുടെ ഉജ്ജ്വല വിജയത്തെ സിനിമാ-രാഷ്ട്രീയ ഭേദമന്യേ ഏവരും ഏറ്റുപിടിച്ചിരിക്കുകയാണ്. ഇതിനിടയിൽ, രജനികാന്തിന്റെ ഐക്കോണിക് ഡയലോഗ് പങ്കുവെച്ച് നടി കാജൽ അഗർവാൾ കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
"നാൻ ഒരു തടവൈ സൊന്നാൽ, നൂറ് തടവൈ സൊന്ന മാതിരി... ഇന്ന് തമിഴ്നാട്ടിലെ ജനങ്ങൾ അത് പൂർണ്ണ വിശ്വാസത്തോടെ പ്രതിധ്വനിച്ചിരിക്കുന്നു," എന്ന് കാജൽ കുറിച്ചു. ഈ ഐതിഹാസിക വിജയം വിജയ്‌യുടെ കാഴ്ചപ്പാടിനും കഠിനാധ്വാനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണെന്നും, ഇതൊരു വെറും വിജയമല്ല മറിച്ച് കോടിക്കണക്കിന് ആളുകളുമായി താരം പുലർത്തുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണെന്നും താരം കൂട്ടിച്ചേർത്തു. പുതിയ രാഷ്ട്രീയ അധ്യായത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും കാജൽ ആശംസിച്ചു.
കാജൽ അഗർവാളിന് പുറമെ തമിഴ്, മലയാളം, തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരെല്ലാം ദളപതിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴക രാഷ്ട്രീയം ഇനി മാറ്റത്തിന്റെ പാതയിലാണെന്ന വികാരം ആരാധകരിലും പ്രവർത്തകരിലും പടർന്നുകഴിഞ്ഞു. പനയൂരിലെ വിജയിന്റെ വസതിക്ക് മുന്നിലും തമിഴ്നാട്ടിലെ തെരുവുകളിലും ആഘോഷങ്ങൾ അണപൊട്ടിയൊഴുകുകയാണ്.
പതിറ്റാണ്ടുകളായി വെള്ളിത്തിര ഭരിച്ച താരം ഇനി തമിഴ്നാടിന്റെ ഭരണസാരഥ്യത്തിലേക്ക് നീങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകർ. സഹപ്രവർത്തകരുടെ കൂടി പിന്തുണ ഏറിയതോടെ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണ്.
