
വടകര: തിരഞ്ഞെടുപ്പ് ഫലം വിജയത്തോടടുക്കുമ്പോൾ കണ്ണീരും കനലുമുയരുന്ന വൈകാരിക പ്രതികരണവുമായി വടകരയിലെ ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അതേ ദിനത്തിൽ തന്നെ വടകരയിലെ ജനങ്ങൾ നൽകിയ ഈ വലിയ ഭൂരിപക്ഷം രാഷ്ട്രീയ കേരളത്തിനുള്ള മറുപടിയാണെന്ന് രമ വ്യക്തമാക്കി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ലീഡ് പതിനായിരത്തിലേക്ക് എത്തിയതോടെയാണ് തന്റെ നിലപാട് രമ പരസ്യമാക്കിയത്.
ആറ് റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടപ്പോഴേക്കും ഫെയ്‌സ്ബുക്കിലൂടെ രമ കേരളത്തിന് നന്ദി പറഞ്ഞു. "മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ" - രമ കുറിച്ചു.
ചന്ദ്രശേഖരന്റെ ചോര സി.പി.എമ്മിന്റെ കുഴിമാടം വരെ എത്തുമെന്ന് പറഞ്ഞ രമ, വടകരയിലെ വോട്ടർമാർ ടിപിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വോട്ടെണ്ണലിന് മുൻപേ പ്രവചിച്ചിരുന്നു. നിലവിൽ വടകരയിൽ ആർ.ജെ.ഡി സ്ഥാനാർത്ഥി എം.കെ. ഭാസ്‌കരൻ രണ്ടാം സ്ഥാനത്താണ് തുടരുന്നത്.
