'ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?'; കുട്ടി ബീഫ് കഴിക്കാത്തത് പൊറോട്ട ഇല്ലാത്തതുകൊണ്ടായിരിക്കും; നമ്മൾ പോലും അറിയാതെ കേരളം അധോലോകമായി; കിഡ്‌നി ടച്ചിങ് സീനുകൾ, അടുത്ത ദേശീയ അവാർഡ് ഉറപ്പ്; കേരള സ്റ്റോറി 2 ട്രെയ്‌ലറിനെ ട്രോളി സോഷ്യൽ മീഡിയ

'ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?'; കുട്ടി ബീഫ് കഴിക്കാത്തത് പൊറോട്ട ഇല്ലാത്തതുകൊണ്ടായിരിക്കും; നമ്മൾ പോലും അറിയാതെ കേരളം അധോലോകമായി; കിഡ്‌നി ടച്ചിങ് സീനുകൾ, അടുത്ത ദേശീയ അവാർഡ് ഉറപ്പ്; കേരള സ്റ്റോറി 2 ട്രെയ്‌ലറിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'ദി കേരള സ്റ്റോറി'ക്ക് പിന്നാലെ എത്തുന്ന രണ്ടാം ഭാഗമായ 'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. ആദ്യ ചിത്രത്തിന് സമാനമായി വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും എന്നാണ് പ്രധാന വിമർശനം. ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണമാകുന്നത്.

ബീഫ് കഴിക്കാൻ ആളുകളെ ആവശ്യമെങ്കിൽ അറിയിക്കണമെന്നും, നിർബന്ധിക്കാതെ തന്നെ കഴിക്കാമെന്നും ഉൾപ്പെടെയുള്ള പ്രതികരണങ്ങളാണ് പലരും പങ്കുവെക്കുന്നത്. "ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?", "പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തത്?" എന്നിങ്ങനെയുള്ള ചോദ്യങ്ങളും ട്രോളുകളിൽ നിറയുന്നു. ട്രെയിലറിന് താഴെ മലയാളികൾ രസകരമായ നിരവധി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


 "അടുത്ത ദേശീയ അവാർഡ് ലോഡിങ്", "നമുക്ക് അറിയാത്ത വേറെ കേരളമുണ്ടോ?", "നമ്മൾ പോലും അറിയാതെ അധോലോകമായിരിക്കുന്നു", "ബീഫ് കഴിച്ചുകൊണ്ട് ട്രെയിലർ കാണുന്നവരുണ്ടോ?" എന്നിങ്ങനെ പോകുന്നു കമന്റുകൾ. വെറും ബീഫ്‌ കൊടുത്താൽ എങ്ങനെയാ കഴിക്കുന്നത്‌ രണ്ട്‌ പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ' എന്നും ചോദിക്കുന്നു.'ട്രെയിലർ കണ്ടപ്പോൾ തോന്നി ഞാൻ ജീവിക്കുന്ന കേരളവും സിനിമയിൽ കാണിക്കുന്ന കേരളവും ഭയങ്കരം different ആണ്..... പാരലൽ വേൾഡിൽ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.


വിപുൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് പെണ്‍കുട്ടികളും പുതുമുഖങ്ങളാണ്. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. ''ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്‌ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു'' എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

പൊലീസ് കാവലിൽ പ്രദർശനം; നിരോധനവും പ്രതിഷേധവും

കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിനെതിരെ കനത്ത പ്രതിഷേധമാണ് അന്ന് ഉയർന്നത്. പലയിടങ്ങളിലും പൊലീസ് സംരക്ഷണത്തിലാണ് ചുരുക്കം ചില പ്രേക്ഷകർ സിനിമ കണ്ടത്. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ചിത്രം ആദ്യം നിരോധിച്ചെങ്കിലും പിന്നീട് പ്രദർശിപ്പിക്കുകയായിരുന്നു. അദാ ശർമ്മ നായികയായ ചിത്രത്തിൽ സിദ്ധി ഇദ്‌നാനി, യോഗിത ബിഹാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

20 കോടി ബജറ്റ്, 300 കോടി ലാഭം

കേവലം 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 300 കോടിയിലധികം രൂപ കളക്ഷൻ നേടി എന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. വിദ്വേഷം വിറ്റാണ് ഇത്രയും പണം ഉണ്ടാക്കിയതെന്ന ആക്ഷേപവും അന്ന് ശക്തമായിരുന്നു.

ദേശീയ അവാർഡും നിലവാര തകർച്ചയും

ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചതും വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. 2023-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം സുദീപ്തോ സെൻ സ്വന്തമാക്കിയതോടെ ദേശീയ അവാർഡിന്റെ നിലവാരം ഇടിഞ്ഞെന്ന വിമർശനം സാംസ്കാരിക ലോകത്ത് നിന്ന് ഉയർന്നു. ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സിനിമകൾക്ക് അവാർഡ് നൽകുന്നത് പുരസ്കാരത്തിന്റെ വിശ്വാസ്യത തകർക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം. ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങുന്നതിന് മുൻപേയാണ് ഇപ്പോൾ രണ്ടാം ഭാഗവുമായി അണിയറപ്രവർത്തകർ എത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?'; കുട്ട… | Boolokam