
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പ്രഹരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മത്സരിച്ച 20 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടുവെന്നത് ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ്. പത്ത് വര്‍ഷത്തെ ഭരണമികവും വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടിയ എല്‍.ഡി.എഫ് ക്യാമ്പിന് ജനവികാരം ഇത്രത്തോളം എതിരായിരുന്നുവെന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണത്തിന്റെ അമരത്തിരുന്ന പ്രമുഖര്‍ സ്വന്തം കോട്ടകളില്‍പ്പോലും തകര്‍ന്നടിഞ്ഞത് സി.പി.എമ്മിനും ഇടതുമുന്നണിക്കും വന്‍ നാണക്കേടായി മാറി.
സര്‍ക്കാരിന്റെ മുഖങ്ങളായിരുന്ന പ്രമുഖ മന്ത്രിമാരുടെ പതനം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ പ്രകടമായിരുന്നു. കാല്‍നൂറ്റാണ്ടുകാലം പത്തനാപുരത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ ജ്യോതികുമാര്‍ ചാമക്കാലയോട് പരാജയപ്പെട്ടപ്പോള്‍, ആറന്മുളയില്‍ വീണാ ജോര്‍ജിന് ഒരു റൗണ്ടില്‍പ്പോലും ആധിപത്യം പുലര്‍ത്താനായില്ല. അബിന്‍ വര്‍ക്കി ആറന്മുളയില്‍ നേടിയത് അസാമാന്യ വിജയമാണ്. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും, ഇടുക്കിയില്‍ റോഷി അഗസ്റ്റിനും വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങി. കടുത്ത മത്സരം അതിജീവിക്കുമെന്ന് കരുതിയ പി.രാജീവ് കളമശ്ശേരിയിലും, ഇരിങ്ങാലക്കുടയില്‍ ഡോ. ആര്‍. ബിന്ദുവും പരാജയപ്പെട്ടു. തൃത്താല തിരിച്ചുപിടിച്ച എം.ബി. രാജേഷ് വീണ്ടും വി.ടി. ബല്‍റാമിനോട് തോല്‍വിയറിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വി. ശിവന്‍കുട്ടി, ചാത്തന്നൂരില്‍ ജെ. ചിഞ്ചുറാണി, എലത്തൂരില്‍ എ.കെ. ശശീന്ദ്രന്‍, മാനന്തവാടിയില്‍ ഒ.ആര്‍. കേളു, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പരാജയപ്പെട്ട മന്ത്രിമാരുടെ പട്ടികയിലുണ്ട്. മണ്ഡലം മാറി തിരൂരില്‍ മത്സരിച്ച വി. അബ്ദുറഹിമാനും സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അടിതെറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം പോലും ഇക്കുറി ശോഭയില്ലാത്തതായി മാറി. കഴിഞ്ഞ തവണ 50,000-ത്തിലധികം ഭൂരിപക്ഷം ലഭിച്ച ധര്‍മ്മടത്ത് ഇത്തവണ ആദ്യ അഞ്ച് റൗണ്ടുകളിലും യു.ഡി.എഫിന്റെ വി.പി. അബ്ദുല്‍ റഷീദിന് പിന്നിലായിരുന്നു മുഖ്യമന്ത്രി. വിയര്‍ത്തൊഴുകി നേടിയ വിജയത്തില്‍ ഭൂരിപക്ഷം 20,000-ത്തിന് താഴേക്ക് കൂപ്പുകുത്തി. മന്ത്രിമാരില്‍ മുഹമ്മദ് റിയാസ് (ബേപ്പൂര്‍), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), കെ.എന്‍. ബാലഗോപാല്‍ (കൊട്ടാരക്കര) എന്നിവര്‍ കഷ്ടിച്ച് ജയിച്ചുകയറി. സി.പി.ഐ. മന്ത്രിമാരായ പി. പ്രസാദ്, കെ. രാജന്‍, ജി.ആര്‍. അനില്‍ എന്നിവര്‍ക്ക് മാത്രമാണ് ആശ്വാസവിജയം നേടാനായത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ മണ്ഡലമായ ചിറ്റൂരും എല്‍.ഡി.എഫിനെ കൈവിട്ടു. മന്ത്രിമാര്‍ക്ക് പുറമെ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, മുന്‍ മന്ത്രി കെ.കെ. ശൈലജ എന്നിവരുടെ പരാജയവും ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ ഒറ്റസംഘം, ഉറച്ച കോട്ടപോലെ ഒരുമിച്ചുള്ള നില്‍പ്പ്, തികഞ്ഞ ആത്മവിശ്വാസം ഇതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ മുഖമുദ്ര. ഈ ഉറപ്പുള്ള സംവിധാനത്തെയാണ് ഏപ്രില്‍ ഒന്‍പതാം തീയതി കേരളത്തിലെ വോട്ടര്‍മാര്‍ അപ്പാടെ തകര്‍ത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരുള്ള മന്ത്രിസഭയിലെ 13 മന്ത്രിമാരെയാണ് ജനം തിരസ്‌ക്കരിച്ചത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള വിമുഖതയും അകലം പാലിക്കുന്ന പ്രവര്‍ത്തനശൈലിയുമാണ് മന്ത്രിമാര്‍ക്കെതിരെയുള്ള പ്രധാന പരാതിയായി ഉയര്‍ന്നത്. വികസനം എന്ന് ആവര്‍ത്തിക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകാത്തതും, അധികാരത്തിന്റെ ദാര്‍ഷ്ട്യവും, പ്രതിപക്ഷത്തോടുള്ള അനാദരവും ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റി. ഭരണകൂടം ജനങ്ങളില്‍ നിന്ന് അകന്നപ്പോള്‍ അവരെ പാഠം പഠിപ്പിക്കാന്‍ വോട്ടര്‍മാര്‍ തുനിഞ്ഞിറങ്ങിയതിന്റെ ഫലമാണ് ഈ കൂറ്റന്‍ പരാജയം. പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കിയ ഈ ശക്തമായ മുന്നറിയിപ്പ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമാക്കുകയാണ്.
