BoolokamBoolokam

'സ്വന്തം നാട്ടുകാരനെ വിജിപ്പിക്കണമെന്ന് ചാത്തന്നൂരിലെ ജനങ്ങള്‍ ആഗ്രഹിച്ചു; മാറാത്തത് ചാത്തന്നൂരില്‍ മാറി; പത്ത് വര്‍ഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു; ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമാണ്; ഈ വിജയം ചാത്തന്നൂരിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു'; ചാത്തന്നൂരിലെ ജയത്തില്‍ പ്രതികരിച്ച് ബി. ബി ഗോപകുമാര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലേത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന ചാത്തന്നൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ നേടിയ വിജയം കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 2016-ലും 2021-ലും നടന്ന പോരാട്ടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കരുത്തുകാട്ടിയ ഗോപകുമാര്‍, ഇക്കുറി 4000-ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്കുള്ള വഴി തുറന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍. രാജേന്ദ്രനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൂരജ് രവിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി മണ്ഡലത്തില്‍ ബി.ബി. ഗോപകുമാര്‍ നടത്തിയ അക്ഷീണമായ പ്രവര്‍ത്തനങ്ങളുടെയും ജനസമ്പര്‍ക്കത്തിന്റെയും ഫലമാണ് ഈ ചരിത്രവിജയം. ചാത്തന്നൂര്‍ മീനാട് സ്വദേശിയായ അദ്ദേഹം, നാട്ടുകാര്‍ക്ക് വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുന്ന സ്വന്തം നാട്ടുകാരന്‍ കൂടിയാണ്. സമുദായ സമവാക്യങ്ങള്‍ക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കും അപ്പുറം ഒരു 'നാട്ടുകാരന്‍ എം.എല്‍.എ' എന്ന വികാരം വോട്ടര്‍മാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇതിനുപുറമെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കണമെന്ന വോട്ടര്‍മാരുടെ ആഗ്രഹവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് തരംഗം ദൃശ്യമായ തിരഞ്ഞെടുപ്പായിരുന്നിട്ടും, ചാത്തന്നൂരിലെ വോട്ടര്‍മാര്‍ ബിജെപിയെ നെഞ്ചേറ്റിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. സി.പി.എമ്മിനും യു.ഡി.എഫിനും വലിയ സ്വാധീനമുള്ള ആഴ്ചല്ലൂര്‍, പൂയപ്പള്ളി തുടങ്ങിയ മേഖലകളില്‍ പോലും വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചു. സി.പി.ഐയിലെ ജി.എസ്. ജയലാല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തില്‍, എല്‍.ഡി.എഫിന്റെ വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിയുടെ ബൂത്ത് തലത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.

റിട്ടയേര്‍ഡ് പ്രഥമാധ്യാപകന്‍ എന്ന നിലയിലുള്ള വ്യക്തിപ്രഭാവവും ബിജെപിയുടെ ജില്ലാ പ്രസിഡന്റ്, നിലവിലെ മേഖല പ്രസിഡന്റ് എന്നീ നിലകളിലുള്ള സംഘടനാ വൈഭവവും ഗോപകുമാറിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. 2016ല്‍ നേമത്ത് നേടിയ ആദ്യ ജയത്തിനും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേടിയ ചരിത്ര ജയത്തിനും പിന്നാലെ കേരളത്തില്‍ താമര വിരിയുന്ന പ്രധാന മണ്ഡലമായി ചാത്തന്നൂര്‍ മാറുമ്പോള്‍, അത് കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ബിജെപിക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നുറപ്പാണ്. ഇടത്-വലത് മുന്നണികളുടെ പരസ്പര ധാരണകളെയും അടിയൊഴുക്കുകളെയും അതിജീവിച്ചാണ് ഈ വിജയമെന്ന് ഗോപകുമാര്‍ പ്രതികരിച്ചു. തന്റെ ഈ ചരിത്ര നേട്ടം ചാത്തന്നൂരിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വികസന മുരടിപ്പില്‍ നിന്ന് മണ്ഡലത്തെ മോചിപ്പിക്കുക എന്ന വലിയ ദൗത്യമാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളത്.

പ്രാദേശികമായി ജനപിന്തുണയുള്ളതും പാര്‍ട്ടിക്കുള്ളില്‍ സമ്മതനുമായ നേതാവാണ് ഗോപകുമാര്‍. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനും പ്രചാരകനുമെന്ന അംഗീകരമുള്ളതിനാല്‍ത്തന്നെ കഴിഞ്ഞ രണ്ടുതവണയും പാര്‍ട്ടി ഗോപകുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കി. ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് വിജയത്തിനുപിന്നിലെന്ന് ബി.ബി. ഗോപകുമാര്‍ പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചാത്തന്നൂരിലെത്തിക്കാനാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.

'കമ്യൂണിസ്റ്റ് കോട്ടയില്‍നിന്ന്, സ്ഥിരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം വിജയിച്ചിരുന്നിടത്ത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും ഈ മാറ്റം കൊണ്ടുവരാനുള്ള രീതിയിലേക്ക് പ്രവര്‍ത്തനം മാറും. ആഴ്ചല്ലൂരും പൂയപ്പള്ളിയുമൊക്കെ സിപിഎമ്മിനും യുഡിഎഫിനും മുന്‍തൂക്കമുള്ള സ്ഥലങ്ങളാണ്. അവിടങ്ങളില്‍പ്പോളും വലിയ മുന്നേറ്റം പാര്‍ട്ടിപ്രവര്‍ത്തകര്‍ നേടി. വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചത്.

മോദി സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ചാത്തന്നൂരിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അതിനുമപ്പുറം ചാത്തന്നൂരിന്റെ സ്വന്തം ആള്‍ ചാത്തന്നൂരിന്റെ എംഎല്‍എയാകട്ടെയെന്നും ജനങ്ങള്‍ ചിന്തിച്ചു. ഒരുമാറ്റം അനിവാര്യമാണ്. രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തിയയാള്‍ക്ക് ഇത്തവണ ഒരവസരം കൊടുക്കണമെന്ന് ജനങ്ങള്‍ ചിന്തിച്ചു. ആ അവസരമാണ് ഈ വിജയത്തിനുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. എല്ലാ അടിയൊഴുക്കുകളെയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരസ്പരധാരണകളെയും മറികടന്നുകൊണ്ടാണ് ജനങ്ങള്‍ ഈ വിജയം സമ്മാനിച്ചത്. അതുകൊണ്ട് ജനങ്ങളോട് വിധേയപ്പെട്ടിരിക്കുന്നു', ചാത്തന്നൂരിന്റെ നിയുക്ത എംഎല്‍എ പ്രതികരിച്ചു.

നിലവില്‍ ബിജെപിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ് ഗോപകുമാര്‍. ചാത്തന്നൂര്‍ മീനാട് സ്വദേശിയായ ഇദ്ദേഹം ബിരുദാനന്തരബിരുദധാരിയാണ്. ചാത്തന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്എസ്എസില്‍ പ്രഥമാധ്യാപകനായിരുന്നു. ബിജെപിയുടെ കൊല്ലം ജില്ലാ മുന്‍പ്രസിഡന്റായിരുന്നു. എക്സിറ്റ് പോളുകള്‍ ചാത്തന്നൂരില്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന സൂചനകള്‍ നല്‍കിയിരുന്നെങ്കിലും വോട്ടെണ്ണലിനിടെ ഭൂരിപക്ഷകണക്കുകള്‍ മാറിമറിഞ്ഞു. ഒടുവില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ആര്‍. രാജേന്ദ്രനെ 4012 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. യുഡിഎഫിന്റെ സൂരജ് രവി മൂന്നാം സ്ഥാനത്തെത്തി.

ആകെ 46,567 വോട്ടാണ് ഗോപകുമാര്‍ നേടിയിരിക്കുന്നത്.'2016ലും 2021ലും ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച മണ്ഡലമാണ്. ഇത്തവണ ചാത്തന്നൂരിലെ ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിച്ചു. നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങള്‍ എല്ലായിടത്തും എത്തണമെന്നും സ്വന്തം നാട്ടുകാരനെ വിജിപ്പിക്കണമെന്നും ചാത്തന്നൂരിലെ ജനങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമം, ബൂത്തുതല പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വരെ നിരന്തരം ഇടപെട്ടു. മാറാത്തത് ചാത്തന്നൂരില്‍ മാറി. പത്ത് വര്‍ഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു. ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമാണ്. ഈ വിജയം ചാത്തന്നൂരിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു' - ബി ബി ഗോപകുമാര്‍ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!