തിരുവാർപ്പ്- തിരുവായ്ക്കരി പാടശേഖരത്തിലെ പുറംബണ്ടിൽ താമസിക്കുന്നവർക്ക് ദുരിതം To advertise here, കോട്ടയം : ജലാശയങ്ങളിൽ പോളനിറഞ്ഞ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് യാത്രാദുരിതം. കൊടൂരാറിൽ പോള തിങ്ങിയതോടെ തിരുവാർപ്പ്- തിരുവായ്ക്കരി പാടശേഖരത്തിലെ പുറം ബണ്ടിൽ താമസിക്കുന്ന 30 കുടുംബങ്ങളാണ് യാത്രാദുരിതം നേരിടുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ 13-ാം വാർഡിലുൾപ്പെട്ട പ്രദേശമാണിത്. മേക്കരിച്ചിറയിൽനിന്ന് കോട്ടയം നഗരസഭയിലെ അട്ടിക്കടവിലേക്ക് വടംകെട്ടി അതിലൂടെ വള്ളം വലിച്ചാണ് ഈ ഭാഗത്തെ ജനങ്ങൾ അക്കരെ എത്തുന്നത്. തിരുവായ്ക്കരി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്നവർക്ക് ആവശ്യങ്ങൾക്ക് പള്ളത്ത് എത്തണം. വെള്ളത്തിന് നടുവിൽ താമസിക്കുന്നവരാണെങ്കിലും ശുദ്ധമായ വെള്ളം കിട്ടണമെങ്കിൽ പള്ളം ഭാഗത്തെ വീടുകളിലെ കിണറുകളിൽനിന്ന് വേണം എടുക്കാൻ. അയ്യായിരത്തോളം രൂപ ചെലവിട്ടാണ് 98 മീറ്റർ നീളമുള്ള ഈ ഭാഗത്ത് വടംകെട്ടി അക്കരെയിക്കരെ കടക്കുന്നത്. നാട്ടുകാർ ഒരോ വർഷവും പിരിവെടുത്താണ് വടം വാങ്ങി വലിച്ചുകെട്ടുന്നത് . നാലിടത്താണ് ഇത്തരത്തിൽ വടം ഉറപ്പിച്ചിട്ടുള്ളത്. വള്ളം വലിച്ചുനീക്കാൻ നാലുപേരെങ്കിലും വേണം. ഡിസംബർ 15-നാണ് തണ്ണീർമുക്കം ബണ്ട് അടച്ചത്. ഫെബ്രുവരി പകുതിയോടെ കൊടൂരാറിൽ പോള തിങ്ങി. മാർച്ച് 15-ന് തണ്ണീർമുക്കം ബണ്ട് തുറക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഒരുവർഷവും അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. 15-നുതന്നെ ബണ്ട് തുറന്നിരുന്നെങ്കിൽ ഓരുവെള്ളം കയറി പോള ചീഞ്ഞുപോകുമായിരുന്നു. 20-ന് ബണ്ട് തുറക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. അന്ന് ബണ്ട് തുറന്നാലും ഒാരുവെള്ളം കയറി പോള നീങ്ങാൻ പിന്നെയും ദിവസങ്ങളെടുക്കും. പോളശല്യം ഇല്ലാതാകാൻ ബണ്ട് അടയ്‌ക്കുന്നതിൽ കാർഷിക കലണ്ടർ കൃത്യമായി പാലിക്കണമെന്ന് കിസാൻ ജനതാ ജില്ലാ സെക്രട്ടറി ജോർജ് മാത്യു പറഞ്ഞു. Published: 17 Apr 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
