അച്ചൻകോവിലാർ വരണ്ടു കുടിവെള്ളപദ്ധതി അവതാളത്തിൽ

അച്ചൻകോവിലാർ വരണ്ടു കുടിവെള്ളപദ്ധതി അവതാളത്തിൽ

പമ്പിങ്‌ പ്രതിസന്ധിയിൽ To advertise here, തെന്മല : അച്ചൻകോവിലിൽ 600 കുടുംബങ്ങൾ ഉപയോഗിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ളപദ്ധതി അവതാളത്തിൽ. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളപദ്ധതിയിലേക്ക് പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. അച്ചൻകോവിലാറ്റിൽ തടയണനിർമിച്ചാണ് കുടിവെള്ളപദ്ധതിയുടെ കിണറ്റിലേക്ക് വെള്ളമെത്തിക്കുന്നത്. ഇവിടെനിന്ന് വെള്ളം പമ്പുചെയ്തു മൂന്നുമുക്കിലെ ജലസംഭരണിയിലെത്തിച്ച്‌ അവിടെനിന്ന് വീടുകളിലേക്ക് വിതരണംചെയ്യുന്നതാണ് പദ്ധതി. കുടിവെള്ളപദ്ധതിയിലേക്ക് വെള്ളമെടുക്കുന്ന ആറ് നിലവിൽ വരണ്ടുതുടങ്ങി. പദ്ധതിയിലെ കിണറ്റിലേക്ക് വെള്ളമെത്തിക്കുന്നതിനായി ആറ്റിൽ ചെറുതടയണ നിർമിച്ചത് തകർന്നതും ഭീഷണിയായി. തടയണയിലെ കോൺക്രീറ്റിന്റെ അടിയിൽക്കൂടി വെള്ളം ചോർന്നുപോവുകയാണ്. അല്പമെങ്കിലുമുള്ളവെള്ളം കെട്ടിനിർത്താൻ കഴിയാത്തതിനാൽ പദ്ധതിയിലെ കിണറ്റിലേക്ക് വെള്ളമെത്തുന്നത് വളരെ പതുക്കെയാണ്. ഇതാണ് പമ്പിങ്ങിന് പ്രതിസന്ധിയുണ്ടാക്കുന്നത്. മുൻപ് രണ്ടു പമ്പുകൾ തുടർച്ചയായി പകൽസമയം മുഴുവൻ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രാവിലെയും ഉച്ചകഴിഞ്ഞും നിയന്ത്രണങ്ങളോട് പ്രവർത്തിപ്പിക്കേണ്ട അവസ്ഥയുണ്ട്. ഇതോടെ മൂന്നുമുക്കിലെ ജലസംഭരണി നിറയുന്നതും ഏറെ സമയമെടുത്താണ്‌. ഉയരമുള്ള സ്ഥലങ്ങളിൽ വെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഈ കുടിവെള്ളപദ്ധതിയെ ആശ്രയിച്ചുമാത്രമാണ് പല കുടുംബങ്ങളുമുള്ളത്. അതിനാൽ ജലവിതരണം നിലയ്ക്കുന്നത് ഇവർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകുന്നു. മുൻവർഷങ്ങളിൽ കുടിവെള്ളപദ്ധതിക്ക് ഇത്തരം പ്രതിസന്ധിയുള്ളപ്പോൾ ജല അതോറിറ്റി അധികൃതർ ആറ്റിൽ കുഴിയെടുത്ത് പദ്ധതിയിലെ കിണറ്റിലേക്ക് വെള്ളം ഇറക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. 40 വർഷം മുൻപ്‌ അച്ചൻകോവിലിൽ, പൊതുനിരത്തുകളിൽ 77 ടാപ്പുകൾ സ്ഥാപിച്ചാണ് പദ്ധതിക്ക് തുടക്കമായത്. എന്നാൽ നിലവിൽ ജല അതോറിറ്റിയുടെ 400-നുപുറത്ത് കണക്‌ഷനുകളും പിന്നീട് ജലജീവൻ പദ്ധതിപ്രകാരമുള്ള കണക്‌ഷനും പദ്ധതിയിൽനിന്ന് നൽകിയിട്ടുണ്ട്. ആറിനോടുചേർന്ന് സ്ഥാപിച്ച കുടിവെള്ളപദ്ധതിക്ക് നവീകരണം ആവശ്യമാണ്. 2018-ൽ പ്രളയസമയത്തുൾപ്പെടെ ആറിനോടുചേർന്നുള്ള കുടിവെള്ളപദ്ധതിയുടെ പമ്പ് ഹൗസും കിണറും നിൽക്കുന്നതിന്റെ ചുറ്റുപാടുമുള്ള മൺതിട്ട മുഴുവനായി ഒലിച്ചുപോയിരുന്നു. ഇതും പദ്ധതിക്ക് തിരിച്ചടിയായിട്ടുണ്ട്. വേനൽ കടുത്തതോടെ അച്ചൻകോവിലിൽ പലയിടത്തും കിണറുകളിൽ വെള്ളം വറ്റിയനിലയിലാണ്. അതിനാൽ പദ്ധതി പൂർണമായും നവീകരിക്കുന്നതിനൊപ്പം പദ്ധതിക്കു സമീപത്തെ തടയണയിൽ വെള്ളം കൂടുതൽ കെട്ടിനിർത്തുന്നതിനുള്ള താത്കാലിക നടപടിയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അച്ചൻകോവിലാർ വരണ്ടു കുടിവെള്ളപദ്ധതി അവതാളത്തിൽ — Mathrubhum… | Boolokam