പുത്തൂരിൽ നൃത്ത-സംഗീതോത്സവം തുടങ്ങി To advertise here, പാലക്കാട് : പുത്തൂരിൽ ആസ്വാദകർക്ക് കാതിന് കുളിർമഴയായി എസ്.പി.ബി. ചരണിന്റെ സംഗീതം. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തിലെ വേലയുടെ ഭാഗമായുള്ള നൃത്ത-സംഗീതോത്സവത്തിന്റെ ആദ്യദിനത്തിൽ ഗായകൻ എസ്.പി.ബി. ചരണിന്റെ എസ്.പി.ബി. മെലഡീസ് ആസ്വാദകരുടെ മനം കവർന്നു. പിതാവ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ജനപ്രിയ ഗാനങ്ങൾക്ക് ചരൺ സ്വന്തം ശബ്ദത്തിൽ ഭാവഭംഗി നൽകി. ‘ഒരുവൻ ഒരുവൻ മുതലാളി’ എന്ന ഹിറ്റ് ഗാനത്തിലായിരുന്നു തുടക്കം. തുടർന്ന് ‘കേളെടീ കൺമണി, മലരേ മൗനമാ എന്നിങ്ങനെ ആ സംഗീതധാര തുടർന്നു. സ്വരമാധുരിയുമായി പിന്നണി ഗായിക മാതംഗി അജിത്കുമാറും വേദിയിൽ നിറഞ്ഞു. കൂടാതെ സതീഷ്‍കുമാർ, ഡോ. നന്ദകുമാർ, സംഗീതാ ശ്രീകാന്ത്, നിത്യശ്രീ എന്നിവരും വേദിയിലെത്തി. വേലയുടെ ഭാഗമായുള്ള നൃത്ത-സംഗീതോത്സവം ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം. സുരേന്ദ്രൻ, സെക്രട്ടറി വി.എ. ശ്രീകുമാർ, ഗോവിന്ദൻകുട്ടി, പ്രവീൺ, പ്രദീപ്, ദിനേശ്, ഹരിഹരൻ, വിനോദ്, ജീവനാഥൻ തുടങ്ങിയവർ സംസാരിച്ചു. വേദിയിൽ ഇന്ന് നൃത്ത-സംഗീതോത്സവത്തിൽ വെള്ളിയാഴ്ച വിനീത് ശ്രീനിവാസൻ സംഗീതപരിപാടി അവതരിപ്പിക്കും. വൈകീട്ട് 6.45-ന് ‘വിനീത് ശ്രീനിവാസൻ ലൈവ്’ ബാൻഡിന്റെ നേതൃത്വത്തിലാണ് പരിപാടി. ഗായകനായും സംവിധായകനായും നടനായും ആസ്വാദകരുടെ മനസുകീഴടക്കിയ കലാകാരനാണ് വിനീത് ശ്രീനിവാസൻ. 2004-ൽ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടി മലയാളികളുടെ പ്രിയ ഗായകനായി. ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകനായ അദ്ദേഹം ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു. വേദിയിൽ നാളെ ശനിയാഴ്ച നൃത്ത-സംഗീതോത്സവത്തിൽ നർത്തകൻ പുത്തൂർ പ്രമോദ് ദാസും സംഘവും അവതരിപ്പിക്കുന്ന ‘കതിവന്നൂർ വീരൻ’ മോഹിനിയാട്ട നൃത്തശില്പം അരങ്ങേറും. വൈകീട്ട് 6.45-നാണ് പരിപാടി. സ്കൂൾ കലോത്സവത്തിൽ മുൻകലാപ്രതിഭയായിരുന്ന പ്രമോദ് ദാസ് നൃത്താധ്യാപകനുമാണ്. കതിവന്നൂർ വീരൻ എന്ന മുൻകാല യോദ്ധാവിന്റെ കഥയുടെ നൃത്താവിഷ്കാരവുമായാണ് പ്രമോദ് ദാസും സംഘവുമെത്തുന്നത്.

അച്ഛന്റെ ഓർമകളുടെ സ്വരസുഗന്ധമായി എസ്.പി.ബി. ചരൺ
M
MathrubhumiSource Link
about 1 month ago