ന്യൂസ് ഡെസ്ക് Last Updated: 17 April 2026, 10:13 AM IST പ്രതീകാത്മക ചിത്രം| Photo: AFP ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ തിരയുന്ന കൊടുംഭീകരർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത് ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. ലഷ്കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളിലെ ഡസനിലധികം കമാൻഡർമാരാണ് ഇതിനോടകം വധിക്കപ്പെട്ടത്. ലഷ്കറെ തൊയ്ബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസ ലാഹോറിൽ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ സംഭവം. To advertise here, അമീർ ഹംസയുടെ വധത്തിന് തൊട്ടുമുമ്പ് ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2024 ജൂണിൽ റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ബസ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സിയാ-ഉർ-റഹ്മാൻ എന്ന ഖത്തൽ സിന്ധിയും മാർച്ച് മാസത്തിൽ വെടിയേറ്റ് മരിച്ചിരുന്നു. 2023-ലായിരുന്നു ഇത്തരം കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെറും ഏഴ് മാസത്തിനുള്ളിൽ ഏഴ് ഭീകരന്മാരാണ് വധിക്കപ്പെട്ടത്. ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പരംജിത് സിങ് പഞ്ച്‌വാർ ലാഹോറിൽ പ്രഭാതസവാരിക്കിടെ വെടിയേറ്റ് വീണത് വലിയ വാർത്തയായിരുന്നു. പാക് അധികൃതർ സുരക്ഷ നൽകിയിട്ടും വളരെ അടുത്തുവെച്ചാണ് അക്രമികൾ പരംജിതിനെ വെടിവെച്ചത്. 2016-ലെ പഠാൻകോട്ട് വ്യോമതാവളം ആക്രമിച്ചതിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫ് സിയാൽക്കോട്ടിലെ പള്ളിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ മുഫ്തി ഖൈസർ ഫാറൂഖ് കറാച്ചിയിലും റിക്രൂട്ട്‌മെന്റ് തലവൻ അക്രം ഖാൻ ഗാസി ഖൈബർ പഖ്തൂൺഖ്വയിലും വെടിയേറ്റ് മരിച്ചു. 2018-ലെ സഞ്ജുവാൻ സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഖ്വാജ ഷാഹിദിന്റെ മൃതദേഹം തലയറുത്ത നിലയിലാണ് പാക് അധീന കശ്മീരിൽ കണ്ടെത്തിയത്. ഭീകര ശൃംഖലകൾക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണോ അതോ പുറത്തുനിന്നുള്ള ഇടപെടലാണോ ഇതിന് പിന്നിലെന്ന് പാക് അധികൃതർ സംശയിക്കുന്നുണ്ട്. ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരരിലൊരാളായ സഹൂർ മിസ്‌ത്രിയും 2022-ൽ കറാച്ചിയിൽ കൊല്ലപ്പെട്ടിരുന്നു. വിമാനയാത്രക്കാരനായ 25-കാരൻ രൂപൻ കട്യാലിനെ കുത്തിക്കൊന്നത് മിസ്‌ത്രിയായിരുന്നു. തുടർച്ചയായ ഇത്തരം കൊലപാതകങ്ങൾ പാകിസ്താനിലെ ഭീകരതാവളങ്ങളെ വിറപ്പിച്ചിരിക്കുകയാണ്. Content Highlights: The killing of LeT's Amir Hamza marks a trend of targeted hits on wanted terrorists in Pakistan. Published: 17 Apr 2026, 10:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അജ്ഞാതന്റെ തോക്കിനിരയാകുന്ന പാക് ഭീകരർ; ആഭ്യന്തര കലഹമോ ആസൂത്രിത നീക്കമോ?
M
MathrubhumiSource Link
23 days ago