ചെ ങ്കൊടിയേന്തിയ പത്തനംതിട്ട ജില്ലയേയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. 2019-ൽ കോന്നിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാർ വിജയിച്ചതോടെയാണ് ജില്ല പൂർണമായും ചുവന്നു തുടങ്ങിയത്. 2016-ൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച അടൂർ പ്രകാശ് എം.പി.യായി പോയതോടെയാണ് കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. എങ്കിലും പത്തനംതിട്ട ആരുടെ കൈവെള്ളയിലത് ഇരിക്കുമെന്ന് കൃത്യമായി പറയാൻ രാഷ്ട്രീയ നിരീക്ഷകർക്കു പോലും സാധിക്കാറില്ല. കാര്യങ്ങൾ എങ്ങനെമാറുമെന്നോ എവിടെ മാറുമെന്നോ പറയാനൊക്കാത്ത നാടാണിത്. To advertise here, 2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവന്നു. വീണാ ജോർജ് (സി.പി.എം.-ആറന്മുള), മാത്യു ടി. തോമസ് (ജനതാദൾ-തിരുവല്ല), ചിറ്റയം ഗോപകുമാർ (സി.പിഐ-അടൂർ), കെ.യു. ജനീഷ്‌കുമാർ (സി.പി.എം-കോന്നി), പ്രമോദ് നാരായൺ (കേരള കോൺഗ്രസ് എം-റാന്നി) എന്നിവരാണ് ഇപ്പോഴത്തെ ജനപ്രതിനിധികൾ. കോൺഗ്രസിനൊപ്പം കേരള കോൺഗ്രസിന്റെയും പ്രതാപ ജില്ലകളിലൊന്നാണ് പത്തനംതിട്ട. എൻ.എസ്.എസ്.പിന്തുണയോടെ രണ്ട് എൻ.ഡി.പി. (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി) സ്ഥാനാർഥികൾ വിജയിച്ച ചരിത്രമുണ്ട്. ശബരിമല സ്വർണക്കൊള്ളയാണ് പത്തനംതിട്ടയെ ഇത്തവണ പ്രവചനാതീതമാക്കുന്നത്. കഴിഞ്ഞ തവണ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും പിടിച്ച് ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ തദ്ദേശപ്പോരിൽ അഞ്ചുമണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തിയത് എൽഡിഎഫിനെ ആശങ്കയിലാക്കിയെന്ന് വ്യക്തമാണ്. സ്വർണക്കൊള്ളയിൽ ഏറ്റ പ്രഹരം വികസനം പറഞ്ഞ് മറച്ചുപിടിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇടതിനൊപ്പം 30 വർഷമായി നിൽക്കുന്ന റാന്നിയും 20 വർഷമായ തിരുവല്ലയും ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർക്കുള്ള സ്വാധീനം ആത്മവിശ്വാസഘടകമാണ്. ഇവിടെ ശബരിമലയും ഭരണവിരുദ്ധതയുമാണ് യുഡിഎഫിന്റെ പ്രചാരണായുധം. തദ്ദേശത്തിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസം പ്രകടമാണ്. സ്ഥാനാർഥിത്വം കിട്ടാത്തവരുടെ പിണക്കം മാറ്റാൻ മുൻനിര നേതാക്കൾതന്നെ മുൻകൈയെടുത്തു. കുറഞ്ഞത് മൂന്ന് മണ്ഡലമെങ്കിലും ഇത്തവണ പിടിക്കാനാകുമെന്ന് യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്നു. പുറമേ യോജിപ്പ് കാണിക്കുന്നുണ്ടെങ്കിലും കാലുവാരൽ ഭയം യുഡിഎഫ് കേന്ദ്രങ്ങളെ അലട്ടാതിരിക്കുന്നുമില്ല. ആറന്മുളയിലും തിരുവല്ലയിലും എൻഡിഎ ശക്തമായ പോരിനുള്ള ഒരുക്കത്തിലാണ്. ജില്ലയിൽ ഭരണത്തിലുള്ള നാല് പഞ്ചായത്തിൽ രണ്ടെണ്ണം ആറന്മുള മണ്ഡലത്തിലും ഒരെണ്ണം തിരുവല്ലയിലുമാണ്. കഴിഞ്ഞതവണ കൂടുതൽ വോട്ടുപിടിച്ച കോന്നിയിൽ ഇത്തവണ ബിജെപി. ബിജെപി മത്സരിക്കുന്നില്ല. പകരം സീറ്റ് ബിഡിജെഎസ്സിനാണ്. ശബരിമല വിഷയമാകില്ലെന്നു പറഞ്ഞ റാന്നിയിലെ ട്വന്റി-20 സ്ഥാനാർഥി മുന്നണിയെ വെട്ടിലാക്കിയത് പരിഹരിച്ചത് ആറന്മുളയിലെ ബിജെപി സ്ഥാനാർഥി ഇറങ്ങിയാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ പലതീരുമാനത്തിലും ജില്ലയിലെ നേതാക്കൾ അതൃപ്തിപ്രകടമാക്കിയിരുന്നു. ജില്ലയിലെ ശ്രദ്ധേയമായ പോരാട്ടം ആറന്മുളയിലാണ്. സാമുദായിക സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റം ഇത്തവണ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിശ്ചയിക്കും. സ്ഥാനാർഥികളായ വീണാ ജോർജ് (എൽഡിഎഫ്), അബിൻ വർക്കി (യുഡിഎഫ്) എന്നിവർ ഓർത്തഡോക്സുകാരാണ്. കഴിഞ്ഞതവണവരെ സിപിഎമ്മിന് ലഭിച്ചിരുന്ന ഓർത്തഡോക്സ് വോട്ടുകൾ ഇത്തവണ ഭിന്നിക്കുമെന്നാണ് കരുതുന്നത്. ഹൈന്ദവസമുദായ സംഘടനകൾക്ക് സ്വീകാര്യനായ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ വരവോടെ ജയപരാജയം പ്രവചനാതീതമാണ്. റാന്നിയിലും കോന്നിയിലും എൻഡിഎ ഘടകകക്ഷികൾ മത്സരിക്കുന്നത് മറ്റു രണ്ടു മുന്നണികളെയും കൊതിപ്പിക്കുന്നുണ്ട്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള രണ്ടിടത്തും അവരുടെ വോട്ടുകളിൽ രണ്ടുകൂട്ടരും കണ്ണുവെച്ചിരിക്കുകയാണ്. തിരുവല്ലയിലെ എൽഡിഎഫിന്റെ പതിവ് ജയത്തിൽ ഇത്തവണ ബിജെപിയുടെ യുവരക്തം എന്തുചെയ്യുമെന്നതും നിർണായകമാണ്. മാറിമറിയുന്ന മനസ്സാണ് ഈ മലയോരനാടിന്. യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന ഒരു സീറ്റ് കവർന്നെടുത്ത് അഞ്ചിൽ അഞ്ചും എൽഡിഎഫ് നേടുന്നത് 2019-ലെ ഉപതിരഞ്ഞെടുപ്പിലാണ്. കോന്നി പിടിച്ചെടുത്ത എൽഡിഎഫ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വിട്ടുകൊടുത്തില്ല. അഞ്ചിന്റെ അഴകുമായി എൽഡിഎഫ് നെഞ്ചുവിരിച്ചപ്പോൾ യുഡിഎഫിന് എടുത്തുപറയാൻ ഒന്നുമില്ലായിരുന്നു. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിലും ജനം എൽഡിഎഫിനൊപ്പം നിന്നു. എന്നാൽ, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന് ആശ്വസിക്കാനുള്ള വകയായി. പിന്നാലെ 2025-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ മുപ്പതിലേറെ പഞ്ചായത്തുകൾ പിടിച്ചെടുത്താണ് യുഡിഎഫ് തിരിച്ചുവരവ് നടത്തിയത്. വോട്ട് നേടിയതിൽ അഞ്ചുമണ്ഡലത്തിലും യുഡിഎഫ് ആയിരുന്നു മുന്നിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ എൻഡിഎ. 30,000-ൽ അധികം വോട്ടുകൾ നേടി. അടൂർ, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ടുകൾ നേടാനും എൻഡിഎയ്ക്ക് സാധിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ജില്ലയിൽ 9,77,921 വോട്ടർമാരാണുള്ളത്. 5,09,792 സ്ത്രീകളും 4,68,124 പുരുഷൻമാരും അഞ്ച് ട്രാൻസ്‌ജെൻഡറുകളുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിലാണ് - 2,14,575 പേർ. കുറവ് റാന്നിയിൽ - 1,75,565. അടൂർ - 2,00,864. തിരുവല്ല - 1,97,960. കോന്നി - 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. ജില്ലയിൽ ആകെ 3,917 പ്രവാസി വോട്ടർമാരാണുള്ളത്. ആറന്മുള - 1,013, തിരുവല്ല - 962, അടൂർ - 821, കോന്നി - 557, റാന്നി - 564. പത്തനംതിട്ട ജില്ലയിൽ മുന്നു നിയോജകമണ്ഡലങ്ങളാണ് ജനസംഖ്യാനുപാതികമായ കണക്കെടുപ്പിൽ ഇല്ലാതായത്. പത്തനംതിട്ട, കല്ലൂപ്പാറ, പന്തളം. ഈ മണ്ഡലങ്ങൾ സമീപ മണ്ഡലങ്ങളോട് ചേർക്കപ്പെടുകയായിരുന്നു. 1965-ലാണ് കോന്നി, പന്തളം നിയമസഭാമണ്ഡലങ്ങൾ നിലവിൽ വന്നത്. കല്ലൂപ്പാറ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 1957 മുതലുള്ളതായിരുന്നു. 2006 വരെയായിരുന്നു മൂന്നു മണ്ഡലങ്ങളിലും അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2011-ലെ തിരഞ്ഞെടുപ്പ് ഈ മണ്ഡലങ്ങൾ ചേർന്ന നിയമസഭാമണ്ഡലങ്ങളുടെ പേരിലായിരുന്നു. പത്തനംതിട്ടയെ ആറന്മുള നിയമസഭാമണ്ഡലത്തോട് ചേർക്കപ്പെടുകയായിരുന്നു. ഏറ്റവും വലിയ നിയോജകമണ്ഡലങ്ങളിലൊന്നാണ് ആറന്മുള. 1957-ലാണ് രണ്ടുനിയോജകമണ്ഡലങ്ങളും നിലവിൽ വന്നത്. കല്ലൂപ്പാറ 1957-ലാണ് നിലവിൽ വന്നത്. കോൺഗ്രസിലെ അഡ്വ. കെ. ശിവദാസൻനായർ ആയിരുന്നു പത്തനംതിട്ട നിയമസഭാ മണ്ഡലത്തിലെ അവസാനത്തെ എം.എൽ.എ.പന്തളം നിയമസഭാ മണ്ഡലത്തിൽ ജെ.എസ്. എസിലെ കെ.കെ. ഷാജുവും കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസിലെ ജോസഫ് എം. പുതുശ്ശേരിയുമായിരുന്നു അവസാനം ജനപ്രതിനിധിയായത്. തിരുവല്ല -മാത്യു ടി. തോമസ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ-എൽഡിഎഫ്) -അഡ്വ. വർഗീസ് മാമ്മൻ (കേരള കോൺഗ്രസ്-യുഡിഎഫ്) -അനൂപ് ആന്റണി ജോസഫ് (ബിജെപി-എൻഡിഎ) റാന്നി -പ്രമോദ് നാരായൺ (കേരള കോൺഗ്രസ്(എം)-എൽഡിഎഫ്) -പഴകുളം മധു (കോൺഗ്രസ്-യുഡിഎഫ്) -തോമസ് കെ. സമുവൽ (ബ്ലസൻ) (ട്വന്റി-ട്വന്റി-എൻഡിഎ) ആറന്മുള -വീണാ ജോർജ് (സിപിഎം-എൽഡിഎഫ്) -അബിൻ വർക്കി (കോൺഗ്രസ്-യുഡിഎഫ്) -കുമ്മനം രാജശേഖരൻ (ബിജെപി-എൻഡിഎ) കോന്നി -അഡ്വ. ജനീഷ്‌കുമാർ (സിപിഎം-എൽഡിഎഫ്) -പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ (കോൺഗ്രസ്-യുഡിഎഫ്) -ടി.പി. സുന്ദരേശൻ (ബിഡിജെഎസ്-എൻഡിഎ) അടൂർ -പ്രിജി കണ്ണൻ(സിപിഐ-എൽഡിഎഫ്) -അഡ്വ. സി.വി. ശാന്തകുമാർ(കോൺഗ്രസ് -യുഡിഎഫ്) -അഡ്വ. പന്തളം പ്രതാപൻ - ബിജെപി 1. മലയോരവും വയലോരവും ചേർന്ന തിരുവല്ല ഇത്തവണയും മാത്യു ടി. തോമസിനെ തുണയ്ക്കുമോ? എൽഡിഎഫിന് സിറ്റിങ് എംഎൽഎ മാത്യു ടി. തോമസ്. യുഡിഎഫിന് അഡ്വ. വർഗീസ് മാമ്മൻ. എൻഡിഎയ്ക്കായി കച്ചമുറുക്കി അനൂപ് ആന്റണി ജോസഫ് എന്നിങ്ങനെയാണ് ഇത്തവണത്തെ തിരുവല്ലയിലെ രാഷ്ട്രീയ പോരിന്റെ ചിത്രം. മാത്യു ടി. തോമസ് ജയം തുടർന്നാൽ മൂന്ന് പതിറ്റാണ്ട് തിരുവല്ലയെ സ്വന്തമാക്കിയെന്ന അപൂർവത അദ്ദേഹത്തിന് സ്വന്തമാകും. ലോകത്തെവിടെയും എന്ത് സംഭവം ഉണ്ടായാലും അതിനൊരു തിരുവല്ല ബന്ധം ഉണ്ടാകുമെന്ന് പ്രാദേശികമായൊരു പറച്ചിലുണ്ട്. ലോകവീക്ഷണവും ദേശീയ-സംസ്ഥാന വിഷയങ്ങളും, പ്രാദേശികകാര്യങ്ങളും എല്ലാ തിരഞ്ഞെടുപ്പിലും ഇവിടത്തെ അടിയൊഴുക്കുകളെ നിർണയിക്കും. മലയോരവും വയലോരവും ചേർന്ന നാട്ടിൽ റബ്ബറും നെല്ലും ചർച്ചാവിഷയമാണ്. 56 ശതമാനത്തിലധികം ഹിന്ദുവോട്ടുള്ള മണ്ഡലത്തിൽ വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഇതരവിഭാഗങ്ങളുടെ നിലപാടുകളാണ് നിർണായകമാകുന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തുനിന്ന തിരുവല്ലയെ പിന്നീട് വലതുപക്ഷകോട്ടയെന്നാണ് മിക്ക രാഷ്ട്രീയനിരീക്ഷകരും കരുതിപ്പോകുന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും വളക്കൂറുള്ള മണ്ഡലം. 1957-ൽ സിപിഐയുടെ ജി. പദ്മനാഭൻ തമ്പിയാണ് തിരുവല്ലയുടെ ആദ്യ ജനപ്രതിനിധിയായത്. 1960-ൽ കോൺഗ്രസിന്റെ പി. ചാക്കോയും തുടർന്ന് 1977 വരെ കേരള കോൺഗ്രസിലെ ഇ. ജോൺ ജേക്കബും മണ്ഡലത്തെ നയിച്ചു. 1980-ലും 82-ലും പി.സി. തോമസ്, 1987-ൽ ജനതാദളിലൂടെ മാത്യു ടി. തോമസ്, 1991, 96, 2001 വർഷങ്ങളിൽ മാണി കോൺഗ്രസിലെ മാമ്മൻ മത്തായി, 2003-ലെ ഉപതിരഞ്ഞെടുപ്പിൽ മാമ്മൻ മത്തായിയുടെ ഭാര്യ എലിസബത്ത് എന്നിവർ എംഎൽഎമാരായി. ഇതിനിടെ ബിജെപിയും മണ്ഡലത്തിൽ വേരോട്ടമുണ്ടാക്കി. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയ ആദ്യ ഗ്രാമപ്പഞ്ചായത്തുകളിലൊന്ന് തിരുവല്ലയിലെ നെടുമ്പ്രമായിരുന്നു. പിന്നീട് കുറ്റൂരിലും കവിയൂരിലും ബിജെപി ഭരിച്ചു. 2011-ൽ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ തിരുവല്ലയിലേക്ക് കൂട്ടിച്ചേർത്തു. 2006 മുതൽ മാത്യു ടി. തോമസാണ് എംഎൽഎ. 2011-ലും 2016-ലും 2021-ലും അദ്ദേഹം പിടിവിട്ടില്ല. ഇതിനിടെ നടന്ന നാല് പാർലമെന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു തിരുവല്ലയിൽ ഭൂരിപക്ഷം. തുടർച്ചയായി വിജയിച്ചിട്ടും വികസനം വേണ്ടത്ര വന്നിട്ടില്ലെന്ന് സമീപ മണ്ഡലങ്ങളെ ചൂണ്ടിക്കാട്ടിയാണ് മാത്യു ടി. തോമസിന് എതിരേയുള്ള പ്രചാരണം. അക്കമിട്ടുള്ള ചോദ്യങ്ങളാണ് മറുപക്ഷങ്ങൾ ഉയർത്തുന്നത്. 20 വർഷം മുമ്പത്തെ തിരുവല്ലയെ അറിയാത്തവരാണ് ഈ വാദവുമായി നടക്കുന്നതെന്നാണ് മാത്യു ടി. തോമസിന്റെ മറുപടി. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ നേട്ടമുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫ്. പ്രകടിപ്പിക്കുന്നത്. നഗരസഭയടക്കമുള്ള 12 തദ്ദേശസ്ഥാപനങ്ങളിൽ ഏഴിടത്ത് യുഡിഎഫാണ് ഭരണം. സ്ഥാനാർഥികളാകാൻ പരിശ്രമിച്ച ഒരുഡസനോളം നേതാക്കളുടെ പടലപ്പിണക്കം മാറ്റി എങ്ങനെ പ്രചാരണത്തിന് ഇറക്കാമെന്ന ചിന്തയാണ് യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ ആത്മവിശ്വാസത്തിനപ്പുറമുള്ള പോരാട്ടമാണ് എൻ.ഡി.എ.യുടെ ഊർജം. പ്രചാരണത്തിൽ അവർ ഒരുപടി മുന്നിലുമാണ്. അടിയൊഴുക്കുകളെ എങ്ങനെ തടയാമെന്നത് എൻഡിഎ ക്യാമ്പിനെ അലട്ടുന്നുണ്ട്. 2. ആരുപിടിക്കും റാന്നി റാന്നിയിൽ ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഒരുമുഴം മുമ്പേ എറിഞ്ഞത് എൽഡിഎഫാണ്. തൊട്ടുപിന്നാലെ എൻഡിഎയും സ്ഥാനാർഥി പ്രഖ്യാപനവുമായെത്തി ഞെട്ടിച്ചു. യുഡിഎഫിന് തങ്ങളുടെ സ്ഥാനാർഥിയെ കളത്തിലിറക്കാനായത് ഏറ്റവും ഒടുവിലാണ്. ശബരിമല ഉൾപ്പെടുന്ന മണ്ഡലം എങ്ങനെയും പിടിക്കാൻ എൻഡിഎയും യുഡിഎഫും ശ്രമിക്കുമ്പോൾ റാന്നിയെ ഇടതുചേർത്ത് നിർത്താൻ എൽഡിഎഫ് സജ്ജമായിക്കഴിഞ്ഞു. മണ്ഡലത്തിന് പുറത്തുനിന്നെത്തി റാന്നിയുടെ മനംകവർന്ന ആളാണ് പ്രമോദ് നാരായൺ. അഞ്ചുവർഷം മുമ്പ് പ്രമോദിന്റെ സ്ഥാനാർഥിത്വത്തിൽ സിപിഎമ്മിലും കേരള കോൺഗ്രസ് എമ്മിലും മുറുമുറുപ്പുയർന്നെങ്കിലും ഇത്തവണ അതില്ലാത്തത് വലിയ ആശ്വാസമാണ്. ആദ്യഘട്ടത്തിൽ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുകയാണ് പ്രമോദ് നാരായൺ. വന്യമൃഗ പ്രശ്‌നങ്ങൾക്ക് പരിഹാരമായി സോളാർവേലി വനാതിർത്തിൽ നിർമിച്ചു, പാലം പണിതു, റോഡുകൾ ഉയർന്ന നിലവാരത്തിലാക്കി തുടങ്ങിയ വികസനങ്ങൾ മുൻനിർത്തിയാണ് പ്രമോദ് വോട്ടുതേടുന്നത്. മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ട്വന്റി-ട്വന്റി കടന്നുവന്നത്. കഴിഞ്ഞ രണ്ടുതവണയും ബിഡിജെഎസ് മത്സരിച്ച മണ്ഡലമാണ് റാന്നി. വ്യവസായിയായ തോമസ് കെ.സാമുവൽ ആണ് ട്വന്റി-ട്വന്റി സ്ഥാനാർഥി. ഇത്തവണ റാന്നിയിൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ വിഷയങ്ങൾക്കുശേഷംനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രന് മണ്ഡലത്തിൽ 39,560 വോട്ടുകൾ ലഭിച്ചത് ശ്രദ്ധേയമായിരുന്നു. അടിസ്ഥാന വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ അധികമായി നേടാൻ കഴിയുമെന്ന് വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ട്വന്റി-ട്വന്റിക്ക് സീറ്റ് നൽകിയത്. റാന്നിയിലെ കളംപിടിക്കാൻ പഴകുളം മധുവിനെ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തിൽ ദിവസങ്ങൾക്ക് മുൻപേ സജീവമായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ മധു. നിയമസഭയിലേക്ക് ഇത് അദ്ദേഹത്തിന്റെ കന്നി മത്സരമാണ്. നിയമസഭാ മണ്ഡലം രൂപവത്കരിച്ച 1957 മുതൽ 2021 വരെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്തേക്കും വലത്തേക്കും ചാഞ്ഞിട്ടുള്ള ചരിത്രമാണ് റാന്നിക്കുള്ളത്. എന്നാൽ, 1991-ൽ സിപിഎമ്മിലെ രാജു ഏബ്രഹാം എൽഡിഎഫ് സ്ഥാനാർഥിയായത് മുതൽ മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിന്റെയിടമായി. മണ്ഡലത്തിൽനിന്ന് ഒരു സിപിഎം സ്ഥാനാർഥി വിജയിക്കുന്നതും ആദ്യമായായിരുന്നു. അതിനുമുമ്പ് 1967-ൽ സിപിഐയിലെ എം.കെ. ദിവാകരനൊഴിച്ചാൽ മണ്ഡലത്തിൽനിന്ന് വിജയിച്ചവരെല്ലാം കോൺഗ്രസോ, കേരള കോൺഗ്രസ് സ്ഥാനാർഥികളോ ആയിരുന്നു. അഞ്ചുതവണ രാജു ഏബ്രഹാമിനെയും 2021-ൽ കേരള കോൺഗ്രസ് (എം)-ലെ പ്രമോദ് നാരായണെയുമാണ് വിജയിപ്പിച്ചത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥിതി മറിച്ചാവും. പത്തനംതിട്ട മണ്ഡലം രൂപവത്കരിക്കപ്പെട്ടശേഷം റാന്നി മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വൻഭൂരിപക്ഷം നൽകിവന്നു. മൂന്നുതവണയും ആന്റോ ആന്റണിക്കൊപ്പമായിരുന്നു മണ്ഡലം. ഇത്തവണയും തിരഞ്ഞെടുപ്പ് ചിത്രത്തിലെ മുഖ്യവിഷയമാണ് ശബരിമല. സ്വർണ്ണകൊള്ളയിൽ ഏറ്റ തിരിച്ചടിയെ ഏതുവിധേനയും മറിക്കടക്കാനാണ് എൽഡിഎഫ് ക്യാമ്പ് ശ്രമിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല റാന്നിയിൽ. എൽഡിഎഫിനൊപ്പമായിരുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കൈകൊടുത്തു. 12 പഞ്ചായത്തുകളാണ് മണ്ഡലത്തിൽ. ശബരിമലയുള്ള പെരുനാട് പഞ്ചായത്തിൽ ഭരണത്തിലുള്ളത് എൽഡിഎഫാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1285 വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലം പിടിക്കാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ ശബരില തന്നെയാണ് എൻഡിഎയുടെയും വജ്രായുധം. 3. ത്രികോണമത്സരത്തിന് കളമൊരുങ്ങി, ആറന്മുളയിൽ പൊടിപാറും ഐക്യ കേരള രൂപവത്കരണംമുതൽ നിലനിന്നിരുന്ന അവിഭക്ത ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു ആറന്മുള മണ്ഡലം. ജില്ലാ രൂപവത്കരണ ശേഷം പത്തനംതിട്ടയിലെ കോയിപ്രം, തോട്ടപ്പുഴശേരി, അയിരൂർ, ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തും ചേർന്നതായിരുന്നു ആറന്മുള മണ്ഡലം. 1965, 1967, 1970 തിരഞ്ഞെടുപ്പുകൾക്ക് ശേഷം 1977 മുതൽ 1996 വരെ യുഡിഎഫ് ശക്തമായ മേധാവിത്വം കാട്ടിയ ആറന്മുളയിൽ യുഡിഎഫ് പടലപ്പിണക്കത്തെ തുടർന്ന് 1996-ൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. 2001-ൽ മണ്ഡലം യുഡിഎഫ് തിരികെപ്പിടിച്ചെങ്കിലും 2006-ൽ വീണ്ടും എൽഡിഎഫ് തിരികെപ്പിടിച്ചു. മണ്ഡല പുനർനിർണയശേഷം നടന്ന 2011-ൽ മണ്ഡലത്തിന്റെ ഘടന മാറി. ഇല്ലാതായ കല്ലൂപ്പാറ, പത്തനംതിട്ട മണ്ഡലങ്ങളിലെ ഇരവിപേരൂർ, കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും പുതുതായി ആറന്മുളയിലേക്ക് വരുകയും അയിരൂർ റാന്നിയിലേക്കും, മുളക്കുഴ ചെങ്ങന്നൂർ മണ്ഡലത്തോട് ചേരുകയും ചെയ്തതോടെ ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള മണ്ഡലമായി ആറന്മുള. പുനർനിർണയശേഷം നടന്ന 2011-ൽ ആറന്മുളയിൽ യുഡിഎഫ് വിജയിച്ചു. കെ. ശിവദാസൻനായരാണ് എൽഡിഎഫിലെ കെ.സി. രാജഗോപാലനെ പരാജയപ്പെടുത്തിയത്. മണ്ഡല പുനർനിർണയം കഴിഞ്ഞ് ആദ്യമായി 2009-ൽ നിലവിൽ വന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ അന്നുമുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെയും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. എന്നാൽ എൽഡിഎഫിന് കാര്യമായി വിജയ പ്രതീക്ഷയില്ലാതിരുന്ന 2016-ൽ മാധ്യമ പ്രവർത്തനത്തിന്റെ പിൻബലത്തിൽ എത്തിയ വീണാ ജോർജിലൂടെ എൽഡിഎഫ് അപ്രതീക്ഷിതവും ആധികാരകവുമായ വിജയം നേടി. 2021-ൽ വീണാ ജോർജ് ആറന്മുള മണ്ഡലത്തിലെ സർവകാല ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലം ഇടത് ചേരിയിലാക്കുകയും ജില്ലയിലെ ആദ്യ വനിതാ മന്ത്രിയാകുകയും ചെയ്തു. 16-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മണ്ഡലം എത്തുമ്പോൾ പതിവില്ലാത്തവിധം മൂന്ന് മുന്നണികളും ശക്തമായ പോരിന് തയ്യാറെടുത്തുകഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി വീണാ ജോർജ് ഒരു മുഴം മുമ്പേ പ്രചാരണം ആരംഭിച്ച് മണ്ഡലത്തിൽ സജീവമായി. അൽപ്പം വൈകിയാണങ്കിലും യു.ഡി.എഫ്. സ്ഥാനാർഥിയായി അബിൻ വർക്കിയും മണ്ഡലത്തിൽ സജീവമായി. ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ അബിന് ആദ്യഘട്ടത്തിൽതന്നെ സാധിച്ചു എന്ന വിലയിരുത്തലിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. നീണ്ട ചർച്ചകൾക്കൊടുവിൽ എൻഡിഎ മണ്ഡലത്തിൽ ഏറെ സുപരിചതനായ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ എൻഡിഎ കേന്ദ്രങ്ങളും സജീവമായി. ഇത് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കി. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം നിലനിർത്തുമെന്ന് എൽഡിഎഫും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ മേധാവിത്വം നിലനിർത്തി മണ്ഡലം തിരിച്ച് പിടിക്കുമെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ ഇക്കുറി തങ്ങൾ ആറന്മുളയിൽ അട്ടിമറി വിജയം നേടും എന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ നേതൃത്വം. സ്ഥാനാർഥിചിത്രം തെളിയുംവരെ സസ്പെൻസും ത്രില്ലും നിലനിന്ന മണ്ഡലമാണ് ആറൻമുള. മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ എൽ.ഡി.എഫ്. മറ്റുള്ളവരിൽനിന്ന് വള്ളപ്പാടകലെ എത്തിയിരുന്നു. എന്നാൽ, കോൺഗ്രസിൽ സ്ഥാനാർഥിനിർണയം ഉണ്ടാക്കിയ ആശങ്കയെ അസ്ഥാനത്താക്കിയുള്ള എൻട്രിയായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടേത്. അവസാനഘട്ടത്തിലാണ് ആറൻമുളയിലേക്ക് എൻഡിഎ കുമ്മനം രാജശേഖരന്റെ പേര് നിശ്ചയിച്ചതെങ്കിലും മണ്ഡലവുമായി കുമ്മനത്തിനുള്ള ആത്മബന്ധം ആ കുറവ് നികത്തി. എൽഡിഎഫിലെയും യുഡിഎഫിലെയും സ്ഥാനാർഥികൾ ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞതവണ ഓർത്തഡോക്സ് വിഭാഗത്തിലെ പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ കുറച്ച് വീണയ്ക്ക് കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി അത് ആവർത്തിക്കണമെന്നില്ലെന്ന് കോൺഗ്രസ് കരുതുന്നു. എന്നാൽ, 10 വർഷമായി വീണ മണ്ഡലത്തിലുണ്ടാക്കിയ വ്യക്തിബന്ധം അത് നിലനിർത്താമെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും എൽഡിഎഫ് ഉയർത്തിക്കാട്ടുന്നുണ്ട്. ആരോഗ്യവകുപ്പ് കൈവരിച്ച നേട്ടങ്ങൾ വോട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സർക്കാരിന് ഏറ്റവും പഴികേൾക്കേണ്ടിവന്ന വകുപ്പിനെ നയിച്ചയാൾ എന്നതും ഏറ്റവും ഒടുവിൽ കണ്ണൂരിലുണ്ടായ കരിങ്കൊടിസമരവുമൊക്കെ വീണയ്‌ക്കെതിരേ യുഡിഎഫ് പ്രചാരണായുധമാക്കുകയാണ്. ജില്ലക്കാരനല്ലാത്ത സ്ഥാനാർഥിയെ പരിചയപ്പെടുത്തി വശംകെടുമെന്ന പേടിയെ അബിനും സംഘവും നിഷ്പ്രയാസമാണ് മറികടന്നത്. ആറൻമുളയിലെ പലരേയും പേരെടുത്തുവിളിക്കാനുള്ള കുമ്മനത്തിന്റെ സ്വാധീനം വോട്ടായിമാറുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ ജയിക്കാവുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ആർഎസ്എസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറൻമുള വിമാനത്താവളത്തിനെതിരേനടന്ന പ്രക്ഷോഭവും ആറൻമുളയിലെയും പരിസരങ്ങളിലെയും സാംസ്‌കാരിക പരിപാടികളുടെ ചുക്കാൻപിടിക്കുന്നതും കുമ്മനത്തിനുള്ള വോട്ടായിമാറ്റാനാവുമെന്നാണ് എൻഡിഎ പ്രതീക്ഷ. കരുത്തരെ രംഗത്തിറക്കിയപ്പോഴെല്ലാം ആറൻമുളയിൽ വോട്ടുയർത്തിയ ചരിത്രം എൻഡിഎ ഉയർത്തിക്കാട്ടുന്നുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.ടി. രമേശിന് 37,906-ഉം കെ. സുരേന്ദ്രൻ മത്സരിച്ച 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 50,497 വോട്ടുമാണ് എൻഡിഎ നേടിയത്. 1957 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒൻപത് തവണ കോൺഗ്രസ് മുന്നണിയെയും ഏഴുതവണ ഇടതുമുന്നണിയെയും ആറൻമുള ചേർത്തുനിർത്തിയിട്ടുണ്ട്. 4. കോന്നിക്കോട്ട തിരികെപ്പിടിക്കാൻ യുഡിഎഫ്, ജനീഷിലൂടെ വീണ്ടും ചുവക്കുമോ കോന്നി പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, വളളിക്കോട്, തണ്ണിത്തോട്, സീതത്തോട്, കലഞ്ഞൂർ, ചിറ്റാർ, എനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കോന്നി നിയമസഭാ മണ്ഡലം. 1965-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർപട്ടിക പ്രകാരം 2,03737 വോട്ടർമാരാണുളളത്. സിപിഐഎമ്മിന്റെ കെ.യു ജനീഷ് കുമാറാണ് നിലവിലെ കോന്നി എംഎൽഎ. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കോന്നി നിയമസഭാ മണ്ഡലം. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ കരുത്തിൽ വർഷങ്ങളോളം യുഡിഎഫിന്റെ കോട്ടയായിരുന്നു കോന്നി. എന്നാൽ 2019-ലെ ഉപതിരഞ്ഞെടുപ്പിൽ കെ.യു ജനീഷ് കുമാറിലൂടെ ഇടതുപക്ഷം കോന്നി പിടിച്ചതോടെ പിന്നീട് ജില്ല തന്നെ ചുവന്നുതുടങ്ങി. കോന്നി പിടിക്കാൻ ഇത്തവണയും എൽഡിഎഫ് ജനീഷ് കുമാറിനെ തന്നെയാണ് കളത്തിലിറക്കിയിട്ടുള്ളത്. മണ്ഡലത്തിലെ നഷ്ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കാൻ സതീഷ് കൊച്ചുപറമ്പിലാണ് യുഡിഎഫിനായി കളത്തിലുള്ളത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസംതന്നെ കെ.യു. ജനീഷ്‌കുമാർ രംഗത്ത് ഇറങ്ങിയതോടെ ആദ്യ റൗണ്ടിൽ മേൽക്കൈ ഇടതുപക്ഷത്തിനായിരുന്നു. വൈകിയാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും സ്ഥാനാർഥിയാകും എന്ന കണക്കുകൂട്ടലിൽ യുഡിഎഫിലെ സതീഷ് കൊച്ചുപറമ്പിലും കോന്നി മണ്ഡലത്തിൽ സജീവമായിരുന്നു. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും കോന്നിയിൽ ഒരു കണ്ണ് വെച്ചാണ് സതീഷ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ചെറുതും വലുതുമായ കോൺഗ്രസ് പരിപാടികളെല്ലാം സതീഷ് കൊച്ചുപറമ്പിൽ ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. എൻഡിഎയിൽ ബിജെപിയായിരുന്നു വർഷങ്ങളായി കോന്നിയിൽ മത്സരിച്ചിരുന്നത്. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി. സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സുരേന്ദ്രൻ മത്സരിച്ചതോടെയാണ് ബിജെപിയുടെ പ്രധാന മണ്ഡലങ്ങളിൽ ഒന്നായി കോന്നി മാറുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചു. ഇത്തവണ ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുത്തു. എസ്എൻഡിപി യോഗം ഡയറക്ടർ കൂടിയായ ടി.പി. സുന്ദരേശൻ മത്സരിക്കുന്നു. മണ്ഡലത്തിലെ രാഷ്ട്രീയത്തിൽ മതപരമായ ധ്രുവീകരണത്തിന് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ശബരിമല സമരം കഴിഞ്ഞുളള തിരഞ്ഞെടുപ്പിലും ശബരിമല വിഷയം വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടില്ല. സിപിഎമ്മിന്റെ സംഘടനാ സംവിധാനവും ക്ഷേമപദ്ധതികൾ താഴെത്തട്ടിൽ എത്തിക്കാനുള്ള കഴിവും മണ്ഡലത്തിൽ അവർക്ക് കരുത്തേകുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഹിന്ദു കുടിയേറ്റ വിഭാഗങ്ങൾ, ശക്തമായ എസ്എൻഡിപി സ്വാധീനമുള്ള ഈഴവ സമുദായം, കൃഷിയും വ്യാപാരവും ചെയ്തുവരുന്ന ക്രൈസ്തവ കുടുംബങ്ങൾ എന്നിവരാണ് കോന്നിയിലെ പ്രധാന വോട്ടർമാർ. ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ.യു ജനീഷ്‌കുമാർ 2019-ലെ ഉപതിരഞ്ഞെടുപ്പിലാണ് മണ്ഡലത്തെ ഇടതു ചേരിയിലെത്തിക്കുന്നത്. അടൂർ പ്രകാശ് ലോക്‌സഭയിലേക്ക് പോയതോടെ 23 വർഷക്കാലം യുഡിഎഫിനോടൊപ്പം നിന്ന മണ്ഡലത്തെ തിരിച്ച് പിടിക്കാൻ എൽഡിഎഫ് നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു വിജയം. 2021-ലും ജനീഷ്‌കുമാറിന് വിജയം നേടാൻ കഴിഞ്ഞു. ആറരവർഷത്തെ പ്രവർത്തനം കൊണ്ട് നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം അറിയിക്കാൻ ജനീഷ് കുമാറിനായി. പുനലൂർ-പൊൻകുന്നം റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചത് പ്രധാനനേട്ടമാണ്. കോന്നി ഗവ-മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതും ജനീഷിന്റെ ഇടപെടൽ കൊണ്ടാണ്. 600 കോടി രൂപയ്ക്ക് മുകളിലാണ് മെഡിക്കൽ കോളേജിൽ നടത്തിയ വികസനങ്ങൾ. ഒന്നാം ബാച്ച് എംബിബിഎസ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കാൻ പോകുകയാണ്. മെഡിക്കൽ കോളേജ് റോഡിന്റെ വികസനവും നഴ്സിങ് കോളേജുകൾ, കുടിവെള്ള പദ്ധതി, സീതത്തോട് പാലം, ചിറ്റൂർ കടവ്, ഐരവൺ, ആവണിപ്പാറ പാലങ്ങൾ ഉന്നതനിലവാരത്തിലുള്ള റോഡുകൾ ഇതെല്ലാം കെ.യു. ജനീഷ്‌കുമാർ പ്രചാരണ ആയുധങ്ങൾ ആക്കുന്നുണ്ട്. അടൂർ പ്രകാശ് വീണ്ടും ജനവിധി തേടാൻ കോന്നിയിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾ സജീവമായിരുന്നെങ്കിലും, ഒടുവിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കുക എന്ന വലിയ വെല്ലുവിളിയാണ് യുഡിഎഫ് ക്യാമ്പിന് മുന്നിലുള്ളത്. 2019-ലെ ഉപതെരഞ്ഞെടുപ്പിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ വിജയിച്ചത്. കോൺഗ്രസിന്റെ പി. മോഹൻരാജിനെയാണ് അന്ന് തോൽപ്പിച്ചത്. പിന്നാലെ 2021-ലെ തിരഞ്ഞെടുപ്പിലും വിജയം ജനീഷിന് തന്നെയായിരുന്നു. ഇത്തവണ 8,508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ റോബിൻ പീറ്ററെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അടൂർപ്രകാശിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ശീതസമരമാണ് യുഡിഎഫിന് സീറ്റ് കൈവിട്ട് പോകാനുള്ള കാരണമായി അവർ വിലയിരുത്തുന്നത്. ഇത്തവണ സ്ഥാനാർഥിയാവാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അത്തരം പടലപിണക്കങ്ങൾ ഇല്ലെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. എൻഡിഎ സ്ഥാനാർഥി ടി.പി സുന്ദരേശന് ഇത് നിയമസഭയിലേക്ക് കന്നിയങ്കമാണ്. ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറർ, എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി, യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ, യോഗം കൗൺസിലർ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ, റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 5. അടൂരിൽ പുതുമുഖങ്ങളെ ഇറക്കി മുന്നണികൾ ഇത്തവണ പുതുമുഖ സ്ഥാനാർഥികളുമായാണ് ഇടത്, വലത് മുന്നണികൾ അടൂരിൽ മത്സരത്തിനിറങ്ങിയിരിക്കുന്നത്. എന്നാൽ എൻഡിഎ കഴിഞ്ഞ മത്സരത്തിലെ സ്ഥാനാർഥിയെ തന്നെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. 1965-ലാണ് അടൂർ നിയമസഭ മണ്ഡലം നിലവിൽ വരുന്നത്. അന്നുമുതൽ 2021-ലെ തിരഞ്ഞെടുപ്പുവരെ നോക്കിയാൽ ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളിൽ ഒഴികെ മുൻ മന്ത്രിയോ, എംഎൽഎയോ ഒക്കെ ഏതെങ്കിലും മുന്നണിയുടെ സ്ഥാനാർഥിയായി ഉണ്ടായിരുന്നു. അങ്ങനെയൊരു സ്ഥാനാർഥി ഇത്തവണ മത്സരത്തിനില്ല എന്ന പ്രത്യേകതയുണ്ട്. ഒരു സമയത്ത് വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമെന്ന് കരുതിയിരുന്ന മണ്ഡലം 2011 മുതൽ ഇടതുപക്ഷത്തിന്റെ കൈയിലാണ്. മലയോരവും വയലോരവും കൂടിച്ചേരുന്ന അടൂർ മണ്ഡലത്തിൽ സംസ്ഥാന, ദേശീയ വിഷയങ്ങളൊക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജില്ലയിലെ ഏക സംവരണ മണ്ഡലമാണ് അടൂർ. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത് ഇടതുപക്ഷമാണ്. എഐഎസ്എഫ് സംസ്ഥാന വൈസ്പ്രസിഡന്റും, കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ പ്രിജി കണ്ണനാണ് സിപിഐ സ്ഥാനാർഥിയായി അടൂരിൽ എത്തിയത്. ടേൺ വ്യവസ്ഥയെ തുടർന്ന് മൂന്നുതവണ എംഎൽഎയായ ചിറ്റയം ഗോപകുമാറിനെ ഒഴിവാക്കിയതോടെയാണ് പ്രിജിയെ സ്ഥാനാർഥിയായത്. യുവ സ്ഥാനാർഥി എന്നത് മുൻനിർത്തി സമൂഹമാധ്യമങ്ങൾ വഴിയും എൽഡിഎഫ് മികച്ച പ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയെ വൈകിയാണ് പ്രഖ്യാപിച്ചത്. അടൂരിൽ സ്ഥാനാർഥിയായി പരിഗണിക്കാത്തതിനെ തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടിയിൽനിന്നും രാജിവെച്ചിരുന്നു. അഡ്വ. സി.വി. ശാന്തകുമാറാണ് അടൂരിലെ കോൺഗ്രസ് സ്ഥാനാർഥി. മൂന്ന് തവണ അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത് അംഗവും രണ്ടുതവണ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ച പാരമ്പര്യമുണ്ട് ശാന്തകുമാറിന്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഏറ്റവും വൈകിയത് എൻഡിഎയാണ്. പല പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ 2021-ൽ മത്സരിച്ച അഡ്വ. പന്തളം പ്രതാപനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും മുൻ മത്സര പരിചയത്തിന്റെ കരുത്തിൽ പ്രതീക്ഷയർപ്പിച്ചാണ് പ്രതാപൻ കളത്തിലിറങ്ങിയിരിക്കുന്നത്. യുഡിഎഫിന് അടിത്തറയുള്ള മണ്ഡലമായി പരിഗണിച്ചിരുന്ന അടൂർ 2011 മുതലാണ് ഇടത്തേക്കുമാറിയത്. പഴയ പന്തളം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ചേർത്ത് 2011-ൽ അടൂർ സംവരണ മണ്ഡലമായി. 20 വർഷം കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു എം.എൽ.എ. 2011 മുതൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ അടൂരിനെ ഇടതുപക്ഷത്തിനൊപ്പം ചേർത്തു. അവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 2919 ആയിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എം.ജി. കണ്ണൻ ജീവിച്ചിരുന്നെങ്കിൽ ഇത്തവണ അടൂരിൽ വിജയം ഉറപ്പായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കൂടാതെ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയമാണ് നേടിയത്. അടൂർ നഗരസഭ, ഏഴംകുളം, ഏറത്ത്, കൊടുമൺ പഞ്ചായത്തുകളും പറക്കോട് ബ്ലോക്ക് പഞ്ചയത്തും യുഡിഎഫ് ഇടതുപക്ഷത്തുനിന്നും പിടിച്ചെടുത്തു. ഒപ്പം ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനും യുഡി.എഫ് പിടിച്ചെടുത്തു. തദ്ദേശത്തിന്റെ വിജയം നിയമസഭയിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പന്തളം നഗരസഭയിലെ ഭരണം നഷ്ടമായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യും മികവ് കാട്ടി. പന്തളം തെക്കേക്കരയിൽ ഭരണം പിടിച്ച എൻ.ഡി.എ. പഞ്ചായത്തുകളിലും അടൂർ നഗരസഭയിലും വോട്ടും സീറ്റും വർദ്ധിപ്പിച്ചു. 2019-ൽ കെ. സുരേന്ദ്രൻ ലോക്സഭ തിരഞ്ഞെടുപ്പിൽ അടൂരിൽനിന്ന് 51,260 വോട്ടുകൾ നേടിയിരുന്നു. ഇതൊക്കെയാണ് എൻ.ഡി.എ.യ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ.

അഞ്ചിൽ അഞ്ചും ചുവപ്പിച്ച 2021; പത്തനംതിട്ട ഇത്തവണ എങ്ങോട്ട് ചായും? വീണയ്ക്ക് പോരാട്ടം കടുക്കും
M
MathrubhumiSource Link
about 1 month ago